Ads 468x60px

Sunday, March 3, 2013

എന്റെ രാമേശ്വരം ദര്‍ശനം

ഴിഞ്ഞ ദിവസം ഫയ്സ്ബുക്കില്‍ ആരോ ഷയര്‍ ചെയ്ത ഇത് പോലെയുള്ള ഒരു  വീഡിയോ കണ്ടപ്പോള്‍  ആണ്  ഈ പോസ്റ്റ്‌ ഇടാന്‍ തോന്നിയത്.
                                                                                                                                                                                               














കുറച്ചുനാള്‍  മുമ്പ്  പാമ്പന്‍ പാലം ബോട്ട് തട്ടി കേടു പറ്റിയെന്നും റിപ്പയറിനായി അടച്ചിടുകയാണെന്നും പത്രങ്ങളില്‍ വാര്‍ത്ത‍ കണ്ടപ്പോള്‍ , ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെതും ഇന്ത്യയുടെ സപ്താത്ഭുതങ്ങളില്‍ ഒന്നുമായ ആ പാലം ഒന്ന്  കാണാന്‍ ഏറെ ആഗ്രഹം ഉണ്ടായെങ്കിലും എന്തോ താത്കാലിക അസൌകര്യം നിമിത്തം മനസ്സില്‍ നിന്നും വിട്ടുപോയി. കഴിഞ്ഞാഴ്ചയാണ് പിന്നെ ഓര്‍മ്മ വന്നത്. കൂടുതല്‍ ചിന്തിച്ചില്ല, അന്നു തന്നെ രാത്രിയിലുള്ള മധുര ബസ്സിനു യാത്ര തിരിച്ചു. രാവിലെ മധുരയിലെത്തി, മറ്റൊരു ബസ്സില്‍ രാമേശ്വരത്തേക്ക്  യാത്ര തുടര്‍ന്നു.


മധുരയില്‍ നിന്ന് 175 കി. മീ. അകലെയുള്ള   തമിഴ് നാടിന്‍റെ കിഴക്കേ തീരത്തുള്ള രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍  ദ്വീപിനെ  പ്രധാന കരയുമായി ബന്ധിപ്പിക്കുന്നതാണ് പാമ്പന്‍ പാലം. ഉച്ച സമയത്താണ് ഞാന്‍ സഞ്ചരിച്ചിരുന്ന ബസ്സ്  പാലത്തില്‍ പ്രവേശിച്ചത്. ഇടത് ഭാഗത്തായി സമുദ്രത്തില്‍ ജലവിധാനത്തില്‍ നിന്ന് അല്പം മുകളിലായി (ഏകദേശം രണ്ടു മീറ്റര്‍ ) റയില്‍ പാലം കാണാനായി. സമാന്തരമായി പോകുന്ന റോഡിനുള്ള പാലം വളരെ ഉയരത്തിലാണ്. ബസ്സില്‍നിന്നു നേരെ താഴേക്ക്‌ നോക്കിവേണം റയില്‍ പാലം കാണാന്‍ . 


1914 -ല്‍  ബ്രിട്ടീഷ്‌കാര്‍ പണിത  2.3 കി. മീ. നീളമുള്ള ഈ റെയില്‍ പാലത്തിന്റെ ഏകദേശം നടുവിലായി വലിയ ബോട്ടുകള്‍ക്ക് കടന്നു പോകാനായി രണ്ടു ഭാഗത്തുമായി പാളങ്ങള്‍ മേലോട്ട് തുറക്കപ്പെടുന്ന ക്രമീകരണങ്ങള്‍ കാണാം. ഈ പാലത്തിലെ ഏറ്റവും അത്ഭുതം ഉളവാക്കുന്ന സാങ്കേതിക വിദ്യയാണിത്. 


പാലം കടന്നാല്‍ പാമ്പന്‍ എന്ന ചെറിയ ടൌണ്‍ ആണ്. ഇനിയും പത്ത് കി. മീറ്റര്‍ ദൂരമുണ്ട്  രാമേശ്വരം എത്താന്‍ . ഉച്ചക്ക് ഒരു മണിക്കാണ് ഞാന്‍ അവിടെയെത്തിയത്. മുറി തന്ന ഹോട്ടലുകാരന്‍ പവര്‍ കട്ടിന്റെ കാര്യം മുന്‍കൂട്ടി അറിയിച്ചു: 3 മുതല്‍ 6 വരെയും രാത്രിയും രാവിലെയും ഓരോ മണിക്കൂര്‍ വേറെയും. രാത്രിയും പകലുമായി അര മണിക്കൂര്‍ വീതമുള്ള പവര്‍ കട്ടിന്റെ നാം അനുഭവിക്കുന്ന 'ദുരിതം' അവന്‍ മനസ്സിലാക്കി കാണും. എങ്കിലും രണ്ടു മണിക്ക് കറന്റ് പോയി. 

ഭക്ഷണം കഴിഞ്ഞു ഞാന്‍ മുറിയിലിരിക്കാന്‍ വയ്യാതെ പുറത്തിറങ്ങി. രാമേശ്വരത്തിനടുത്താണ്  ശ്രീലങ്കയില്‍ നിന്ന് പുലികള്‍ കടന്നു വന്നിരുന്ന ധനുഷ്കോടി എന്നറിയാം. കരയില്‍ നിന്ന് ഏറെ ദൂരം കടലിലേക്ക് തള്ളി നില്‍ക്കുന്ന ഒരു മുനമ്പ്‌ ആണ് ധനുഷ്കോടി. അവിടേക്ക് പോകുന്ന ഒരു ബസ്സില്‍ കയറി. 22 കി. മീറ്റര്‍ ദൂരമാണ് ധനുഷ്കോടിയിലേക്ക്.  അഞ്ചെട്ട്  കി. മീറ്റര്‍ കഴിഞ്ഞപ്പോള്‍ രണ്ടു ഭാഗത്തും തിരകള്‍ അധികമില്ലാത്ത കടലില്‍ കൂടിയുള്ള ഒരു സ്ട്രിപ് മാത്രമായി മാറി റോഡ്‌.... ചിലയിടങ്ങളില്‍ റോഡില്‍ നിന്നും മൂന്നോ നാലോ മീറ്റര്‍ മാത്രമേയുള്ളൂ വെള്ളത്തിലേക്ക്. മുനമ്പിലേക്ക്  അടുക്കുമ്പോള്‍ വീതി കൂടി വരുന്നുണ്ട്. അവിടെ  മണലില്‍ ഓല കൊണ്ടുള്ള  ചെറിയ കുടിലുകള്‍ കാണാം. ബസ്സ്‌ ചെന്നവസാനിക്കുന്നിടത്ത് പാനീയങ്ങളും അലങ്കാര വസ്തുക്കളും വില്‍ക്കുന്ന  കുറെ കടകളാണ്.  അവിടെ നിന്ന് രണ്ടു കി. മീറ്റര്‍ ദൂരം മുനമ്പിലേക്ക് മണലില്‍ കൂടെ ജീപ്പ് സര്‍വീസ്  ഉണ്ട്. പ്രത്യേകിച്ച്  ഒന്നും കാണാനില്ലെങ്കിലും ചിലരൊക്കെ  അതില്‍ കേറി  പോകുന്നതു കണ്ടു. കുറച്ചു സമയം അവിടെ ചെലവഴിച്ച്,  ചെരിഞ്ഞ സൂര്യരശ്മികള്‍ കണ്ണില്‍ തുളച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തിരിച്ചു പോന്നു. 


നേരത്തെ മനസ്സില്‍ കരുതിയ പോലെ അസ്തമയ സമയത്ത് പാലം സന്ദര്‍ശിക്കാന്‍ പാമ്പന്‍ എന്ന സ്ഥലത്തേക്ക്  ഞാന്‍ വീണ്ടും പോയി.  സമയം അഞ്ചര മണി ആയിരിക്കുന്നു, നല്ല സുഖമുള്ള കാറ്റും പ്രകൃതി ദൃശ്യങ്ങളും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. പാലത്തില്‍ നിന്ന്  താഴെ ഇറങ്ങി റയില്‍ പാലം അടുത്തു പോയി  കണ്ടു. വീണ്ടും മുകളില്‍ കയറി പാലത്തില്‍  കൂടെ ഏറെ ദൂരം നടന്നു, ഏകദേശം പകുതി വരെ. നടക്കാനായി സ്ലാബ് ഇട്ട പാതയുണ്ട്. ധാരാളം പേര്‍ വാഹനങ്ങള്‍ നിര്‍ത്തി ഫോട്ടോ എടുക്കുകയും ദൂരെ നോക്കി പ്രകൃതി ഭംഗി ആസ്വദിക്കുകയുമാണ്. എവിടെയും എന്ന പോലെ കൂട്ടത്തില്‍ ധാരാളം മലയാളികളും. ഞാനും ഫോട്ടോകള്‍ എടുത്തെങ്കിലും സൂര്യന്‍ എതിര്‍ ദിശയില്‍ ആയിരുന്നതിനാല്‍ റയില്‍ പാലത്തിന്റെ കൊള്ളാവുന്ന ഫോട്ടോകള്‍ കിട്ടിയില്ലെന്നത്  എനിക്ക് സങ്കടത്തിനു കാരണമായി. അതിനിടെ ഒരു ട്രെയിന്‍ കടന്നു പോയത്  വളരെ നല്ലൊരു  കാഴ്ചയായി. തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ അസ്തമയ സമയത്തെ ബാങ്ക് (മഗ്രിബ്) കേട്ടു. നോക്കിയപ്പോള്‍  പാമ്പന്‍ ഭാഗത്ത്  പാലത്തിന്റെ അവസാനമായി ഒരു പള്ളി മിനാരം ഏറെ ഉയര്‍ന്നു നില്‍ക്കുന്നു. പള്ളിയില്‍ കേറി നമസ്കാരത്തിനു ശേഷമാണ്  ഞാന്‍ പാമ്പനില്‍ നിന്ന് തിരിച്ചു ബസ്സ്‌ കയറിയത്. 




രാമേശ്വരത്ത്  രാത്രിയായപ്പോള്‍ ക്ഷേത്ര പരിസരങ്ങളില്‍  ഭക്തജനങ്ങളും വിനോദസന്ദര്‍ശകരുമായി നല്ല തിരക്കായിരുന്നു. സമുദ്ര തീരത്ത്‌ തന്നെയുള്ള ആ ക്ഷേത്രം ഏറെ സുന്ദരമായി കണ്ടു. പുറത്തെ വലിയ ബോര്‍ഡിലെ വഴിപാടുകളുടെ ചെലവു പട്ടികയില്‍ കണ്ണോടിച്ചപ്പോള്‍ ആരാധനയും സാധാരണക്കാരന്  അപ്രാപ്യമാകുമോ എന്നൊരു സംശയം തോന്നി. രാത്രി ഹോട്ടലില്‍ തങ്ങി പിറ്റേ ദിവസം രാവിലെ നേരത്തെ തന്നെ ഞാന്‍ മധുരയിലേക്ക് തിരിച്ചു. അവിടെ കൂടുതല്‍ തങ്ങാതെ നാട്ടിലേക്കും. വഴിയില്‍ കൊടൈകനാലും  പഴനിയും കൂടെ സന്ദര്‍ശിച്ചു അടുത്ത ദിവസം അതിരാവിലെയാണ്  വീട്ടില്‍  തിരിച്ചെത്തിയത്.

           *          *          *           *             *           *            *

മേമ്പൊടി : പാമ്പനില്‍ മഗ്രിബ്  നമസ്കാരത്തിനു ശേഷം പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ പള്ളിയുടെ വരാന്തക്കടുത്തായി ഒരു അമുസ്ലിം സ്ത്രീ നില്‍ക്കുന്നു. അവരുടെ മുഖത്തെ  ഭീതിയും  ആകാംക്ഷയും കണ്ടപ്പോള്‍  എന്തോ പ്രശ്നം ഉണ്ടായെന്നു ഞാന്‍ സംശയിച്ചു.  അവര്‍   ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന   ഭാഗത്തേക്ക്  നോക്കിയപ്പോള്‍  വരാന്തയുടെ അറ്റത്തായി, തലയില്‍ വലിയ കെട്ടും തിങ്ങി വളര്‍ന്നു നീണ്ട താടിയുമുള്ള  ഒരു  മൌലവി ഇരിക്കുന്നു. അയാളുടെ മുമ്പിലായി അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയും. മൌലവിയുടെ കയ്യിലിരിക്കുന്ന സ്റ്റീല്‍ ഗ്ലാസില്‍ കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു ഊതിയതിനു ശേഷം അതിലിരുന്ന വെള്ളത്തില്‍ കൈ മുക്കി കുട്ടിയുടെ മുഖത്തും കണ്ണിലും  ശക്തിയോടെ  തെറിപ്പിച്ചു. കുറച്ചു വെള്ളം  കുട്ടിയുടെ വായിലും ഒഴിച്ചുകൊടുത്തു.  ബാക്കി വെള്ളമുള്ള ഗ്ലാസ്‌  സ്ത്രീയുടെ നേരെ നീട്ടി മൌലവി എന്തോ ഉച്ചത്തില്‍ പറഞ്ഞു. അവര്‍  ഗ്ലാസ്‌ വാങ്ങി അല്പം മാറിനിന്നു വെള്ളം മുഴുവന്‍ കുടിച്ചു, തിരിച്ചു  വന്നു.  അപ്പോള്‍  അവരുടെ മുഖത്ത് മാറിവന്ന ആശ്വാസം നിഴലിച്ചത്  കാണാമായിരുന്നു.  കുട്ടിയുടെ കൈ പിടിച്ചു  അവര്‍ നടന്നു പോയപ്പോള്‍  എന്റെ മനസ്സില്‍  സംശയം ജനിക്കുകയായിരുന്നു: ഇതല്ലേ  ഡോ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങളില്‍ വായിച്ച  മതസൌഹാര്‍ദ്ദം ? അല്ലെങ്കില്‍  സൌഹാര്‍ദ്ദത്തിനു വഴി മാറിക്കൊടുക്കുന്ന  തികഞ്ഞ അന്ധവിശ്വാസമോ ?

(കുട്ടിക്കാലത്ത്  അസുഖം വന്നാല്‍ നാട്ടു വൈദ്യന്മാരെയാണ്‌  പ്രധാനമായും  സമീപിച്ചിരുന്നത്. അവര്‍ കുറിച്ച് തരുന്ന  കഷായ ചീട്ടില്‍  അവസാനമായി,  കഷായം പാകം ചെയ്തതിനു ശേഷം ചേര്‍ക്കാനുള്ള  മേമ്പൊടി എഴുതിയത്  കണ്ടിരുന്നപ്പോള്‍  പലപ്പോഴും എന്റെ കൊച്ചു മനസ്സില്‍  തോന്നിയിരുന്നു, ഇത് കൂടെ നേരത്തെ തന്നെ ചേര്‍ത്താല്‍  എന്താണ് വ്യത്യാസം ? അങ്ങനെ ചേര്‍ത്താല്‍ ചേരില്ലെന്ന്   പിന്നീടു മനസ്സിലാക്കാന്‍ കഴിഞ്ഞു.)

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text