Ads 468x60px

Wednesday, November 20, 2013

"ബലീപ്പാ, ഹ്ക്കൂള്‍, നാള പോകാ.."

"ബലീപ്പാ, ഹ്ക്കൂള്‍,  നാള  പോകാ.." 

ഇതാണ് ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ മൂന്നര വയസ്സുകാരന്‍  അസിം ഖയാല്‍ എന്നോട്  വന്നു പറയുന്നതു . കളിക്കാനുള്ള  സൌകര്യങ്ങളും സാമഗ്രികളും കൂടുതലില്ലാത്ത പ്ലേ സ്കൂള്‍ ആയതു കൊണ്ടായിരിക്കാം ഒരു പക്ഷെ സ്കൂളില്‍ പോകുന്നതിന്നു പ്രത്യക്ഷത്തിലുള്ള അവന്റെ മടിയും അടുത്ത ദിവസത്തേക്കുള്ള നീട്ടിവെപ്പും അല്ലെങ്കില്‍ വീട്ടിലെ കളികളായിരിക്കും അവന്ന്‍ കൂടുതലിഷ്ടം ആര്‍ഭാടങ്ങള്‍ കുറവാണെങ്കിലും വീട്ടിനടുത്ത് തന്നെയായത് കാരണമാണ് ആ സ്കൂള്‍ തന്നെ മതിയെന്ന് ഞങ്ങള്‍ കരുതിയത്. 

ഞാന്‍ സമ്മതം മൂളിയാലോ മറ്റു വിധത്തില്‍ താല്‍കാലികമായി സമ്മതിച്ചാലോ തുടര്‍ന്ന് കൊണ്ടേയുള്ള അവന്റെ നീട്ടിവെപ്പ് പ്രഖ്യാപനം അവന്‍ നിര്‍ത്തില്ല, അന്തിമമായി ഞാന്‍ അതേറ്റു പറയുന്നത് വരെ. 

"ങാ.  സ്കൂളില്‍ നാളെ പോകാം". 

തിരിച്ചു വരുമ്പോള്‍ ചോക്കി (ചോക്ലറ്റ്) വാങ്ങി തരാമെന്നോ ളുളു (ലു ലു) വില്‍ പോകാമെന്നോ അല്ലെങ്കില്‍ അവനിഷ്ടമുള്ള  മറ്റു വല്ലതും നല്‍കാം എന്നോ പറഞ്ഞു ഫലിപ്പിച്ച് പത്ത് മണിയാവുമ്പോള്‍ മിക്ക ദിവസവും അവനെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി ഒരു വിധത്തില്‍  പുറത്തിറക്കാന്‍ കഴിയുന്നുണ്ട്.  ഇതിനിടെ അവന്‍ എത്രയോ തവണ നീട്ടിവെപ്പ് പ്രഖ്യാപന പരമ്പര ആവര്‍ത്തിച്ചു കാണും. എന്റെ  ഏറ്റുപറച്ചിലും. 

"ബലീപ്പാ, ഹ്ക്കൂള്‍, നാള  പോകാ.." 
" ങാ. സ്കൂളില്‍ നാളെ പോകാം". 


ഒന്നാലോചിക്കുമ്പോള്‍ അവന്റെ നീട്ടിവെപ്പ്  സാരമാക്കാനില്ല. എങ്കിലും ഈ ചെറുപ്രായത്തില്‍ തന്നെ മനസ്സില്‍ നീട്ടിവെപ്പിന്റെ വിത്ത്  മുളച്ചതായി അറിയുമ്പോള്‍ അത്ഭുതത്തിന്  വകയുണ്ട്.

        *             *             *             *             *           * 

നമ്മളില്‍ ഭൂരിപക്ഷവും പൊതുവില്‍ സമാന സ്വഭാവങ്ങളുടെ തീക്ഷണ ദശയില്‍ ഉള്ളവരാണ്. ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ സ്വയം പല കാരണങ്ങള്‍ ഉന്നയിച്ചു അടുത്ത ദിവസങ്ങളിലേക്ക് മാറ്റി വെക്കുകയും അടുത്ത ദിവസങ്ങളില്‍ വീണ്ടും വീണ്ടും മാറ്റിവെക്കുകയും ചെയ്യുന്ന നമ്മുടെ മാനസിക അവസ്ഥയാണ്‌ സൂചിപ്പിക്കുന്നത്. അവസാനം ജോലികള്‍ ചെയ്തു തീര്‍ക്കേണ്ട അന്തിമ സമയം ആവുമ്പോള്‍ ധൃതി കൂട്ടി എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുകയാണ്  നമ്മുടെ പതിവ്.  

ഉത്തരവാദപ്പെട്ട സാധാരണ ജോലികള്‍ മാറ്റിവെച്ചു ആനന്ദകരവും എളുപ്പവുമായ കാര്യങ്ങള്‍ ചെയ്യുന്നതും, ഒരു ജോലി ചെയ്യാന്‍ നിശ്ചയിച്ച സമയവും അത്  പ്രായോഗികമായി ചെയ്യുന്ന സമയവും തമ്മില്‍ പറയത്തക്ക വലിയ കാലാന്തരം ഉണ്ടാവുന്നതും നീട്ടിവെപ്പിന്റെ ലക്ഷണങ്ങള്‍ ആണ്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഈ സ്വഭാവം ഒരു അസുഖമായി മാനസിക ശാസ്ത്ര ഗവേഷകര്‍ കണക്കാക്കുന്നു. സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിയുടെയും  ഉത്‌പാദന ശേഷിയുടെയും തളര്‍ച്ചയുടെ ഒരു പ്രധാന കാരണം ഈ അസുഖമാണ്. പ്രത്യക്ഷത്തില്‍ ഇത് പലര്‍ക്കും അംഗീകരിക്കാന്‍ പ്രയാസമാണെങ്കിലും എതു ജോലിയും കൃത്യ സമയത്ത് തുടങ്ങുകയും ശരിയായ പദ്ധതി അനുസരിച്ച് ചെയ്ത് തീര്‍ക്കുകയും ചെയ്യുമ്പോള്‍ ഉത്പാദന ശേഷി വളരെയധികം മെച്ചപ്പെടുമെന്നു എല്ലാവരും സമ്മതിക്കുന്നു.

പലര്‍ക്കും ജോലികള്‍ മാറ്റി വെക്കുകയെന്നത് അവരുടെ ഇംഗിതങ്ങള്‍ ആണെങ്കിലും  ഉപരി ഒരു സ്വഭാവ വിശേഷമാണ്. ജോലികള്‍ ക്ലിപ്ത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുന്നതിന്നു പ്രാധാന്യവും മുന്‍ ഗണനയും നല്‍കുകയെന്നത് വളരെയധികം പ്രയാസമുള്ള കാര്യമാണവര്‍ക്ക്.  എന്ത് ജോലിക്കും നല്ല മൂഡും (mood) മുഹൂര്‍ത്തവും വന്നു ചേരാന്‍ കാത്തിരിക്കുകയാണ് എപ്പോഴും. 

ചെയ്യാനുള്ള ജോലി എന്തോ വലിയ നിലയില്‍ ചെയ്യേണ്ടതാണെന്നും തങ്ങള്‍ക്കു അപ്രകാരം ചെയ്യാനുള്ള ശാരീരികവും സാങ്കേതികവുമായ  കഴിവ് ഉണ്ടോയെന്നും വേണ്ടത്ര സമയം ലഭിക്കുമോയെന്നും അവര്‍ ഭയക്കുകയും സംശയിക്കുകയും ചെയ്യുന്നു. അസൌകര്യവും ആകുലതയും ഉളവാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ മടിക്കുന്നു. പക്ഷെ ചെയ്യാതിരുന്നാല്‍ ജോലി തനിയെ ഇല്ലാതാവുന്നില്ല, മറ്റൊരാള്‍ അത് ചെയ്യുന്നുമില്ല  എന്നതിനാല്‍ അവര്‍ക്ക് സംഘര്‍ഷം കൂടുന്നു. ജോലിയില്‍ വന്ന അനാസ്ഥയില്‍ കുറ്റബോധം തോന്നുകയും അതു പരിഹരിക്കുന്നതിന് ശ്രമിക്കാതെ കുറ്റബോധത്തില്‍ നിന്ന്  സ്വയം അകന്നു നീട്ടിവെപ്പ്  തുടരുകയും ചെയ്യുന്നു. നീട്ടിവെപ്പ് പതിവാക്കിയവര്‍ അവരെന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നുവെന്നു ചിന്തിക്കുന്നില്ല. ഇങ്ങനെ ഒക്കെ മതി എന്നൊരു ധാരണ മാത്രമാണവര്‍ക്ക്. ചിലപ്പോള്‍  ജോലി നിസ്സാരവല്‍ക്കരിച്ചാണ്  നീട്ടിവെക്കുന്നത്.

ദിനേന വ്യത്യസ്തങ്ങളായ ധാരാളം ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ളവര്‍ക്ക് ഈ നീട്ടിവെപ്പ് സ്വഭാവം ദൂരീകരിച്ച്‌ കൂടുതല്‍ വിശ്വാസ്യതയും ഉത്പാദന ക്ഷമതയുമുള്ള വ്യക്തികളാകാന്‍ തോന്നുന്നുവെങ്കില്‍ ഇനി പറയുന്ന ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.  

ചെയ്യാനുള്ള ജോലികളുടെ മുന്‍ഗണന അടിസ്ഥാനമാക്കി  ഒരു ദൈനംദിന സമയക്രമ പട്ടിക  ഉണ്ടാക്കുകയാണ് ഏറ്റവും പ്രധാനമായത്. കൂടുതല്‍ കാലയളവ് വേണ്ടുന്ന ജോലികള്‍ പറ്റുമെങ്കില്‍  സൌകര്യപ്രദമായി വിഭജിച്ച്  ചേര്ക്കാവുന്നതാണ്‌. ജോലികള്‍ക്ക് വേണ്ട സമയം ക്ലിപ്തപ്പെടുത്താന്‍ ഇത് സഹായമാവും. മൊബൈലില്‍ ഇപ്പോള്‍ ലഭ്യമായ ധാരാളം വിവരണങ്ങളും പദ്ധതികളും അടങ്ങിയ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ കലണ്ടര്‍ ആവശ്യകത അനുസരിച്ച് തെരഞ്ഞെടുത്ത്  ഉപയോഗിക്കാനും  പറ്റും.

ഓരോ ദിവസവും അതാതുദിവസത്തെ പട്ടിക പരിശോധിച്ചു ജോലികള്‍ ചെയ്തു തുടങ്ങാം. സമയോചിതമായി പട്ടികയിലെ ഏറ്റവും വലിയ കാര്യം ആദ്യം ചെയ്തു തീര്‍ക്കുകയാണെങ്കില്‍ കൂടുതല്‍  ഉത്പാദന ക്ഷമതയും ബാക്കി കാര്യങ്ങള്‍  ചെയ്യാനുള്ള മാനസികമായ തിടുക്കവും കൂടും എല്ലാം ചെയ്തു തീര്‍ക്കണമല്ലോ എന്ന ഭീതി കലര്‍ന്ന  ചിന്ത ഒഴിവാക്കി ഒരേ സമയം ഒന്ന്  മാത്രമായി ജോലി ചെയ്യുക. 

വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും മറ്റു വിശ്രമങ്ങളില്‍ മുഴുകുന്നതും ജോലിക്ക് ശേഷമായിരിക്കുക സമയം ആവശ്യത്തില്‍ കൂടുതല്‍ ലഭ്യമാണെങ്കിലും ഈ രീതി തന്നെ പാലിക്കുക. അങ്ങനെയാവുമ്പോള്‍ ജോലി ചെയ്തു കഴിഞ്ഞ മാനസികമായ ആശ്വാസവും സംതൃപ്തിയും കാരണം  വിനോദവും വിശ്രമവും കൂടുതല്‍  ആസ്വാദ്യകരമാവും.

ചെയ്യുന്ന ജോലികളെ ഒരിക്കലും തരം താഴ്ത്തി കാണാതിരിക്കുക. ഓരോ ജോലിക്കും  ആവശ്യമായ തയാറെടുപ്പും ബുദ്ധിമുട്ടും കാലയളവും വേണ്ട വിധത്തില്‍  തിട്ടപ്പെടുത്തുകയും അതിനനുസരിച്ച് സമയവും സൌകര്യവും കണ്ടെത്തുകയും ചെയ്യുക. ചെയ്യുന്ന എല്ലാ ജോലിയിലും അതീവ വൈദഗ്ധ്യം അനിവാര്യമാണെന്ന ചിന്ത ഉപേക്ഷിക്കുകയും സ്വന്തം കഴിവ് മനസ്സിലാക്കുകയും ചെയ്യുക.

ഒന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുവാന്‍ സ്വയം അനുവദിക്കാതിരിക്കുക.  മനസ്സില്‍  ഇങ്ങനെ ഒരു മുന്‍ കരുതല്‍ ഉണ്ടായിരുന്നാല്‍ , വെറുതെയിരിക്കുമ്പോള്‍ ഉപബോധ മനസ്സില്‍ ഒരു അലാറം ഓര്‍മ്മപ്പെടുത്താന്‍ ഉണ്ടാകും. (ഇതെന്റെ അനുഭവത്തില്‍ നിന്ന് തന്നെയാണ്). എങ്കിലും അനിവാര്യമായ വിശ്രമത്തിന് പ്രത്യേകം സമയം കണക്കിലെടുക്കണം. വിശ്രമവും വെറുതെ ഇരിക്കലും  ഒരു പോലെയല്ല. 

ജോലിയില്‍ ഏകാഗ്രത നഷ്ടപ്പെടുകയും താല്പര്യമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ സൌകര്യപൂര്‍വ്വം  ചെറിയ ഇടവേള ആകാം ഒന്ന്‍ മയങ്ങാനോ അഭിരുചിയുള്ള എന്തെങ്കിലും വായിക്കാനോ കൂട്ടുകാരുമായി സല്ലപിക്കാനോ ഇഷ്ടമുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാനോ ഈ സമയം ഉപയോഗപ്പെടുത്താം. തിരിച്ചു വീണ്ടും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇത് മൂലം കൂടുതല്‍ ഉന്മേഷം അനുഭവപ്പെടുകയും കൂടുതല്‍ ജോലി ചെയ്തു തീര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു.

സ്വന്തം ഉത്തരവാദിത്വങ്ങളെ പറ്റി ബോധവാന്മാരായിരിക്കുക. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മാത്രം ജോലി ചെയ്യുന്ന രീതി ഒഴിവാക്കുക. കാലപരിധിയില്ലാത്ത ജോലികള്‍ക്ക് സ്വയം പരിധി നിശ്ചയിക്കുക. ജോലി ചെയ്ത് തീര്‍ക്കുന്നതിനു സമ്മാനവും അലസതക്ക് ശിക്ഷയും സ്വയം ഏര്‍പ്പെടുത്തുന്നത് തമാശയായി തോന്നുമെങ്കിലും കാര്യമായി എടുക്കാം. നീട്ടിവെപ്പ് കാരണമായുണ്ടാകുന്ന പ്രയാസങ്ങളും നഷ്ടങ്ങളും മനസ്സില്‍ കാണുക. ജോലി യഥാസമയം  ചെയ്തു തീര്‍ത്താല്‍ ലഭ്യമാവുന്ന ഒഴിവു സമയം, മാനസിക സ്വസ്ഥത, പണം, മറ്റു നേട്ടങ്ങള്‍ എന്നിവ മനസ്സില്‍ കണ്ടുകൊണ്ട് ജോലി തുടരുകയാണെങ്കില്‍ ലക്ഷ്യപ്രാപ്തി എളുപ്പമായിരിക്കും. 

ജോലികള്‍ സ്വയം ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ പ്രാപ്തരായ കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ സഹായം തേടാം. അവരെ മേല്‍നോട്ടത്തിനായി ഏര്‍പ്പാട് ചെയ്യാം. എങ്കിലും അവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് നീട്ടിവെപ്പ് തന്നെ.  

നീട്ടിവെപ്പ് സ്വഭാവം തനിക്കുണ്ടെന്ന് സ്വയം തിരിച്ചറിയുന്നതും അതിന്നുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതും ഒരു പരിഹാര മാര്‍ഗമാണ്. കാര്യങ്ങളില്‍ എളുപ്പവും വേഗത്തിലും തീരുമാനങ്ങള്‍ എടുക്കുന്ന ശീലം ആര്‍ജ്ജിക്കുകയാണ് മറ്റൊന്ന്.

     *             *             *             *             *            *             *             *

അനുബന്ധം (അഥവാ ഒരു കുറ്റസമ്മതം) : ഈ പോസ്റ്റ്‌ എഴുതാന്‍ തീരുമാനിച്ചിട്ട് ദിവസങ്ങള്‍ കുറെയായി. പക്ഷെ പട്ടികയില്‍ നിന്ന് പട്ടികയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.


Wednesday, September 25, 2013

പച്ച കല്ലുകള്‍ വെച്ച മോതിരം

ഴിഞ്ഞ മഴക്ക് മുമ്പ് ഞങ്ങളുടെ വീടിന്റെ മുന്നിലെ റോഡില്‍ റീ ടാറിംഗും ഗേറ്റിനടുത്ത് സ്ലാബുകള്‍ പൊക്കി ഓവ് ചാലുകള്‍ ശുചീകരണവും നടത്തിയപ്പോള്‍ ഓവില്‍ നിന്ന് നീക്കം ചെയ്ത മണ്ണ് വണ്ടിയില്‍ കേറ്റുന്നതിനിടക്ക് കുറച്ചു ചട്ടികള്‍ ഞങ്ങളുടെ പുരയിടത്തില്‍ നിക്ഷേപിക്കാന്‍ ഞാന്‍ ജോലിക്കാരോട് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ മണല്‍ കലര്‍ന്ന മണ്ണായതിനാല്‍ ചെടിച്ചട്ടികളില്‍ ആവശ്യത്തിന് വേണ്ടപ്പോള്‍ ചേര്‍ക്കാന്‍ വെക്കുകയായിരുന്നു എന്‍റെ ഉദ്ദേശം. പിന്നീട് കുറച്ചു ചെടികള്‍ മുളക്കാനായി ഞാന്‍ അതില്‍ കുത്തി വെക്കുകയും ചെയ്തു.

രണ്ടു ദിവസം മുമ്പ് ഭാര്യ സുഹ്റ ആ മണ്‍കൂമ്പാരത്തില്‍ നിന്ന് കുറച്ചു മുളച്ച  ചെടികള്‍ പറിച്ചു മാറ്റുകയും  മണ്ണ് വാരുകയും ചെയ്തപ്പോള്‍ പച്ച കല്ലുകള്‍ പതിച്ച ഒരു ചെറിയ മോതിരം കിട്ടി. ഓണം അവധിക്ക് വീട്ടില്‍ വന്നിരുന്ന താല്‍ക്കാലിക ജോലിക്കാരിയുടെ കുട്ടിക്ക് കൊടുക്കാമെന്നു കരുതി അവളത് എടുത്തു വെച്ചു. 

കഴുകി വൃത്തിയാക്കിയപ്പോള്‍ മോതിരത്തിന് നല്ല തിളക്കമുണ്ട്. വളരെ മുമ്പ് മുതലെ ഞങ്ങളുടെ വീട്ടിലുള്ള പ്രായം ചെന്ന അടുക്കള സഹായിയായ പാതിമതാത്തക്ക് മോതിരം കണ്ടപ്പോള്‍, മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സഫല്‍ കരഞ്ഞുകൊണ്ട് മുന്നില്‍ നില്‍ക്കുന്ന രംഗവും വലിയുമ്മ വാങ്ങിക്കൊടുത്ത് വിരലിലിലിട്ട രണ്ടാം ദിവസം തന്നെ നഷ്ടമായ പച്ച കല്ലുകള്‍ പതിച്ച സ്വര്‍ണ മോതിരവും നന്നായി ഓര്‍മ്മ വന്നു. സുഹ്റക്കും പിന്നെ അത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഗേറ്റിനടുത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആണ് മോതിരം വീണ് പോയതെന്ന് സഫല്‍ അന്ന് പറഞ്ഞിരുന്നത് അവള്‍ ഓര്‍ക്കുകയും ചെയ്തു. 

ഏറെ ഇഷ്ടപ്പെട്ടിരുന്ന മോതിരം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം  വീണ്ടും കണ്ടപ്പോള്‍ വൈകുന്നേരം എന്ട്രന്‍സ് ക്ലാസ് കഴിഞ്ഞു വന്ന സഫലിന്റെ മുഖത്ത്, അതിനേക്കാള്‍ തിളക്കമുണ്ടായിരുന്നു. കാലം മായ്ക്കാത്ത തിളക്കം. 


മോതിരത്തെപറ്റി നേരത്തെ അറിവ് ഒന്നുമില്ലാതിരുന്ന എനിക്ക് മറ്റൊരു സംഭവമാണ് ഓര്‍മ്മ വന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ ജോലിയിലിരിക്കെ ലീവില്‍ നാട്ടില്‍ വരുന്നതിന്റെ തലേ ദിവസം ബ്രീഫ് കേസ് വൃത്തിയാക്കിയപ്പോള്‍ അതിലിരുന്ന പഴയ കടലാസുകളും മറ്റും അടുക്കള മാലിന്യങ്ങളുടെ കൂടെ പ്ലാസ്ടിക് കവറിലിട്ട് പതിവ് പോലെ രാത്രിയില്‍ തന്നെ ഫ്ലാറ്റിനു പുറത്ത് റോഡരികില്‍ വെച്ചിരുന്നു. യാത്രാദിവസം രാവിലെ ഓഫീസില്‍ പോകാന്‍ നേരത്താണ് ടിക്കെറ്റും ഡ്രാഫ്റ്റും വാങ്ങാന്‍ പണത്തിനായി, നേരത്തെ സുഹ്റയെ ഏല്പിച്ചിരുന്ന ലീവ് സാലറിയും സ്നേഹിതന്‍ കടം വാങ്ങി തിരിച്ചു നല്‍കിയ തുകയും അടങ്ങിയ കവര്‍ ഞാന്‍ ആവശ്യപ്പെട്ടത്. ബ്രീഫ് കേസില്‍ വെച്ചിട്ടുണ്ടെന്ന് അവള്‍ അറിയിച്ചപ്പോള്‍ അതില്‍ നോക്കാതെ തന്നെ ഒരു ഞെട്ടലോടെ ഞാന്‍ താഴേക്ക് ഓടുകയായിരുന്നു. റോഡരികില്‍ രാത്രി വെച്ച പ്ലാസ്ടിക് കവറെടുത്ത് തിരിച്ചു നടക്കുമ്പോള്‍ അടുത്ത ബില്‍ഡിങ്ങിന് മുമ്പില്‍ നിന്ന് മുന്നോട്ട് വരുന്ന മാലിന്യം അരച്ചുകൊണ്ടുപോകുന്ന ട്രക്കിന്റെ ഡ്രൈവര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. 

പന്ത്രണ്ടായിരത്തില്‍ കൂടുതല്‍ റിയാല്‍ സംഖ്യയുണ്ടായിരുന്ന കവറുമായി അന്ന് ഓഫീസില്‍ പോകുമ്പോള്‍ എന്‍റെ മനസ്സില്‍ അലൌകികമായ കുറെ ചിന്തകള്‍ ഘോഷയാത്ര നടത്തി.

അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.

Monday, May 27, 2013

സമയം നിര്‍ണ്ണയിക്കുന്ന കാലടികള്‍

ച്ചയൂണ്  കഴിഞ്ഞ്  സന്ദര്‍ശകമുറിയില്‍ സോഫയില്‍ ഇരുന്നു ഞാന്‍ ഒരു പുസ്തകം വായിച്ചു തുടങ്ങി. തറയില്‍ കാര്‍പെറ്റില്‍ ഇരുന്നു അസിം ഖയാല്‍ (മൂന്നു വയസ്സുകാരന്‍ പേരക്കുട്ടി) ഐപാഡില്‍ ഏതോ ഗയിം കളിച്ചു കൊണ്ടിരിക്കുകയാണ്. ഉച്ചയുറക്കം ശീലവും ഇഷ്ടവുമല്ലെങ്കിലും വായിക്കാന്‍ ഇരുന്നാല്‍ കുറച്ചു കഴിയുമ്പോള്‍  ഉറക്കം കണ്‍ പോളകളില്‍ തൂങ്ങി നില്‍ക്കും. പ്രത്യേകിച്ച് , വായിക്കുന്നത് കഥാസാഹിത്യം അല്ലാത്ത വല്ലതുമാണെങ്കില്‍. ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ ഉറങ്ങാന്‍ കിടന്നാല്‍ ഇത്തരം എന്തെങ്കിലും വായിക്കുന്നത് പരീക്ഷിക്കട്ടെ.  കണ്ണുകള്‍ അടഞ്ഞോ എന്നറിയില്ല ഐപാഡില്‍ നിന്ന്  "അള്ളാഹു അക്ബര്‍, അള്ളാഹു അക്ബര്‍" എന്ന ഈണത്തിലുള്ള നീട്ടിയ ശബ്ദം കേട്ടു; അസര്‍ നമസ്കാരത്തിനുള്ള സമയമായി എന്നറിയിക്കുകയാണ് ഐപാഡ്. അപ്പോഴേക്കും പുറത്ത് പള്ളികളില്‍ നിന്നും ബാങ്ക് വിളി തുടങ്ങി.



ബാങ്ക് വിളി വ്യക്തമായി കേള്‍ക്കാവുന്ന ഏഴോ എട്ടോ പള്ളികളുണ്ട് വീട്ടിനു ചുറ്റുമായി. ഇനി ഒരു പതിനഞ്ച് മിനിറ്റ്  സമയമെങ്കിലും ബാങ്ക് വിളി തുടര്‍ന്ന് കേള്‍ക്കാം. വ്യത്യസ്ഥ ശബ്ദത്തിലും ഈണത്തിലുമായി ഒന്നിന് പിറകെ മറ്റൊന്നായും കൂടിക്കലര്‍ന്നും അന്തരീക്ഷത്തില്‍ പൊടിപടലം പോലെ പടരുന്നു ബാങ്കുവിളികള്‍. പള്ളികള്‍ നടത്തുന്ന സംഘടനകള്‍ക്കനുസരിച്ചും പള്ളികളിലെ ക്ലോക്കുകള്‍ക്കനുസരിച്ചും സമയത്തില്‍ വരുന്ന വ്യതിയാനമാണ്  മൂന്നു മിനുട്ട് പോലും നീണ്ടു നില്‍ക്കാത്ത ബാങ്ക് വിളിക്ക് ഇത്രയും സമയ ദൈര്‍ഘ്യം ഉണ്ടാവുന്നതും ഒരു ബാങ്ക് പരമ്പര തന്നെയാവുന്നതും. ഈ പരമ്പരയുണ്ടാക്കുന്ന  അസ്വസ്ഥത ഒഴിവാക്കുവാനും നമസ്കാരത്തിന്റെ സമയം ക്ളിപ്തവും ഏകീകൃതവും ആക്കുവാനും വേണ്ടിയാണു യു. എ. ഇ. പോലുള്ള ഗള്‍ഫ് നാടുകളില്‍ കേന്ദ്രീകൃത ബാങ്ക് വിളി സമ്പ്രദായം ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് അസ്വാരസ്യങ്ങള്‍ പുറത്തു വന്നെങ്കിലും പദ്ധതി ഒരു വിജയമാണ്. ഒരു പ്രവിശ്യയിലെ ഏതെങ്കിലും പള്ളി തെരഞ്ഞെടുത്ത് അവിടെ നിന്നും വിളിക്കുന്ന ബാങ്ക് റേഡിയോ വഴി പ്രത്യേക ബാന്‍ഡില്‍ പ്രക്ഷേപണം നടത്തുകയും മറ്റുള്ള പള്ളികളില്‍ നിന്ന് തത്സമയം തന്നെ മൈക്കില്‍ ഈ പ്രക്ഷേപണം പുറത്ത് വിടുകയുമാണ് ഈ പദ്ധതി വഴി ചെയ്യുന്നത്. ക്ലിപ്ത സമയത്ത് തന്നെ ഒരു പരിസരത്തെ എല്ലാ പള്ളികളില്‍ നിന്നും ഒരേ ശബ്ദത്തില്‍  പുറത്ത് വരുന്ന ബാങ്ക് വിളി സ്പഷ്ടവും കാതുകള്‍ക്ക് സുഖകരവും ആണ്. ഇങ്ങനെയാവുമ്പോള്‍ ബാങ്കുവിളി കുറ്റമറ്റതാക്കുവാന്‍ വേണ്ടി  കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ അധികൃതര്‍ക്ക് കഴിയുന്നു..

ഇന്ന് സമയം സൂക്ഷ്മമായി അറിയുവാനും അറിയിക്കുവാനും ധാരാളം ഉപകരണങ്ങളും മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. വാച്ചുകള്‍ കൂടാതെ അനേകം എലെക്ട്രോനിക്  സാമഗ്രികളിലും സമയം കാണിക്കുവാനുള്ള പ്രത്യേകം സജ്ജീകരണങ്ങള്‍ കാണാം. വാച്ചുകളും ക്ലോക്കുകളുമൊക്കെ അപ്രചാരവും ആഡംബരവും ആയിരുന്ന എന്റെ കുട്ടിക്കാലത്ത് സമയം നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും ഇന്നത്തേതിലും നന്നായി സമയനിഷ്ഠ പാലിക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് എടുത്തു പറയാതെ വയ്യ. സമയം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത കാരണത്താല്‍ സ്കൂളില്‍ എത്താന്‍  പോലും വൈകിയതായി ഓര്‍മ്മയില്ല.

അന്ന് വീട്ടിനടുത്ത് ഒരു പള്ളിയുണ്ടായിരുന്നുവെങ്കിലും ബാങ്ക് വിളി ശാന്തമായ രാത്രികളില്‍ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. മൈക്ക്  പള്ളികളില്‍ ഉപയോഗത്തില്‍ വന്നിരുന്നില്ല.  അതിനാല്‍ ഉമ്മയും മറ്റും അസര്‍ നമസ്കാര സമയം നിര്‍ണ്ണയിച്ചിരുന്നത്  കാലടി ഉപയോഗിച്ച് സ്വന്തം നിഴല്‍ അളന്നായിരുന്നു. നാട്ടിന്‍ പുറത്ത് പരക്കെ പ്രയോഗത്തിലിരുന്ന ഒരു രീതിയാണിത്.  അടി അളക്കുക എന്നാണ്  ഈ അസര്‍ നമസ്കാര സമയനിര്‍ണ്ണയത്തിനു പറഞ്ഞിരുന്നത്. 

പുരുഷന്മാര്‍ പൊതുവേ പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാതിരുന്നതിനാല്‍ സ്ത്രീകളാണ്  ഇങ്ങനെ അസര്‍ സമയം കണ്ടിരുന്നത്. സൂര്യപ്രകാശം ഉള്ള മുറ്റത്തോ നിരപ്പുള്ള മറ്റിടങ്ങളിലോ സൂര്യന് എതിര്‍മുഖമായി നിന്ന്  സ്വന്തം നിഴലിന്റെ തലയഗ്രം അടയാളപ്പെടുത്തി, കാലടി കൊണ്ട്  നിഴല്‍ അളക്കുകയാണ് ചെയ്യുന്നത്. ഒരു നിശ്ചിത എണ്ണം കാലടികള്‍ തികഞ്ഞാല്‍ അസര്‍ ആയി എന്ന്  ഗണിക്കാം. ഈ നിശ്ചിത എണ്ണം മലയാള മാസത്തിനനുസരിച്ചു വ്യത്യസ്ഥമാണ്. ഇത് ഓര്‍മ്മിക്കാനായി ചില ഗാനശകലങ്ങള്‍ പോലും കേട്ടിട്ടുണ്ട്. ളുഹര്‍ (ഉച്ച) നമസ്കാരം പൊതുവേ വൈകിക്കുന്ന സ്ത്രീകള്‍ അസര്‍ കൂടെ കഴിഞ്ഞാണ്  നമസ്കാര കുപ്പായം അഴിക്കുന്നത്. ചിലപ്പോള്‍ ആ വേഷത്തില്‍ തന്നെ മെതിയടിയില്‍ (ഹവായ്  വരുന്നതിനു മുമ്പ്) മുറ്റത്തിറങ്ങി നിഴല്‍ അളക്കുന്നത് കണ്ടിട്ടുണ്ട്,

          *                    *                     *                       *

തറവാട്ടിലെ 'കൊത്തും കൊയിലുകാരനാ'യ  ചെക്കോട്ടി എന്തോ സ്വന്തം കാര്യസാദ്ധ്യത്തിനായി വന്നപ്പോള്‍ ഉമ്മറത്തെ പടാപുറത്ത് അസര്‍ നമസ്കാരത്തിനു വേണ്ടി കാത്തിരിക്കുകയാണ് നമസ്കാര വേഷത്തില്‍ വലിയുമ്മ. മുഖം കാണിച്ച ചെക്കോട്ടിയോടു മുറ്റത്തിറങ്ങാന്‍ മടിച്ച വലിയുമ്മ : " ചെക്കൊട്ടീ, അടിയളന്നു നോക്ക് "
ചെക്കോട്ടി മുറ്റത്ത് വെയിലുള്ളിടത്ത് പോയി അളക്കാന്‍ തുടങ്ങി. കുറെ കഴിഞ്ഞ് തിരിച്ചു വന്നു പറഞ്ഞു: "ഉമ്മേറ്റിയാരെ, ഒരു പിടിയൂല്ല, നേരം കക്കുയീലാ"
അടിയളക്കുന്നത് ചെക്കോട്ടി പലപ്പോഴും കണ്ടിരുന്നുവെങ്കിലും അടയാളം വെക്കുന്ന ഗുട്ടന്‍സ്  അറിയാതിരുന്നതിനാല്‍ നിഴലിന്റെ കൂടെ നടന്നു ചെക്കോട്ടി ചെന്നെത്തിയത് അടുത്ത പറമ്പിലെ ചെങ്കല്ല് വെട്ടിയ വലിയ കുഴിയുടെ വക്കിലായിരുന്നു.

സൂചിക: 
കൊത്തും കൊയിലുകാരന്‍ = പതിവായി തേങ്ങയിടുകയും പറമ്പിലെ മറ്റെല്ലാ ജോലികള്‍ക്കും നേത്രുത്വം വഹിക്കുകയും ചെയ്യുന്ന സ്ഥിരം ജോലിക്കാരന്‍.
പടാപുറം = പണ്ടൊക്കെ മുസ്ലിം വീടുകളുടെ വരാന്തയില്‍ സ്ഥിരമായി കാണാറുള്ള വലിയ വിസ്താരമുള്ള കട്ടില്‍.
ഉമ്മേറ്റിയാര്‍ = ഹിന്ദുക്കള്‍  മുതിര്‍ന്ന  ഉമ്മമാരെ ബഹുമാനപൂര്‍വ്വം വിളിച്ചിരുന്ന പേര്.

Sunday, March 3, 2013

എന്റെ രാമേശ്വരം ദര്‍ശനം

ഴിഞ്ഞ ദിവസം ഫയ്സ്ബുക്കില്‍ ആരോ ഷയര്‍ ചെയ്ത ഇത് പോലെയുള്ള ഒരു  വീഡിയോ കണ്ടപ്പോള്‍  ആണ്  ഈ പോസ്റ്റ്‌ ഇടാന്‍ തോന്നിയത്.
                                                                                                                                                                                               














കുറച്ചുനാള്‍  മുമ്പ്  പാമ്പന്‍ പാലം ബോട്ട് തട്ടി കേടു പറ്റിയെന്നും റിപ്പയറിനായി അടച്ചിടുകയാണെന്നും പത്രങ്ങളില്‍ വാര്‍ത്ത‍ കണ്ടപ്പോള്‍ , ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെതും ഇന്ത്യയുടെ സപ്താത്ഭുതങ്ങളില്‍ ഒന്നുമായ ആ പാലം ഒന്ന്  കാണാന്‍ ഏറെ ആഗ്രഹം ഉണ്ടായെങ്കിലും എന്തോ താത്കാലിക അസൌകര്യം നിമിത്തം മനസ്സില്‍ നിന്നും വിട്ടുപോയി. കഴിഞ്ഞാഴ്ചയാണ് പിന്നെ ഓര്‍മ്മ വന്നത്. കൂടുതല്‍ ചിന്തിച്ചില്ല, അന്നു തന്നെ രാത്രിയിലുള്ള മധുര ബസ്സിനു യാത്ര തിരിച്ചു. രാവിലെ മധുരയിലെത്തി, മറ്റൊരു ബസ്സില്‍ രാമേശ്വരത്തേക്ക്  യാത്ര തുടര്‍ന്നു.


മധുരയില്‍ നിന്ന് 175 കി. മീ. അകലെയുള്ള   തമിഴ് നാടിന്‍റെ കിഴക്കേ തീരത്തുള്ള രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍  ദ്വീപിനെ  പ്രധാന കരയുമായി ബന്ധിപ്പിക്കുന്നതാണ് പാമ്പന്‍ പാലം. ഉച്ച സമയത്താണ് ഞാന്‍ സഞ്ചരിച്ചിരുന്ന ബസ്സ്  പാലത്തില്‍ പ്രവേശിച്ചത്. ഇടത് ഭാഗത്തായി സമുദ്രത്തില്‍ ജലവിധാനത്തില്‍ നിന്ന് അല്പം മുകളിലായി (ഏകദേശം രണ്ടു മീറ്റര്‍ ) റയില്‍ പാലം കാണാനായി. സമാന്തരമായി പോകുന്ന റോഡിനുള്ള പാലം വളരെ ഉയരത്തിലാണ്. ബസ്സില്‍നിന്നു നേരെ താഴേക്ക്‌ നോക്കിവേണം റയില്‍ പാലം കാണാന്‍ . 


1914 -ല്‍  ബ്രിട്ടീഷ്‌കാര്‍ പണിത  2.3 കി. മീ. നീളമുള്ള ഈ റെയില്‍ പാലത്തിന്റെ ഏകദേശം നടുവിലായി വലിയ ബോട്ടുകള്‍ക്ക് കടന്നു പോകാനായി രണ്ടു ഭാഗത്തുമായി പാളങ്ങള്‍ മേലോട്ട് തുറക്കപ്പെടുന്ന ക്രമീകരണങ്ങള്‍ കാണാം. ഈ പാലത്തിലെ ഏറ്റവും അത്ഭുതം ഉളവാക്കുന്ന സാങ്കേതിക വിദ്യയാണിത്. 


പാലം കടന്നാല്‍ പാമ്പന്‍ എന്ന ചെറിയ ടൌണ്‍ ആണ്. ഇനിയും പത്ത് കി. മീറ്റര്‍ ദൂരമുണ്ട്  രാമേശ്വരം എത്താന്‍ . ഉച്ചക്ക് ഒരു മണിക്കാണ് ഞാന്‍ അവിടെയെത്തിയത്. മുറി തന്ന ഹോട്ടലുകാരന്‍ പവര്‍ കട്ടിന്റെ കാര്യം മുന്‍കൂട്ടി അറിയിച്ചു: 3 മുതല്‍ 6 വരെയും രാത്രിയും രാവിലെയും ഓരോ മണിക്കൂര്‍ വേറെയും. രാത്രിയും പകലുമായി അര മണിക്കൂര്‍ വീതമുള്ള പവര്‍ കട്ടിന്റെ നാം അനുഭവിക്കുന്ന 'ദുരിതം' അവന്‍ മനസ്സിലാക്കി കാണും. എങ്കിലും രണ്ടു മണിക്ക് കറന്റ് പോയി. 

ഭക്ഷണം കഴിഞ്ഞു ഞാന്‍ മുറിയിലിരിക്കാന്‍ വയ്യാതെ പുറത്തിറങ്ങി. രാമേശ്വരത്തിനടുത്താണ്  ശ്രീലങ്കയില്‍ നിന്ന് പുലികള്‍ കടന്നു വന്നിരുന്ന ധനുഷ്കോടി എന്നറിയാം. കരയില്‍ നിന്ന് ഏറെ ദൂരം കടലിലേക്ക് തള്ളി നില്‍ക്കുന്ന ഒരു മുനമ്പ്‌ ആണ് ധനുഷ്കോടി. അവിടേക്ക് പോകുന്ന ഒരു ബസ്സില്‍ കയറി. 22 കി. മീറ്റര്‍ ദൂരമാണ് ധനുഷ്കോടിയിലേക്ക്.  അഞ്ചെട്ട്  കി. മീറ്റര്‍ കഴിഞ്ഞപ്പോള്‍ രണ്ടു ഭാഗത്തും തിരകള്‍ അധികമില്ലാത്ത കടലില്‍ കൂടിയുള്ള ഒരു സ്ട്രിപ് മാത്രമായി മാറി റോഡ്‌.... ചിലയിടങ്ങളില്‍ റോഡില്‍ നിന്നും മൂന്നോ നാലോ മീറ്റര്‍ മാത്രമേയുള്ളൂ വെള്ളത്തിലേക്ക്. മുനമ്പിലേക്ക്  അടുക്കുമ്പോള്‍ വീതി കൂടി വരുന്നുണ്ട്. അവിടെ  മണലില്‍ ഓല കൊണ്ടുള്ള  ചെറിയ കുടിലുകള്‍ കാണാം. ബസ്സ്‌ ചെന്നവസാനിക്കുന്നിടത്ത് പാനീയങ്ങളും അലങ്കാര വസ്തുക്കളും വില്‍ക്കുന്ന  കുറെ കടകളാണ്.  അവിടെ നിന്ന് രണ്ടു കി. മീറ്റര്‍ ദൂരം മുനമ്പിലേക്ക് മണലില്‍ കൂടെ ജീപ്പ് സര്‍വീസ്  ഉണ്ട്. പ്രത്യേകിച്ച്  ഒന്നും കാണാനില്ലെങ്കിലും ചിലരൊക്കെ  അതില്‍ കേറി  പോകുന്നതു കണ്ടു. കുറച്ചു സമയം അവിടെ ചെലവഴിച്ച്,  ചെരിഞ്ഞ സൂര്യരശ്മികള്‍ കണ്ണില്‍ തുളച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തിരിച്ചു പോന്നു. 


നേരത്തെ മനസ്സില്‍ കരുതിയ പോലെ അസ്തമയ സമയത്ത് പാലം സന്ദര്‍ശിക്കാന്‍ പാമ്പന്‍ എന്ന സ്ഥലത്തേക്ക്  ഞാന്‍ വീണ്ടും പോയി.  സമയം അഞ്ചര മണി ആയിരിക്കുന്നു, നല്ല സുഖമുള്ള കാറ്റും പ്രകൃതി ദൃശ്യങ്ങളും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. പാലത്തില്‍ നിന്ന്  താഴെ ഇറങ്ങി റയില്‍ പാലം അടുത്തു പോയി  കണ്ടു. വീണ്ടും മുകളില്‍ കയറി പാലത്തില്‍  കൂടെ ഏറെ ദൂരം നടന്നു, ഏകദേശം പകുതി വരെ. നടക്കാനായി സ്ലാബ് ഇട്ട പാതയുണ്ട്. ധാരാളം പേര്‍ വാഹനങ്ങള്‍ നിര്‍ത്തി ഫോട്ടോ എടുക്കുകയും ദൂരെ നോക്കി പ്രകൃതി ഭംഗി ആസ്വദിക്കുകയുമാണ്. എവിടെയും എന്ന പോലെ കൂട്ടത്തില്‍ ധാരാളം മലയാളികളും. ഞാനും ഫോട്ടോകള്‍ എടുത്തെങ്കിലും സൂര്യന്‍ എതിര്‍ ദിശയില്‍ ആയിരുന്നതിനാല്‍ റയില്‍ പാലത്തിന്റെ കൊള്ളാവുന്ന ഫോട്ടോകള്‍ കിട്ടിയില്ലെന്നത്  എനിക്ക് സങ്കടത്തിനു കാരണമായി. അതിനിടെ ഒരു ട്രെയിന്‍ കടന്നു പോയത്  വളരെ നല്ലൊരു  കാഴ്ചയായി. തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ അസ്തമയ സമയത്തെ ബാങ്ക് (മഗ്രിബ്) കേട്ടു. നോക്കിയപ്പോള്‍  പാമ്പന്‍ ഭാഗത്ത്  പാലത്തിന്റെ അവസാനമായി ഒരു പള്ളി മിനാരം ഏറെ ഉയര്‍ന്നു നില്‍ക്കുന്നു. പള്ളിയില്‍ കേറി നമസ്കാരത്തിനു ശേഷമാണ്  ഞാന്‍ പാമ്പനില്‍ നിന്ന് തിരിച്ചു ബസ്സ്‌ കയറിയത്. 




രാമേശ്വരത്ത്  രാത്രിയായപ്പോള്‍ ക്ഷേത്ര പരിസരങ്ങളില്‍  ഭക്തജനങ്ങളും വിനോദസന്ദര്‍ശകരുമായി നല്ല തിരക്കായിരുന്നു. സമുദ്ര തീരത്ത്‌ തന്നെയുള്ള ആ ക്ഷേത്രം ഏറെ സുന്ദരമായി കണ്ടു. പുറത്തെ വലിയ ബോര്‍ഡിലെ വഴിപാടുകളുടെ ചെലവു പട്ടികയില്‍ കണ്ണോടിച്ചപ്പോള്‍ ആരാധനയും സാധാരണക്കാരന്  അപ്രാപ്യമാകുമോ എന്നൊരു സംശയം തോന്നി. രാത്രി ഹോട്ടലില്‍ തങ്ങി പിറ്റേ ദിവസം രാവിലെ നേരത്തെ തന്നെ ഞാന്‍ മധുരയിലേക്ക് തിരിച്ചു. അവിടെ കൂടുതല്‍ തങ്ങാതെ നാട്ടിലേക്കും. വഴിയില്‍ കൊടൈകനാലും  പഴനിയും കൂടെ സന്ദര്‍ശിച്ചു അടുത്ത ദിവസം അതിരാവിലെയാണ്  വീട്ടില്‍  തിരിച്ചെത്തിയത്.

           *          *          *           *             *           *            *

മേമ്പൊടി : പാമ്പനില്‍ മഗ്രിബ്  നമസ്കാരത്തിനു ശേഷം പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ പള്ളിയുടെ വരാന്തക്കടുത്തായി ഒരു അമുസ്ലിം സ്ത്രീ നില്‍ക്കുന്നു. അവരുടെ മുഖത്തെ  ഭീതിയും  ആകാംക്ഷയും കണ്ടപ്പോള്‍  എന്തോ പ്രശ്നം ഉണ്ടായെന്നു ഞാന്‍ സംശയിച്ചു.  അവര്‍   ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന   ഭാഗത്തേക്ക്  നോക്കിയപ്പോള്‍  വരാന്തയുടെ അറ്റത്തായി, തലയില്‍ വലിയ കെട്ടും തിങ്ങി വളര്‍ന്നു നീണ്ട താടിയുമുള്ള  ഒരു  മൌലവി ഇരിക്കുന്നു. അയാളുടെ മുമ്പിലായി അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയും. മൌലവിയുടെ കയ്യിലിരിക്കുന്ന സ്റ്റീല്‍ ഗ്ലാസില്‍ കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു ഊതിയതിനു ശേഷം അതിലിരുന്ന വെള്ളത്തില്‍ കൈ മുക്കി കുട്ടിയുടെ മുഖത്തും കണ്ണിലും  ശക്തിയോടെ  തെറിപ്പിച്ചു. കുറച്ചു വെള്ളം  കുട്ടിയുടെ വായിലും ഒഴിച്ചുകൊടുത്തു.  ബാക്കി വെള്ളമുള്ള ഗ്ലാസ്‌  സ്ത്രീയുടെ നേരെ നീട്ടി മൌലവി എന്തോ ഉച്ചത്തില്‍ പറഞ്ഞു. അവര്‍  ഗ്ലാസ്‌ വാങ്ങി അല്പം മാറിനിന്നു വെള്ളം മുഴുവന്‍ കുടിച്ചു, തിരിച്ചു  വന്നു.  അപ്പോള്‍  അവരുടെ മുഖത്ത് മാറിവന്ന ആശ്വാസം നിഴലിച്ചത്  കാണാമായിരുന്നു.  കുട്ടിയുടെ കൈ പിടിച്ചു  അവര്‍ നടന്നു പോയപ്പോള്‍  എന്റെ മനസ്സില്‍  സംശയം ജനിക്കുകയായിരുന്നു: ഇതല്ലേ  ഡോ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങളില്‍ വായിച്ച  മതസൌഹാര്‍ദ്ദം ? അല്ലെങ്കില്‍  സൌഹാര്‍ദ്ദത്തിനു വഴി മാറിക്കൊടുക്കുന്ന  തികഞ്ഞ അന്ധവിശ്വാസമോ ?

(കുട്ടിക്കാലത്ത്  അസുഖം വന്നാല്‍ നാട്ടു വൈദ്യന്മാരെയാണ്‌  പ്രധാനമായും  സമീപിച്ചിരുന്നത്. അവര്‍ കുറിച്ച് തരുന്ന  കഷായ ചീട്ടില്‍  അവസാനമായി,  കഷായം പാകം ചെയ്തതിനു ശേഷം ചേര്‍ക്കാനുള്ള  മേമ്പൊടി എഴുതിയത്  കണ്ടിരുന്നപ്പോള്‍  പലപ്പോഴും എന്റെ കൊച്ചു മനസ്സില്‍  തോന്നിയിരുന്നു, ഇത് കൂടെ നേരത്തെ തന്നെ ചേര്‍ത്താല്‍  എന്താണ് വ്യത്യാസം ? അങ്ങനെ ചേര്‍ത്താല്‍ ചേരില്ലെന്ന്   പിന്നീടു മനസ്സിലാക്കാന്‍ കഴിഞ്ഞു.)

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text