Ads 468x60px

Tuesday, January 10, 2012

അബൂദബിയിലെക്ക് ഒരു ടിക്കെറ്റ്‌


രാവിലെ 5.30ന് പുറപ്പെടുന്ന അബൂദബി ഫ്ലൈറ്റില്‍ പോകാനായി മൂന്ന് മണിക്ക് വീട്ടില്‍ നിന്നിറങ്ങിയതാണ് ഞാനും മകന്‍ ഗസലും. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഗസല്‍ അവധി കഴിഞ്ഞു തിരിച്ചു പോകുന്നത് അബൂദബി വഴി ആയതിനാല്‍ ദുബൈ പോകാന്‍ സമയമായിരുന്ന ഞാന്‍ അവന്‍റെ ഫ്ലൈറ്റില്‍ തന്നെ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്യാന്‍ തീരുമാനിക്കുകയും യാത്ര ഒന്നിച്ചാക്കുകയുമായിരുന്നു.


അര്‍ദ്ധരാത്രി ആയതിനാല്‍ ഡ്രൈവറെ മാത്രമേ കൂടെ കൂട്ടിയുള്ളൂ. കാറില്‍ കേറുന്നതിന് മുമ്പായി, എന്നും ചെയ്യാറുള്ളത് പോലെയും യാത്ര പോകുന്ന മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നത് പോലെയും, പാസ്പോര്‍ട്ടും ടിക്കെറ്റും പരിശോധിക്കാന്‍ മറന്നിരുന്നില്ല. ഹാന്‍ഡ്‌ബാഗിലാണ് പാസ്പോര്‍ട്ടും അതിനുള്ളിലായി ചെക്ക്ബുക്ക്‌ കവര്‍ മാതിരിയുള്ള ലെതര്‍ ഫോള്‍ഡറില്‍ മൂന്നായി മടക്കിയ യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തിയ പേപ്പര്‍  ടിക്കെറ്റും വെച്ചിരിക്കുന്നത്. യാത്രയില്‍ വേണ്ട രേഖകള്‍ മാത്രം സൂക്ഷിക്കുന്ന ഈ ഫോള്‍ഡര്‍ ഏറെ കാലമായി കൂടെയുണ്ട്. 


റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ (ഹെഡ്‌ലൈറ്റ്‌ കുറക്കാതെ മുന്നില്‍ നിന്നും, ഹെഡ്‌ലൈറ്റ്‌ കൂട്ടിയും കുറച്ചും പിന്നില്‍ നിന്നും വന്നിരുന്ന ചെറുവാഹനങ്ങള്‍ അലോസരപ്പെടുത്തിയെങ്കിലും) ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി. പെട്ടികളിറക്കി ഉന്തുവണ്ടിയില്‍ വെച്ച ഡ്രൈവറോട് പുറത്ത്‌ റോഡില്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത് ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. 


പുറത്തെ വലിയ ആള്‍ക്കൂട്ടവും നീണ്ട ക്യൂവും കണ്ടപ്പോള്‍ ഒന്ന് സംശയിച്ചു, ഇവിടെ ബെവരേജ്‌ കോര്‍പറേഷന്റെ ഷോപ്പ് തുടങ്ങിയോ? വീട്ടിലുള്ള മുഴുവന്‍ പേര്‍ക്കും  കുപ്പികള്‍ വാങ്ങി കൊണ്ടുപോകാനാണോ ആളുകള്‍ പെട്ടിയുമായി ക്യു നില്‍ക്കുന്നത്‌? 'DEPARTURE' എന്നെഴുതിയ ബോര്‍ഡും അതിനു താഴെ വാതിലിനടുത്ത് നിന്ന് കടലാസുകള്‍ പരിശോധിച്ചു യാത്രക്കാരെ മാത്രം ഉള്ളിലേക്ക് കടത്തി വിടുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും കണ്ടപ്പോള്‍ സംശയം നീങ്ങി. ഞങ്ങളും ക്യൂവില്‍ സ്ഥാനം പിടിച്ചു. 


ക്യൂ വേഗത്തില്‍ നീങ്ങിയിരുന്നു. ഉന്തുവണ്ടി തള്ളി എന്‍റെ മുന്നില്‍ നിന്നിരുന്ന ഗസല്‍ പരിശോധന കഴിഞ്ഞു അകത്തു കടന്നു. എന്‍റെ പാസ്പോര്‍ട്ടും ഫോള്‍ഡറില്‍ നിന്നെടുത്ത കടലാസും നിവര്‍ത്തി നോക്കിയ ഉദ്യോഗസ്ഥന്‍ ചോദിച്ചു: "ടിക്കെറ്റ്‌ കിതര്‍ ഹെ ?" 
അയാളുടെ കൈയില്‍ കിട്ടിയത്‌ വേറെ വല്ല കടലാസായിരിക്കാം, ഞാന്‍ ഫോള്‍ഡര്‍ തന്നെ ചൂണ്ടി. എന്‍റെ മുഖത്ത് തുറിച്ചുനോക്കി അയാള്‍ പാസ്പോര്‍ട്ടും ഫോള്‍ഡറും തിരിച്ചു തന്നു. 


അതിലുണ്ടായിരുന്ന കടലാസ്സ്‌ ഒരു പഴയ വിസ കോപ്പിയാണെന്ന് മനസ്സിലായി. ടിക്കെറ്റ്‌ എവിടെ? ഫോള്‍ഡറില്‍ നിന്ന് താഴെ വീണോ? നിലത്ത് ഒരു കടലാസ്സ്‌ കഷണം പോലുമില്ല. എന്‍റെ പകച്ചിലും ബേജാറും കണ്ട ഗസല്‍ ലഗേജുമായി പുറത്തേക്കു വന്നു. ഞങ്ങള്‍ മാറിനിന്നു രണ്ടുപേരുടെയും ഹാന്‍ഡ്‌ബാഗുകള്‍ അരിച്ചു പെറുക്കിയെങ്കിലും ടിക്കെറ്റിന്റെ അംശം പോലും കണ്ടില്ല. 


വീട്ടിലെ മേശവലിപ്പില്‍ പതിവായി സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍ ആരെങ്കിലും എടുത്ത് നോക്കിയപ്പോള്‍ ടിക്കെറ്റ്‌ മാറിക്കിടന്നോ? എന്തും എടുത്തിടത്ത് തന്നെ തിരിച്ചു വെക്കാന്‍ ഞാന്‍ എല്ലാവരോടും നിര്‍ദ്ദേശിക്കുമെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ഒരു പക്ഷെ ടിക്കെറ്റ്‌ വലിപ്പില്‍  കിടപ്പുണ്ടായിരിക്കും. വീട്ടില്‍ വിളിച്ചു വലിപ്പ് പരിശോധിപ്പിച്ച്  ടിക്കെറ്റ്‌ കിട്ടിയാല്‍ തന്നെ എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ അവിടെ ആളില്ല. ഡ്രൈവര്‍ പോയി തിരിച്ചുവരാന്‍ ഇനി സമയവും ഇല്ല. ആകെ ഞാന്‍ അസ്വസ്ഥനായെങ്കിലും സമയബന്ധിതമായി ദുബായില്‍ എത്തേണ്ട തിടുക്കം ഇല്ലാത്തതിനാല്‍ യാത്ര മുടങ്ങുന്നതില്‍ വിഷമമില്ല. ഏറിയാല്‍ ടിക്കെറ്റിന്റെ പണം നഷ്പെടുമെന്നെയുള്ളൂ. സംശയിച്ചു നില്‍കുമ്പോള്‍ വരാന്തയുടെ ഒരു ഭാഗത്തായി ഞങ്ങളുടെ ഫ്ലൈറ്റിന്റെ ഓഫീസ് തുറന്നിരിക്കുന്നത് കണ്ടു. അവിടെ നിന്ന് ടിക്കെറ്റിന്റെ കോപ്പിയെടുക്കാന്‍ കഴിയുമല്ലോ, ഞങ്ങള്‍ അങ്ങോട്ട് നടന്നു. 


എയര്‍പോര്‍ട്ടിലെ എയര്‍ലൈന്‍സ്‌ കൌണ്ടര്‍ കാണുമ്പോള്‍ മനസ്സില്‍ സംശയവും പേടിയുമാണ് എന്നും. കാരണമുണ്ട്. ഒരിക്കല്‍ ദോഹയില്‍ നിന്ന് കുടുംബവുമായി വരുന്ന വഴി രാത്രി ബോംബെ എയര്‍പോര്‍ട്ടില്‍ ഇറങ്ങി.  മംഗലാപുരം ഫ്ലൈറ്റ്‌...  രാവിലെയാണ്. ഹോട്ടലിലേക്ക്‌ പോകാനായി ബസ്സ്‌ കാത്തുനിന്നത് എയര്‍പോര്‍ടിലെ എയര്‍ലൈന്‍സ് കൌണ്ടറിന്റെ മുമ്പിലാണ്. സ്വന്തക്കാരനായ ട്രാവല്‍ എജെന്റ്റ്‌ ഓ.കെ. ചെയ്തു തന്ന കയ്യിലിരുന്ന സഹകരണ ബാങ്കിന്‍റെ ചെക്ക് ബുക്ക്‌ പോലെയുള്ള ടിക്കെറ്റുകള്‍  ഒരു മനസ്സമാധാനത്തിനായി കൌണ്ടറില്‍ കാണിക്കാന്‍ തോന്നി. അവിടെയിരുന്ന ഉദ്യോഗസ്ഥന്‍ കമ്പ്യൂട്ടറില്‍ നോക്കി പുറത്ത്‌ ഒപ്പിട്ടു  തിരിച്ചു നല്‍കി. ഒപ്പം, ഒരു വയസ്സ് പ്രായമുള്ള ഗസലിനെ ഒക്കത്ത് വെച്ച് നില്‍ക്കുന്ന ഭാര്യയെയും ഉന്തുവണ്ടി പിടിച്ചു നില്‍ക്കുന്ന എന്നെയും  നോക്കി ഒരു മന്ദഹാസവും. 


രാവിലെ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തി, തിരക്കില്‍ വളരെ സാഹസപ്പെട്ടു ചെക്ക്‌ ഇന്‍ കൌണ്ടറില്‍ എത്തിയ ഞങ്ങളെ വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന് പറഞ്ഞു തിരിച്ചു വിട്ടപ്പോള്‍ അന്തം വിട്ടുപോയി.  എത്ര തന്നെ കേണു പറഞ്ഞിട്ടും കമ്പ്യൂട്ടറില്‍ നോക്കാന്‍ പോലും അവിടെയിരുന്നവര്‍ തയാറായില്ല; പകരം ഒപ്പിന് മുകളിലായി എഴുതിയ W59 കാണിച്ചു തന്നു. ഓ.കെ. ടിക്കെറ്റുകള്‍ എന്തെങ്കിലും കാരണം പറഞ്ഞു തിരിച്ചുവിട്ട്, പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ തോന്നിയ കാശു വാങ്ങി സീറ്റ്‌ കൊടുക്കുന്ന ലോബിയും അണികളും എയര്‍പോര്‍ട്ടിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന വിവരം കേട്ടിരുന്നു. ബോംബെയില്‍ സാമാന്യ പരിചയം ഇല്ലാതിരുന്ന ഞങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. 


ഞങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയ ഒരു യാത്രക്കാരന്‍ എയര്‍ലൈന്‍സിന്‍റെ അവിടത്തെ ബുക്കിംഗ് ഓഫീസ്‌ കാണിച്ചു  അവിടെ അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. കൌണ്ടറില്‍ ഇരുന്നയാള്‍ വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന് ആവര്‍ത്തിക്കുകയല്ലാതെ എന്‍റെ വാക്കുകള്‍ ഒന്നും ചെവി കൊണ്ടതെയില്ല. നിസ്സഹായതയാല്‍ സ്തബ്ധനായ എന്‍റെ കാലുകള്‍ , ഏതോ ഉള്‍പ്രേരണയാല്‍ എന്നോണം, കൌണ്ടറിലെ വിലക്കിനെ മറികടത്തി എന്നെ ഓഫീസിനകത്തെക്ക് നയിച്ചു.   എന്‍റെ പ്രശ്നം ശ്രവിച്ച മാനേജര്‍ കമ്പ്യൂടര്‍ നോക്കി ഓ.കെ. ആണെന്ന് ടിക്കെറ്റില്‍ എഴുതി സീല്‍ വെച്ച് തന്നു. ഹൃദയം കൊണ്ടും വാക്കുകള്‍ കൊണ്ടും നന്ദി പറഞ്ഞു  ഞങ്ങള്‍ ചെക്ക് ഇന്‍ കൌണ്ടറിലേക്ക് കുതിച്ചു. 


പറിച്ചു മാറ്റാന്‍ വയ്യാത്ത വിധം മനസ്സില്‍ വേരൂന്നിയ ആ ബോംബേ അനുഭവം ഓര്‍ത്തു കൊണ്ടാണ് കൌണ്ടറിനു അടുത്തെത്തിയത്. പാസ്പോര്‍ട്ട് കാണിച്ചു കാര്യങ്ങള്‍ വിശദമായി അറിയിച്ചപ്പോള്‍ അവിടെയിരുന്ന സഹൃദയനായ ഉദ്യോഗസ്ഥന്‍ കമ്പ്യൂടരില്‍ കുറെ ശ്രമിച്ചതിനു ശേഷം പേര് കാണാനില്ലെന്ന് അറിയിച്ചു. യാത്രാതീയതി വീണ്ടും ഉറപ്പുവരുത്തി, ഒന്ന് കൂടെ സൂക്ഷ്മമായി നോക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്ത തീയതി ഏതാണെന്ന് അദ്ദേഹം ചോദിച്ചു. ഞാനും ഗസലും പരസ്പരം നോക്കുകയല്ലാതെ ഒന്നും പറയാന്‍ കഴിഞ്ഞില്ല. തീയതി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോളാണ് ബുക്ക്‌ ചെയ്തിരുന്നില്ല എന്ന കാര്യം ഓര്‍മ്മ വന്നത്, ഞങ്ങള്‍ രണ്ടുപേര്‍ക്കും.        


അനുബന്ധം: രണ്ടുമൂന്നു ദിവസം പനിച്ചു കിടന്നതിനിടയില്‍ അനുഭവിച്ച ഒരു സ്വപ്നം. ക്ഷീണിതാവസ്ഥയില്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ വിസ്മയം ആയിട്ടുണ്ട്‌..            
 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text