Ads 468x60px

Friday, June 24, 2011

പുസ്തകം മരിക്കുമോ ?



പേനയും കടലാസും ഉപയോഗത്തില്‍ വന്നതോടെ, എഴുത്തുകാര്‍ എന്തെങ്കിലും എഴുതാനായി തീരുമാനിച്ചു കഴിഞ്ഞാല്‍ ആദ്യം അവരത് കടലാസ്സില്‍ കുത്തിക്കുറിക്കുന്നു. പിന്നെ അത് ധാരാളം പ്രാവശ്യം വായിച്ചു മാറ്റതിരുത്തലുകള്‍ നടത്തുന്നു. ഇങ്ങനെ മാറ്റതിരുത്തലുകള്‍ നടത്തി ചിലപ്പോള്‍ മാറ്റി എഴുതി അന്തിമ കൈയെഴുത്തു പതിപ്പ് ഏതെങ്കിലും അച്ചടി സ്ഥാപനങ്ങളില്‍ ഏല്‍പിക്കുന്നു. അവിടെ അവര്‍ അത് അച്ചടിക്കാനായി അച്ചുകള്‍ നിരത്തുന്നു. പേജുകളായി പ്രാഥമിക അച്ചടിക്കുശേഷം അച്ചടിപ്പിശകും മറ്റ് വൈകല്യങ്ങളും തിരുത്തുന്നു. വീണ്ടും പേജുകളായി അച്ചടിച്ച്‌ പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നു. വില്‍പനക്കായി കടകളിലെത്തിക്കുന്നു. ഇപ്രകാരം കടകളിലെത്തിയ ശേഷം വായനക്കാരന്‍ വാങ്ങി വായിക്കുന്നു.  

ഒരു ഗ്രന്ഥകാരന്‍ എഴുതി തുടങ്ങുന്ന നിമിഷം മുതല്‍ വായനക്കാരന്‍ വായിക്കുന്നത് വരെയുള്ള പ്രക്രിയകള്‍ ഇങ്ങനെ ധാരാളമായിരുന്നു. ഈ പ്രക്രിയകളുടെ നീണ്ട പട്ടിക പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ സമയം ചില്ലറയായിരുന്നില്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു.

പുസ്തക പ്രസിദ്ധീകരണത്തിന്‍റെ മണ്ഡലത്തിലും കമ്പ്യൂട്ടര്‍ വന്നതോടെ സ്ഥിതിഗതികള്‍ വളരെയധികം മാറി. 1984 ല്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ DTP (Desk Top Publishing) യുടെ ഉല്‍ഭവം കുറിച്ചതോടെയാണ് ഈ മാറ്റം തുടങ്ങിയത്.

കൈയെഴുത്തു പതിപ്പ് അച്ചടിച്ച്‌ പുസ്തകമാക്കുന്ന ജോലിയിലായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, എഴുത്തുകാരന്‍റെ മനസ്സില്‍ എഴുതാനുള്ള ആശയം  ജനിച്ച നിമിഷം മുതല്‍ കമ്പ്യൂട്ടറിലാണ് കാര്യങ്ങളൊക്കെ നടത്തുന്നത്. എഴുതുന്നതിനു പകരം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയാണ് പുതിയ രീതി. ഇന്ന് ടൈപ്പ് ചെയ്യേണ്ട ആവശ്യവും ഇല്ലാതായിരിക്കുന്നു. കമ്പ്യൂട്ടറിന്‍റെ മുമ്പിലിരുന്ന് പറഞ്ഞാല്‍ മതി, കേട്ടെഴുത്ത് മാതിരി കമ്പ്യൂട്ടര്‍ ചെയ്തു കൊള്ളും. അവിടെ നിന്ന് തന്നെ നേരിട്ട് അച്ചടിയിലേക്ക് പോകുന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകം പുറത്തിറങ്ങുന്നു. 

തീര്‍ന്നില്ല, ഇന്ന് വായനക്കാരന്നു കടലാസ്സ്‌ താളുകളിലല്ലാതെ കമ്പ്യൂട്ടറില്‍ തന്നെ പുസ്തകം വായിക്കാനുള്ള സൗകര്യം ആയപ്പോള്‍ ഈ "കുറഞ്ഞ ദിവസങ്ങളും" ഇല്ലാതായി. അതായത്‌, എഴുത്തുകാരന്‍ എഴുതാന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ നിമിഷ ങ്ങള്‍ക്കകം വായനക്കാരന്നു പുസ്തകം വായിക്കാവുന്ന അവസ്ഥ ആണിപ്പോള്‍. അതിലും ഉപരിയായി കമ്പ്യൂട്ടര്‍ തന്നെ പുസ്തകം വായിച്ചു കേള്‍പ്പിക്കുന്ന സൌകര്യവുമുണ്ട്. 

കൈയിലോ കീശയിലോ കൊണ്ടുനടക്കാവുന്ന, പുസ്തകവായനക്ക് ഉപയോഗിക്കാവുന്ന മൊബൈല്‍ഫോണ്‍, Ipad, Kindle പോലെയുള്ള ഇ-ബുക്ക്‌ റീഡര്‍ (മുമ്പ്‌ ഒരു പോസ്റ്റില്‍ സൂചിപ്പിച്ച പോലെ ഒരെണ്ണം ഞാനും ഉപയോഗിക്കുന്നുണ്ട്. പത്രങ്ങളും ഇടക്ക് പുസ്തകങ്ങളും ഇതില്‍ വായിക്കുന്നതും വായന കേള്‍ക്കുന്നതും എന്‍റെയും ഒരു ശീലമായി വരുന്നു. മൂവായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഇത് കൈയില്‍ കൊണ്ടുനടക്കാവുന്ന ഒരു ലൈബ്രറി ആണെന്ന് പറയാം.) തുടങ്ങിയവ ഇന്ന് ധാരാളം പ്രചാരത്തിലുണ്ട്. 
Kindle Book Reader

കടലാസ്സ് താളുകളുള്ള പുസ്തകങ്ങള്‍ക്ക് പകരമായി, കമ്പ്യൂട്ടറും മറ്റ് ചെറിയ ഉപകരണങ്ങളും ഉപയോഗിച്ച് പുസ്തകം വായിക്കുന്നവരുടെ എണ്ണം വളരെ വേഗതയില്‍ കൂടുകയാണ്. ഈയിടെ അമേരിക്കയില്‍ നിന്ന് വന്ന ചില വാര്‍ത്തകള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. പുസ്തക വ്യാപാരത്തിലെ വമ്പന്‍മാരായ Borders അമേരിക്കയിലും പുറത്തുമായി ഇരുനൂറോളം കടകള്‍ പൂട്ടിക്കഴിഞ്ഞു. മറ്റൊരു വാര്‍ത്ത, അവിടെ തന്നെ Ipad കള്‍ സ്റ്റോക്കെത്തിയാല്‍ നിമിഷങ്ങള്‍ക്കകം വിറ്റുതീരുന്നു. പലപ്പോഴും അന്വേഷിച്ചു എത്തുന്നവര്‍ക്ക് കിട്ടാത്ത അവസ്ഥയാണിപ്പോള്‍. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂരിഭാഗം ജനങ്ങളും കൈയിലേന്തി നടക്കാവുന്ന ഉപകരണങ്ങളില്‍ ആയിരിക്കും വായനയെന്നാണ് പ്രവചനമത്രേ.

പ്രകൃത്യാ, നാം കൂടുതല്‍  എളുപ്പവും സൗകര്യപ്രദവുമായ കാര്യങ്ങള്‍ തേടുന്നവരാണ്. പുസ്തകത്തിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. പണ്ട്, മേശപ്പുറത്ത് കുപ്പിയില്‍ നിറച്ചുവെച്ച മഷിയില്‍ പേന മുക്കിയായിരുന്നു എഴുതിയത്. ഫൌണ്ടന്‍ പേന വന്നപ്പോള്‍ നാമതിലേക്ക് തിരിഞ്ഞു, Ballpoint പേന വന്നപ്പോള്‍ അതായി എഴുത്തിന്. പിന്നെ എഴുത്തില്‍നിന്നു ടൈപിംഗിലെക്കും വന്നു. ഇപ്പോള്‍ അതും വിട്ട് പറഞ്ഞുകൊടുക്കലായി.

ഇഷ്ടമല്ലെങ്കിലും കാലത്തിന്‍റെ ഈ മാറ്റം അംഗീകരിക്കാതെയും അനുസരിക്കാതെയും ഇരിക്കാന്‍ നമുക്ക് വയ്യ. എഴുത്ത്, പുസ്തകം, അച്ചടി തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ പുനര്‍ നിര്‍വചിക്കേണ്ട സമയം ആയിരിക്കുന്നു.


(കടലാസ്സ്)പുസ്തക വായനയും അതിലുള്ള താല്‍പര്യവും കുറഞ്ഞു കുറഞ്ഞു പുസ്തകം തന്നെ തീരെയില്ലാതായിത്തീരുമോ ? ഈ ഭയം  നമ്മെ അലട്ടുന്നില്ലേ ? കാരണം, സൗകര്യവും വേഗതയും  എത്ര തന്നെ കൂടിയാലും കടലാസ്സ് താളുകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് അതില്‍നിന്ന് കിട്ടുന്ന ഗ്രാഹ്യതയും ആസ്വാദനവും വേറെ ഒന്നിലും കിട്ടില്ല. അതിനാല്‍ തന്നെ പുസ്തകപ്രേമികളും പുസ്തകവും എന്നും നിലനില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാന്‍ വകയുണ്ടോ ? 

ഈ കുറിപ്പ്‌ ഒരു തുറന്ന ചര്‍ച്ചയാക്കാന്‍ വായനക്കാരനെ സദയം ക്ഷണിക്കുന്നു.    

Monday, June 20, 2011

"ആലി നാപുരത്ത് പോയ പോലെ........"



ഇതൊരു പഴം പുരാണം ആണെന്ന് പറയാം. പ്രാദേശികമായി, ഞങ്ങളുടെ നാട്ടില്‍ പഴമക്കാര്‍ പറഞ്ഞുകൊണ്ടിരുന്ന ഒരു നാടന്‍ ശൈലി ("ആലി നാപുരത്ത് പോയ പോലെ")ക്ക് അടിസ്ഥാനമായ സംഭവം. (സംഭവമാണോ എന്ന് സംശയം ഇല്ലാതെയല്ല, എങ്കിലും സംഭവ്യമാണ്). വായനക്കാരില്‍, ഇത് കേട്ടവരും മനസ്സി ലാക്കിയവരും ധാരാളമുണ്ടായിരിക്കും. അല്ലാത്തവരെ ഉദ്ദേശിച്ചാണ് ഇപ്പോള്‍ ഇതിവിടെ കുറിക്കുന്നത്. പ്രത്യേകിച്ച്, യുവ സഹൃദയര്‍ക്കായി.

                              *                       *                        *                        

നാട്ടിലെ സമ്പന്നനും പൌരപ്രധാനിയും ആദരണീയനുമായ ഹാജിയാര്‍ മാളികയുടെ വരാന്തയില്‍, കാലുകള്‍ കേറ്റിവെക്കാവുന്ന വലിയ ചാരുകസേരയില്‍ കിടക്കുക(ഇരിക്കുക)യാണ്. അടുത്തുള്ള ചെറിയ മേശയില്‍ കുറെ പഴയ ആധാരകെട്ടുകള്‍ പരക്കെ കിടക്കുന്നു. അതില്‍ നിന്ന് ഓരോന്നെടുത്ത് വായിക്കാന്‍ ശ്രമിച്ചും പരിശോധിച്ചും ചിലതൊക്കെ മാറ്റിവെക്കുകയാണ്. കുറച്ചു മുമ്പ് കഴിച്ച രാത്രി ഭക്ഷണത്തിന്‍റെ ഏമ്പക്കത്തോടെ വായില്‍ ചവച്ചുകൊണ്ടിരിക്കുന്ന മുറുക്കിന്‍റെ ചുവന്ന നീര്, ഇടക്കിടെ കസേരക്കടുത്തായി നിലത്ത് വെച്ചിരിക്കുന്ന വലിയ പിത്തള കോളാമ്പിയില്‍ തുപ്പി കൊണ്ടിരുന്നു.

പെട്ടന്ന് എന്തോ ഓര്‍ത്തപോലെ, വായിലിരിക്കുന്ന മുറുക്കിന്‍റെ ചവച്ചരഞ്ഞ ചണ്ടി കയ്യിലെടുത്ത് കോളാമ്പിയിലിട്ട്  നന്നായി ഒന്ന് കാര്‍ക്കിച്ച് തുപ്പിയതിന് ശേഷം ഹാജിയാര്‍ നീട്ടിവിളിച്ചു, "ആലീ..."

വിളി പൂര്‍ണമാകുന്നതിനു മുമ്പ് തന്നെ വിശാലമായ മുറ്റത്തിന്‍റെ ഒരു ഭാഗത്ത്‌ ആലി പ്രത്യക്ഷനായി. ഹാജിയാരുടെ ഏറ്റവും വിശ്വസ്ഥനും തികഞ്ഞ അനുസരണയുള്ളവനും എല്ലാറ്റിനുമുപരി ഒരു ശുദ്ധപാവവുമായ കാര്യസ്ഥനാണ് ആലി. ഹാജിയാര്‍ മുഖത്ത് നോക്കിയപ്പോള്‍, ആലി വരാന്തയുടെ തിണ്ണയില്‍ കൂടെ നടന്ന് ഹാജിയാരുടെ അടുത്തായി മരത്തില്‍ കടഞ്ഞ വണ്ണമുള്ള തൂണ്‍ പിടിച്ചു നിന്നു.

"ഇഞ്ഞി രാബില നാപുരത്ത് പോണം." ഒരു മൂളലോടെ ഹാജിയാര്‍ പറഞ്ഞു നിര്‍ത്തിയതോടെ ആലി തിരിഞ്ഞു നടന്നു, മുറ്റത്ത്‌ കൂടെ മാളികയുടെ പിറകിലേക്ക്‌ പോയി.

പിന്നെയും കുറെ നേരം ഹാജിയാര്‍ ആധാരക്കെട്ടുകള്‍ പരിശോധിക്കുകയും ചിലത്മാറ്റി വെക്കുകയും ചെയ്തു. വൈകിയാണ് എല്ലാം ശരിപ്പെടുത്തി  കെട്ടുകള്‍ കൈയിലെടുത്ത് ഉറങ്ങാന്‍ പോയത്‌.

പിറ്റേ ദിവസം പതിവ്‌ പോലെ സുബ്ഹി(പ്രഭാതനമസ്കാരം)ക്ക് ശേഷം നന്നായി ഒന്നുറങ്ങി എണീറ്റ ഹാജിയാര്‍ പ്രഭാത ഭക്ഷണം കഴിഞ്ഞ് പുറത്ത്‌ കസേരയില്‍ കിടപ്പാ(ഇരിപ്പ്‌)യി. ചെറിയ ആധാരകെട്ട് മേശപുറത്ത്‌ വെച്ചിട്ടുണ്ടു; തലേ ദിവസം പരിശോധിച്ച് മാറ്റി വെച്ചവയാണ്.

"ആലീ" മുറ്റത്തേക്ക് നോക്കി ഹാജിയാര്‍ അതേ വിളി വിളിച്ചതും ആലി പ്രത്യക്ഷപ്പെട്ടതും തൂണിനടുത്ത് വന്നു നിന്നതും എല്ലാം തലേ ദിവസത്തെ ആവര്‍ത്തനങ്ങള്‍ ആയിരുന്നു. മേശപ്പുറത്തിരിക്കുന്ന കെട്ടിലേക്ക് ഒന്ന് നോക്കി ഹാജിയാര്‍ ചോദിച്ചു.
"ഇഞ്ഞി നാപുരത്ത് പോന്നില്ലേ?"

"ഞാമ്പോയി ബന്നതാ" വളരെ കൃതജ്ഞതാപൂര്‍വവും സംതൃപ്തവുമായ ആലിയുടെ മറുപടി കേട്ട് ഹാജിയാര്‍ ഒന്ന് പകച്ചു. ആലിയുടെ ആത്മാര്‍ത്ഥതയും ഉത്തമമായ അനുസരണവും കണ്ടിട്ടായിരിക്കുമോ ? 

                    *                *               *              *

അടിക്കുറിപ്പ്: നാപുരം - ഞങ്ങള്‍, എല്ലാം ലോപിച്ചു പറയാന്‍ ഇഷ്ട പ്പെട്ടിരുന്നതിനാല്‍ ഇത് നാദാപുരം തന്നെ ആയിരിക്കുമെന്നാണ് എന്‍റെ ധാരണ. അന്നും സാമാന്യം വലിയ അങ്ങാടിയും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉണ്ടായിരുന്ന അവിടേക്ക് ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ഏഴോളം കിലോമീറ്റര്‍ കാണും.


Sunday, June 12, 2011

"......പുകവലി നിര്‍ത്തി....."



പല തവണ തടി കുറക്കാന്‍ ശ്രമിച്ചിട്ടും കുറയാത്തവരും (അല്ലെങ്കില്‍ കുറച്ചിട്ട് വീണ്ടും തടിച്ചവരും ) പല തവണ നിര്‍ത്താന്‍ ശ്രമിച്ചിട്ടും പുകവലിക്കുന്നവരും (അല്ലെങ്കില്‍ നിര്‍ത്തിയിട്ട് വീണ്ടും പുകവലി തുടങ്ങിയവരും ) നമ്മുടെയിടയില്‍ ധാരാളമുണ്ട്. അത്‌പോലെ  ഒറ്റതവണ ശ്രമം കൊണ്ട് തന്നെ എന്നേക്കുമായി തടി കുറച്ചവരെയും പുകവലി നിര്‍ത്തിയവരെയും നമുക്ക്‌ കാണാം. ഉദ്ദേശം സാധിക്കാത്തവര്‍ക്ക്  ധാരാളം ഒഴിവ് കഴിവുകള്‍  പറയാനുണ്ടാകും. ചിലപ്പോള്‍, "തീരെ കഴിയില്ല" എന്ന് തന്നെയാവും അവരുടെ പക്ഷം. ഒരുതവണയുള്ള ശ്രമം മൂലമോ പലതവണയായുള്ള ശ്രമം മൂലമോ ഉദ്ദേശം സാധിച്ചവരോടു ഇത്തരക്കാര്‍ വളരെ ആശ്ചര്യപൂര്‍വം "ഇതെങ്ങനെ സാധിച്ചു ?" എന്ന്  ചോദിക്കാനും മടിക്കില്ല. അവരുടെ നിഗമനത്തില്‍ എന്തോ മഹാല്‍ഭുതം സംഭവിച്ച 
മാതിരിയാണ്‌.


(ചിത്രങ്ങള്‍ സാന്ദര്‍ഭികമായി ശ്രദ്ധിക്കാന്‍ വേണ്ടി മാത്രം) 







തടി കുറയ്ക്കലും പുകവലി നിര്‍ത്തലും ഉദാഹരണങ്ങള്‍ മാത്രമാണ്. മറ്റ് ധാരാളം ജീവിതചര്യകളും ശീലങ്ങളും ഇവ്വിധം കാണാവുന്നതാണ്. ഉദാഹരണങ്ങളായ പുകവലി നിര്‍ത്തലും തടി കുറയ്ക്കലും (ചില പ്രത്യേക രോഗാവസ്ഥ മാറ്റി നിര്‍ത്തിയാല്‍) അസാദ്ധ്യ കാര്യങ്ങളല്ല. മറ്റ് ശീലങ്ങളും ജീവിതചര്യകളും ഇതേപോലെ തന്നെ. 


സാമാന്യം ഇച്ഛാശക്തി(will power)യും ആത്മസംയമന(self discipline)വും ഉള്ള ഏതൊരാള്‍ക്കും എളുപ്പം സാധിക്കാവുന്നതാണ് പ്രസ്തുത കാര്യങ്ങള്‍. മാസ്മരശക്തിയോ മറ്റ് ജാലവിദ്യകളോ ഇതിന് ആവശ്യമില്ല. 


പുറമെ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍, അസൌകര്യങ്ങള്‍, താല്‍കാലിക പ്രായോഗിക വിഷമങ്ങള്‍, സ്വയം കല്‍പിക്കുന്ന സമയമില്ലായ്മ  എന്നിവ കണക്കിലെടുക്കാതെയും  മടിയെയും വിഘടപ്രലോഭനങ്ങളെയും അതിജീവിച്ചു കൊണ്ടും തീരുമാനങ്ങള്‍ എടുക്കല്‍, അതനുസരിച്ച് പ്രവര്‍ത്തിക്കല്‍, ഉദ്ദിഷ്ട കാര്യങ്ങള്‍ യഥാസമയം കൈകാര്യം ചെയ്യല്‍, അവ സമയബന്ധിതമായി ചെയ്തു തീര്‍ക്കല്‍ മുതലായ പ്രവൃത്തികള്‍ക്ക് വേണ്ട ആന്തരിക പ്രചോദനമാണ്‌ ഇച്ഛാശക്തി. 


താല്‍ക്കാലികവും ക്ഷണികവുമായ ആനന്ദങ്ങളും ആസ്വാദനങ്ങളും, അനന്തവും യഥാര്‍ത്ഥവുമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പരിത്യജിക്കുകയെന്നതാണ്  ആത്മനിയന്ത്രണം അല്ലെങ്കില്‍ ആത്മസംയമനം. അസ്വതന്ത്രവും വളരെയധികം പരിമിതവുമായ ഒരു ജീവിതരീതിയല്ല ആത്മനിയന്ത്രണം കൊണ്ടുദ്ദേശിക്കുന്നത്. ഋജുമനസ്കത എന്നോ അപരിഷ്‌കൃതമെന്നോ നാമകരണം ചെയ്ത്  വേര്‍തിരിക്കാവുന്ന അവസ്ഥയുമല്ല.


ഇച്ഛാശക്തിയും ആത്മസംയമനവും ഏതൊരു വ്യക്തിക്കും അനിവാര്യം ഉണ്ടായിരിക്കേണ്ട പ്രായോഗിക ഗുണങ്ങളാണ്. പ്രധാനമായും ഉത്തമ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ഇവ അത്യാവശ്യമാണ്. പ്രത്യേകിച്ച്, ജോലി, കച്ചവടം മുതലായവ സംബന്ധിച്ചുള്ള കാര്യങ്ങളില്‍, ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതില്‍ (തടി കുറയ്ക്കല്‍ ഉദാഹരണം), സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍. കൂടാതെ, കൂടപ്പിറപ്പായ മടി, വിഘടിതസ്വഭാവങ്ങള്‍ എന്നിവ തരണം ചെയ്യാനും ഇവ  സഹായകമാവുന്നു.  


ഇച്ഛാശക്തിയും ആത്മസംയമനവുമുള്ളവര്‍ സമൂഹത്തില്‍ വളരെയധികം പ്രശംസിക്കപ്പെടുന്നു. തങ്ങളുടെ  ജീവിതം മെച്ചപ്പെടുത്താനും  ധാരാളം പുതിയ പ്രായോഗിക പരിജ്ഞാനങ്ങള്‍ സ്വായത്തമാക്കാനും ജീവിതത്തിലെ വിഷമഘട്ടങ്ങളെ തരണം ചെയ്യാനും വേണ്ടാത്ത ശീലങ്ങള്‍ മാറ്റിയെടുക്കാനും ശാരീരികവിഷമതകള്‍ അകറ്റാനും അവര്‍ക്ക്‌ എളുപ്പം കഴിയുന്നു.


ഇച്ഛാശക്തിയും ആത്മസംയമനവും ആരുടെയും കുത്തക സ്വഭാവമല്ല. ഏതൊരാള്‍ക്കും അല്പം ശ്രദ്ധയും അനുകൂലമായ മനസ്ഥിതിയും ഉണ്ടെങ്കില്‍ ആര്‍ജിക്കാവുന്ന  സ്വഭാവം മാത്രമാണ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതും അപ്രധാനവും അനാവശ്യവും ആയ ആഗ്രഹങ്ങള്‍, പ്രലോഭനങ്ങളെ മറികടന്നു കൊണ്ട് പരിത്യജിക്കലാണ്  (അല്ലെങ്കില്‍  സമയത്തേക്കെങ്കിലും  മാറ്റിവെക്കലാണ് ) ഇച്ഛാശക്തിയും ആത്മസംയമനവും കൈവരിക്കാനുള്ള ഏറ്റവും എളുപ്പവും അടിസ്ഥാനപരവുമായ മാര്‍ഗം. നമ്മുടെ ആന്തരിക ശക്തിയെ വേണ്ട വിധത്തില്‍ പോഷിപ്പിക്കുകയാണ് ഇത്‌മൂലം സാധ്യമാവുന്നത്. മറ്റ് കലകള്‍ പോലെ തന്നെ ഇതിനും പരിശീലനം ആവശ്യമാണ്. നിരന്തരമായ ഇത്തരം പരിശീലനം കൊണ്ട്  നമ്മുടെ അഭിവാഞ്ഛകളെ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിയുന്നു. 


ചില ദിനചര്യകളില്‍  ദോഷകരമല്ലാത്ത വിധത്തില്‍ മാറ്റം വരുത്തിയും  ചില ആവശ്യമുള്ള കാര്യങ്ങള്‍ താല്‍കാലികമായി ഉപേക്ഷിച്ചും പകരം മറ്റെന്തെങ്കിലും കൂട്ടിച്ചേര്‍ത്തും പരീക്ഷണാടിസ്ഥാനത്തില്‍ പരിശീലിച്ചു ഈ മഹല്‍സ്വഭാവം സ്വായത്തമാക്കാവുന്നതാണ്. 

Saturday, June 4, 2011

ബസ്സ്‌ വൈകി.............




സ്കൂളില്‍  പഠിക്കുന്ന കാലത്ത്‌, ക്ളാസ്സില്‍  രാവിലെ വൈകിയെത്തുന്ന സഹപാഠികളെ അദ്ധ്യാപകന്‍ ‍ വാതിലിന്ന്‌ പുറത്ത്‌ നിര്‍ത്തുമായിരുന്നു.  പ്രധാന   അദ്ധ്യാപകന്‍ രാവിലെയുള്ള റോന്തിനിടയില്‍, വാതിലിന്ന്‌ പുറത്ത്‌ കാണുന്ന വിദ്യാര്‍‍ഥികളെ ഓഫീസ്സിലേക്ക്‌ വിളിച്ചുകൊണ്ടുപോയി ചൂരല്‍ ‍ വടി കൊണ്ട്‌ കൈവെള്ളയില്‍ ‍ ഒന്ന്‌ രണ്ട്‌ ആഞ്ഞടിച്ചതിനു ശേഷം ക്ളാസ്സിലേക്ക്‌ പറഞ്ഞയക്കും. വൈകിവന്നവര്‍ ‍ അങ്ങനേയാണ്‌ ചുവന്ന കൈവെള്ളയും നിറഞ്ഞ കണ്ണുകളുമായി ക്ളാസ്സില്‍  കയറുന്നത്‌. 


പ്രധാന അദ്ധ്യാപകന്‍റെ മുറിയില്‍ ‍ പുസ്തക അലമാരയുടെ മറവിലായി ഒരു മൂലയില്‍ ‍ ചാരിവെച്ചിരിക്കുന്ന ചൂരല്‍ ‍ വടി  കണ്ട്‌ ഞാന്‍ ‍ പലപ്പോഴും വിറങ്ങലിച്ചിട്ടുണ്ട്‌. അത്‌ കൊണ്ടാവാം അന്നൊക്കെ രാവിലെ എഴുന്നേറ്റാല്‍ ‍ ബെല്ലടിക്കുന്നതിന്ന്‌ മുമ്പായി സ്കൂളിലെത്താനുള്ള അങ്കലാപ്പിലായിരുന്നു. രാവിലെ കൊണ്ട്പോകാനുള്ള പുസ്തകങ്ങളും മറ്റ്‌ സാമഗ്രികളും പ്ളാസ്റ്റിക്‌ സഞ്ചിയിലാക്കി (അമേരിക്കയുടെ CARE ഉല്‍പന്നമായ സൌജന്യ പാല്‍പൊടി വന്നിരുന്ന സഞ്ചിയായിരുന്നു മിക്കപ്പോഴും.) രാത്രി തന്നെ മാറ്റിവെക്കുകയായിരുന്നു പതിവ്‌.


നേരത്തെ പറഞ്ഞുറപ്പിച്ച സമയത്ത്‌ എത്താതിരിക്കുന്നവരെ കാത്തിരിക്കുമ്പോഴും പ്രസിദ്ധപ്പെടുത്തിയ സമയ ക്രമങ്ങളനുസരിച്ച്‌ നടത്താതിരിക്കുന്ന പരിപാടികളില്‍  സംബന്ധിക്കുമ്പോഴും ചൂരല്‍വടി ഇന്നും മനസ്സില്‍  തെളിഞ്ഞുവരാറുണ്ട്‌. ഇത്തരം വേളകളില്‍ ‍ അസ്വസ്ഥത മാത്രമല്ല സമയനഷ്ടവും അനിശ്ചിതത്വവും അനുഭവപ്പെടുന്നു. പലപ്പോഴും മറ്റ്‌ പരിപാടികളേയും അത്‌ പ്രതികൂലമായി ബാധിക്കുന്നു.


ഇന്ന് സമൂഹത്തില്‍  പൊതുവെ നമ്മുടെയിടയില്‍  പ്രത്യേകിച്ച്‌, സമയം പാലിക്കുകയെന്നത്‌ കണക്കില്‍  എഴുതിതള്ളിയ ഒരു കിട്ടാകുറ്റി മാതിരി ആയിട്ടുണ്ട്‌. പാശ്ചാത്യരും അമേരിക്കക്കാരും കുറെയൊക്കെ സമയനിഷ്ഠയുള്ളവരാണെന്ന് അവരുമായുള്ള ചുരുങ്ങിയ ബന്ധങ്ങള്‍ മുഖേന മനസ്സിലാക്കാന്‍ ‍ കഴിഞ്ഞിട്ടുണ്ട്‌. ഏഷ്യക്കാരായ നമുക്ക്‌ ഇതൊരു വലിയ കാര്യമായി തോന്നാതിരിക്കുന്നത്‌ എന്തുകൊണ്ടെന്നറിയുന്നില്ല. നാം അറിയാതെ നമുക്കുണ്ടാകുന്ന ദേശീയ ധനനഷ്ടത്തിനും സമയനഷ്ടത്തിനും ഇതും ഒരു കാരണമാണ്‌.


സമയനിഷ്ഠ പാലിക്കുകയെന്നത്‌ വളരെയധികം ശ്രേഷ്ഠതയുള്ളതും ആദരിക്കപ്പെടുന്നതുമായ ഒരു സ്വഭാവഗുണമാണ്‌. ഒരു സമുന്നത സമൂഹത്തിന്‍റെ  അംഗമാവുകയെന്നതും കൂടിയാണ്‌ സമയനിഷ്ഠ പാലിക്കുന്നതിലൂടെ കൈവരുന്നത്‌.


ഏത്‌ കാര്യവും ഏറ്റവും ശരിയും സുഗമവുമായ വിധത്തില്‍  കൈകാര്യം ചെയ്യുന്നവരുടെ ഒരു പ്രധാന ലക്ഷണമാണ്‌ സമയനിഷ്ഠ പാലിക്കല്‍ . വ്യക്തിത്വവികസന പാഠങ്ങളില്‍  ഒരു മുഖ്യ വിഷയവും ഇത്‌ തന്നെയാണ്‌. ഒരു മിഥ്യാബോധം നിലനില്‍ക്കുന്നത്‌ പോലെ വൈകിയെത്തുന്ന ആള്‍ ‍ സമൂഹത്തില്‍ ‍ പ്രത്യേക വ്യക്തിയോ പ്രമുഖനോ ആവുകയില്ല. സമയം പാലിക്കാത്ത വ്യക്തിയെ ഒരു കാര്യത്തിനും പൂര്‍ണ്ണമായി  ആശ്രയിക്കാന്‍  പറ്റില്ല. അയാള്‍ ‍ മറ്റുള്ളവരുടെ സമയത്തെ വിലമതിക്കുന്നില്ലെന്ന് മാത്രമല്ല, താന്‍  കാരണം   അവര്‍ക്കുണ്ടാകുന്ന  സമയനഷ്ടത്തെ പറ്റി ബോധവാനാകുന്നുമില്ല. മറ്റുള്ളവരെ മാനിക്കുകയും കണക്കിലെടുക്കുകയും ചെയ്യാത്ത ഇത്തരക്കാര്‍ ‍ ചിലപ്പോള്‍ ‍ സ്വയം പരുഷപ്രകൃതരുമായിരിക്കും. 


സമയം പാലിക്കാത്തതിനും എവിടെയും വൈകുന്നതിനും എന്തുമാത്രം കാരണങ്ങള്‍  ഉണ്ടെങ്കിലും (അത്യാസന്നവും ഏറെ അപ്രതീക്ഷിതവും ആയവ നമുക്ക്‌ മാറ്റി നിര്‍ത്താം. ) എത്രമാത്രം ക്ഷമാപണങ്ങള്‍ ‍ നടത്തിയാലും ഈ കാരണങ്ങളാല്‍  ഒന്നും തന്നെ സമയനിഷ്ഠ പാലിക്കാത്തവര്‍ മാപ്പര്‍ഹിക്കുന്നില്ല.  മാത്രമല്ല, ഏതു കാരണങ്ങളും മറ്റുള്ളവരുടെ ബുദ്ധി വൈഭവത്തെ നിന്ദിക്കുകയാണ്‌ ചെയ്യുന്നത്‌. കളവും, കള്ളസത്യവാദങ്ങള്‍ ‍ അതിലുപരിയായി വേറെയും ഇവര്‍ക്ക്  കൂട്ടുപിടിക്കേണ്ടി വരുന്നു.


ഗതാഗത സൌകര്യങ്ങള്‍‍, വൈകിയോടുന്ന വാഹനങ്ങള്‍,  വീട്ടുകാര്യങ്ങള്‍‍, ആരോഗ്യപ്രശ്നങ്ങള്‍ ‍ തുടങ്ങിയ നൂറുകണക്കിന്ന്‍ കാരണങ്ങള്‍ -‍ ഒന്നും പുതിയവയല്ല. എത്തേണ്ടിടത്ത്‌ സമയനിഷ്ഠ പാലിക്കാതെയും വൈകിയും എത്തുന്നവര്‍ ‍ സ്വയം സമ്മര്‍ദ്ദത്തിനും  മാനസിക അസ്വസ്ഥതകള്‍ക്കും അടിമപ്പെടുകയാണ്‌. മാത്രമല്ല, എത്രയായാലും അവര്‍ക്ക് ‌ മറ്റുള്ളവരുടെ മുമ്പിലുണ്ടാകുന്ന ജാള്യതയും  കുറ്റബോധവും മറച്ചുവെക്കാനാവില്ല.


സമയനിഷ്ഠ പാലിക്കുന്നതിലൂടെ നാം മറ്റുള്ളവരുടെ സമയം ലാഭിക്കുകയും അതോടൊപ്പം അവരെ മാനിക്കുകയും ചെയ്യുകയാണ്‌. വാഗ്ദത്ത നിര്‍വഹണത്തിന്ന് സമമായിരിക്കുന്ന ഈ സ്വഭാവഗുണത്താല്‍   നമുക്ക്‌ മറ്റുള്ളവരുടെ പ്രീതിയും വിശ്വാസവും നേടിയെടുക്കാന്‍ ‍ കഴിയുന്നു. സമയനിഷ്ഠരായ നമ്മെ ആശ്രയിക്കാന്‍ മറ്റുള്ളവര്‍ക്ക് ‌ മനസ്സുണ്ടാവുകയും നമ്മോട്‌ ആധികാരികത തോന്നുകയും ചെയ്യുന്നു.  കൂടാതെ,  നമ്മുടെ വാക്കുകള്‍ക്ക് ‌ അധിക ഗൌരവം നേടിയെടുക്കാനും അത്തരത്തിലുള്ള ഒരു പ്രശസ്തി ഉണ്ടാവാനും സമയനിഷ്ഠ നമ്മെ സഹായിക്കുന്നു. ഏതു കാര്യവും അതാതിന്‍റെ സമയത്ത്‌ തന്നെ ചെയ്തു     തീര്‍ക്കുന്നത് ‌ മൂലം അവസാനനിമിഷത്തിലെ ഓടിപ്പാച്ചില്‍ ‍ ഇല്ലാതാക്കി മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും സ്വസ്ഥമാകാനും കഴിയുന്നു.


എന്തിനും ഒരു സാമാന്യ കാര്യനിര്‍വഹണ പദ്ധതി മനസ്സിലെങ്കിലും ഉണ്ടാക്കുകയും അതനുസരിച്ച്‌ സമയബന്ധിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍  സമയനിഷ്ഠ പാലിക്കാന്‍ ‍ എളുപ്പമായിരിക്കും. ഏതു കാര്യത്തിന്നും വേണ്ട പ്രാഥമിക ഒരുക്കങ്ങള്‍  നേരത്തെ തന്നെ ചെയ്യുക. ഉദാഹരണത്തിന്ന്, രാവിലെ ചെയ്യാനുള്ള കാര്യങ്ങള്‍(അല്ലെങ്കില്‍  യാത്ര)ക്ക്‌ വേണ്ട കഴിയുന്നത്ര തയാറെടുപ്പുകള്‍ ‍ രാത്രി തന്നെ ചെയ്യാവുന്നതാണ്‌. നിര്‍ദ്ദിഷ്ട  സമയത്തേക്കാള്‍ ‍ പത്തോ പതിനഞ്ചോ മിനുട്ട്‌ നേരത്തെ ചെയ്യാനായി അല്ലെങ്കില്‍  സ്ഥലത്തെത്താനായി പദ്ധതിയിടുക. ചെയ്യാനുള്ള ജോലിയെപ്പറ്റിയും എത്തേണ്ട സ്ഥലത്തെ പറ്റിയും വ്യക്തമായ ധാരണ ഇല്ലാത്ത അവസരങ്ങളില്‍  ഇത്‌ പ്രത്യേകം പരിഗണന  അര്‍ഹിക്കുന്നു. തിരക്ക്‌ പിടിച്ചുള്ള ഒരുക്കങ്ങളും കുത്തി നിറച്ച കാര്യപരിപാടികളും കഴിയുന്നത്ര ഒഴിവാക്കുക. ഇനിയും സമയമുണ്ടല്ലൊ, പിന്നീട്‌ ചെയ്യാം - എന്ന മനസ്ഥിതി പാടെ അകറ്റുക. (പിന്നീട്‌ വേറെ കാര്യങ്ങള്‍ ‍ ചെയ്യാനുണ്ടാകും എന്ന കാര്യം ഓര്‍ക്കുക. ) നിശ്ചിത സമയപരിധിക്കുള്ളില്‍ ‍ ചെയ്തു തീര്‍ക്കാവുന്ന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കണം പദ്ധതികള്‍ ‍ ആവിഷ്കരിക്കേണ്ടത്‌. നിശ്ചയിച്ച സമയങ്ങളിലുള്ള ഏറ്റക്കുറച്ചിലുകള്‍ ‍ ഒഴിവാക്കുകയും വേണം.


സമയനിഷ്ഠയെപറ്റി ചിന്തിക്കാത്തവരുടെ നേരെ ഈര്‍ഷ്യയും  മറ്റ്‌ അസ്വാസ്ഥ്യങ്ങളും കാണിക്കുന്നതില്‍  കാര്യമില്ല. ക്ഷമിക്കുകയാണ്‌ ഏറ്റവും അഭികാമ്യം. ക്ഷമാപരിശീലനത്തിനുള്ള ഒരു അവസരമായും കണക്കിലെടുക്കാം.  എളുപ്പം മാറ്റിയെടുക്കാവുന്ന ഒരു സ്വഭാവവിശേഷമല്ല, സമയനിഷ്ഠയില്ലായ്മ.


അവസാനമായി, സമയനിഷ്ഠ പാലിക്കുന്നവര്‍ക്ക്  എന്നും എവിടെയും ഒരു ബുദ്ധിമുട്ട്‌ അനുഭവിക്കാനുണ്ടെന്ന് എടുത്ത്‌ പറയേണ്ടിയിരിക്കുന്നു: അവര്‍  മറ്റുള്ളവരെ കാത്ത്‌ ഏറെ മുഷിയും. 

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text