Ads 468x60px

Wednesday, December 21, 2011

ഉള്ളവരും ഇല്ലാത്തവരും



രംഭം മുതലെ സമ്പത്ത്‌ ജനങ്ങളില്‍ വളരെ വിഭിന്നമായാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. നമുക്കിടയില്‍ കുറച്ചുപേര്‍ ധനികരും ഏറെ പേര്‍ ദരിദ്രരും ആണെന്ന് പ്രത്യക്ഷത്തില്‍ തന്നെ കാണാന്‍ കഴിയുന്നതാണല്ലോ. വ്യക്തികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ക്കിടയിലും എന്നും പ്രകടമായ ഈ വിഭിന്നത ധനതത്വശാസ്ത്രത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്.  


വളരെ ചെറിയ ഒരു വിഭാഗം, മുഴുവന്‍ ധനത്തിന്‍റെ ഏറിയ പങ്കും കൈവശം വെക്കുന്ന ഈ സാര്‍വലൌകിക പ്രതിഭാസം കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെ പ്രപഞ്ച നിയമമായി എന്നും നിലനില്‍ക്കുന്നു. ജനങ്ങള്‍ ഉടമയാവുന്ന ധനത്തിന്‍റെ അനുപാതം ചിലപ്പോള്‍ അഞ്ചു ശതമാനം ജനങ്ങള്‍ക്ക്  മുഴുവന്‍ ധനത്തിന്‍റെ തൊണ്ണൂറ് ശതമാനം എന്നോ പത്ത്‌ ശതമാനം ജനങ്ങള്‍ക്ക്‌ എണ്‍പത് ശതമാനം എന്നോ ഏകദേശമായി കാണാം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടുതല്‍ ആകുന്തോറും ദരിദ്രരുടെ ജീവിതാവസ്ഥ ശോചനീയമാകുന്നു. 


ധനം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നീങ്ങുന്നതും ഒരാളുടെ ധനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതും മുഖ്യമായി രണ്ട് വിധത്തിലാണ്. ഒരാളുടെ ദൈനം ദിന വരുമാനവും ചെലവുകളും തമ്മിലുള്ള  വ്യത്യാസവും ഉടമസ്ഥതയിലുള്ള സമ്പത്തിന്‍റെ മൂല്യത്തില്‍ വരുന്ന വ്യതിയാനവും ആണവ. വരുമാനത്തില്‍ കുറഞ്ഞു ചെലവിടുമ്പോള്‍ ധനസ്ഥിതി കൂടുകയും മറിച്ചാവുമ്പോള്‍ കുറയുകയും ചെയ്യുന്നു. പൊതുവെ വരുമാനത്തില്‍ കവിഞ്ഞു ചെലവിടേണ്ടി വരുന്ന ദരിദ്രര്‍ കൂടുതല്‍ ദരിദ്രര്‍ ആവുന്നു. ധനികരുടെ അവസ്ഥ മറിച്ചും. ഫലത്തില്‍ അസമത്വത കൂടുന്നു. 


സാമ്പത്തിക ഇടപാടുകളും വ്യവസായ വാണിജ്യ സംരംഭങ്ങളും ധനത്തിന് ചലനാല്‍മകത നല്‍കുമെങ്കിലും ധനസ്ഥിതിക്ക് മാറ്റം വരുന്നില്ല. പക്ഷെ അവയില്‍ നിന്ന് ഉണ്ടാവുന്ന ലാഭനഷ്ടങ്ങള്‍ ധനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. പ്രസ്തുത  ലാഭനഷ്ടങ്ങള്‍ പ്രത്യക്ഷവും അല്ലാത്തതുമായ ധാരാളം അവസ്ഥാവിശേഷങ്ങള്‍ (ഭാഗ്യയോഗങ്ങള്‍ ഉള്‍പ്പെടെ) ആസ്പദമാക്കിയാണ്. അതിനാല്‍ ഒരേ മൂലധനം വ്യത്യസ്ഥ വ്യക്തികള്‍ക്ക് വ്യത്യസ്ഥ ധനവ്യതിയാനം ഉണ്ടാക്കുന്നു. 


അടിസ്ഥാനപരമായി എല്ലാ വിധത്തിലുള്ള നികുതികളും, ഉള്ളവരില്‍ നിന്ന് ഇല്ലാത്തവരിലേക്ക് ധനം ഒഴുക്കാന്‍ വേണ്ടി വിഭാവന ചെയ്തതാണെങ്കിലും ഒരിക്കലും ഒരിടത്തും പ്രായോഗികമായിട്ടില്ല. അതൊരു സങ്കല്‍പം മാത്രമായി അവശേഷിക്കുന്നു. ധനിക രാഷ്ട്രങ്ങളില്‍ നിന്ന് ദരിദ്ര രാഷ്ട്രങ്ങളിലേക്ക് ധനം ഒഴുക്കുന്ന ആഗോളവല്‍ക്കരണവും യഥാര്‍ഥത്തില്‍ ഈ ലക്ഷ്യത്തില്‍ എത്തിയില്ല. വാണിജ്യ ദൃക്കുകളായ സമ്പന്ന രാഷ്ട്രങ്ങള്‍ ദരിദ്ര രാഷ്ട്രങ്ങളുടെ വേലി പൊളിച്ചും നിഷ്കര്‍ഷതകള്‍ക്ക് അയവു വരുത്തിയും സ്വന്തം വേലി ഭദ്രമാക്കുകയും നിഷ്കര്‍ഷതകള്‍ അരക്കിട്ട് ഉറപ്പിക്കുകയും ആണ് ചെയ്തത്. 
                              ചിത്രം ഒരു മാതൃകയായി മാത്രം
                                             (ഗൂഗിളില്‍ നിന്ന്) 


എല്ലാ സമ്പത്തിന്‍റെയും യഥാര്‍ത്ഥ ഉടമ അല്ലാഹു ആണെന്ന തത്വ സംഹിതയുടെ അടിസ്ഥാനത്തില്‍ ആണ് ഇസ്ലാമില്‍ ധനവിതരണം വീക്ഷിക്കപ്പെടുന്നത്. മനുഷ്യന്, അവന്‍റെ അധീനതയിലായി നല്‍കപ്പെട്ടിട്ടുള്ള ധനം (ചില പ്രത്യേക പരിമിതികള്‍ക്ക് വിധേയമായി) കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള അധികാരം മാത്രമേയുള്ളൂ. ജീവിതരീതി മെച്ചപ്പെടുത്താന്‍ ധനം സമ്പാദിക്കാനുള്ള കഴിവ് അവന്‍റെ തന്നെ ഇംഗിതത്തിനു വിധേയമാണെങ്കിലും ധനം നല്‍കുന്നത് അല്ലാഹു മാത്രമാണ് - ചിലരെ ധനികരാക്കി നന്ദി പരീക്ഷിക്കാനും ചിലരെ ദരിദ്രരാക്കി ക്ഷമ പരീക്ഷിക്കാനും. ധന വിതരണത്തിലെ അസമത്വം പ്രകൃതി നിയമമാണെങ്കിലും ഉള്ളവന്‍ ഇല്ലാത്തവന് നല്‍കാനും അങ്ങനെ കഷ്ടപ്പെടുന്നവന്‍റെ കഷ്ടതകള്‍ അകറ്റാനും ധനം നല്ല നിലയില്‍ ചെലവഴിക്കാനും ഏവരും ബാദ്ധ്യസ്ഥരാണ്.



വിശുദ്ധ ഖുര്‍ആനിലെ ഒരു പരാമര്‍ശം ഇങ്ങനെ സംഗ്രഹിക്കാം:
ബലിഷ്ഠരായ ഒരു സംഘം യോദ്ധാക്കള്‍ക്ക് വഹിക്കാന്‍ മാത്രം ഭാരമുള്ള താക്കോല്‍ കൂട്ടം ഉണ്ടായിരുന്ന ഖജാനകള്‍ നിറയെ നിക്ഷേപങ്ങളുടെ ഉടമസ്ഥനായിരുന്ന ഖാറൂനിനോട്, ധനത്തില്‍ അഹങ്കരിച്ചു പുളകം കൊള്ളരുതെന്നും തന്‍റെ വിഹിതം ആസ്വദിക്കുന്നതോടൊപ്പം പരലോക വിജയത്തിനായി ധനം ഉപയോഗിക്കുവാനും നന്മകളില്‍ ഏര്‍പ്പെടുവാനും ജനങ്ങള്‍ നിര്‍ദ്ദേശിച്ചു. പക്ഷെ, സ്വന്തം വിദ്യ കൊണ്ട് മാത്രം സമ്പാദിച്ചതാണ് തന്‍റെ ധനം എന്ന അഹങ്കാരത്തോടെ അത്യന്തം ആര്‍ഭാടമായ ജീവിതത്തിനാണ് ഖാറൂന്‍ മുതിര്‍ന്നത്. 


ഐഹിക ജീവിതത്തില്‍ കൊതി പൂണ്ട ഒരു ജനവിഭാഗം ഖാറൂന് ലഭിച്ച സമ്പത്തും ഭാഗ്യവും തങ്ങള്‍ക്കും കിട്ടിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ആശിച്ചു. ജ്ഞാനികളായ മറ്റൊരു വിഭാഗം നാശം മുന്‍കൂട്ടി കാണുക മാത്രമല്ല, അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ക്ഷമാശീലര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ് ഏറ്റവും ഉത്തമമെന്ന് അറിയിക്കുകയും ചെയ്തു. ഖാറൂനും അവന്‍റെ ആര്‍ഭാടങ്ങളും ഭൂമിയില്‍ താഴ്ന്നപ്പോള്‍ സ്വയം രക്ഷപ്പെടാനോ മറ്റുള്ളവരുടെ സഹായം ലഭിക്കാനോ അവനു കഴിഞ്ഞില്ല. അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ അവസ്ഥയും ഇതാകുമായിരുന്നേനെ എന്ന് ഖാറൂനിന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ പിന്നീട് പറയുകയുണ്ടായി. (അല്‍ ഖസസ് : 76-82 , ആശയം മാത്രം.)

Monday, November 21, 2011

ബര്‍മ്മയിലേക്ക് ഒരു കത്ത്


വിദേശങ്ങളില്‍ ജോലി ചെയ്യാനും കച്ചവടത്തില്‍ ഏര്‍പ്പെടാനും ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ആളുകള്‍ കുബൈത്തും ദുബായിയും അബൂദുബായിയും "കണ്ടുപിടിക്കു"ന്നതിന് വളരെ മുമ്പായി ബര്‍മ്മയില്‍ പോയിരുന്നു. ബര്‍മ്മ ഏതെന്നു ഒരു നിമിഷം സംശയിക്കുന്ന കുറച്ചു പേരെങ്കിലും, പ്രത്യേകിച്ച് ഇളം തലമുറയില്‍ ഉള്ളവര്‍ , കാണും. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ള അയല്‍ രാജ്യമാണ് ഇന്ന് മ്യാന്മര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബര്‍മ്മ.


രാഷ്ട്രീയം, മതപരം, സാംസ്കാരികം, കല, കച്ചവടം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ ബര്‍മ്മയിലെ സാന്നിദ്ധ്യം സഹസ്രാബ്ദങ്ങളോളം പഴക്കമുള്ളതാണ്. ബര്‍മ്മ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്താണ് ഭൂരിഭാഗം ഇന്ത്യക്കാരും കച്ചവടത്തിനായും തൊഴില്‍ തേടിയും അവിടേക്ക് കൂട്ടമായി നീങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ , എഞ്ചിനീയര്‍മാര്‍ , സൈനികര്‍ , റോഡ്‌ പണിക്കാര്‍ എന്നിങ്ങനെ ധാരാളം ഇന്ത്യക്കാര്‍ അവിടെ ജോലിയെടുത്തു. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ പ്രോത്സാഹനത്തോടെ നെല്ല് കൃഷിയിലെര്‍പ്പെടാനും ധാരാളം ഇന്ത്യക്കാര്‍ (പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാര്‍ ) അവിടെ കുടിയേറിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആരംഭത്തില്‍ റംഗൂണില്‍ (ഇപ്പോള്‍ യാംഗോണ്‍ ) ജനസംഖ്യയുടെ പകുതിയോളം തെക്കേ ഇന്ത്യക്കാരായിരുന്നു. 


1962-ല്‍ സൈനിക നീക്കത്തോടെ അധികാരം കൈക്കലാക്കിയ ജെനറല്‍ നെവിന്‍ ഇന്ത്യക്കാരെ മുഴുവനായി പുറത്താക്കാന്‍ ഉത്തരവിറക്കി. തലമുറകളായി അവിടെ ജീവിക്കുകയും ആ സമൂഹത്തില്‍ അലിഞ്ഞു ചേരുകയും ചെയ്ത ഇന്ത്യക്കാര്‍ പൊടുന്നനെ ആക്രമിക്കപ്പെടാന്‍ തുടങ്ങി. 1964-ല്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടെ കൂട്ടായ ദേശ സാല്‍ക്കരണം കൂടെ ആയപ്പോള്‍ എല്ലാം നഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിക്ക വയ്യാതെയും മൂന്ന് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. വ്യോമമാര്‍ഗവും ജലമാര്‍ഗവുമായി അവരെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ ഭാരത സര്‍ക്കാര്‍ കാര്യമായ പങ്കു വഹിച്ചെങ്കിലും പലരും മരിക്കുകയും കാണാതാകപ്പെടുകയും ചെയ്തു. 


       *                  *               *               *          
1960-61 കാലം, പ്രൈമറി സ്കൂളില്‍ (അഞ്ചാം തരം) പഠിക്കുകയാണ് ഞാന്‍ . ആ വര്‍ഷമാണ് മൂത്ത സഹോദരിയുടെ കല്യാണം നടന്നത്. അളിയന്‍റെ പിതാവിന് ബര്‍മ്മയില്‍ കച്ചവടമായിരുന്നു. കല്യാണത്തോടനുബന്ധിച്ചു നാട്ടില്‍ വന്ന അദ്ദേഹം തിരിച്ചു പോകുന്നതിന് മുമ്പുള്ള കുറഞ്ഞ കാലയളവില്‍ കുട്ടികളായ ഞങ്ങളോടും വലിയവരോടും വളരെ അടുത്തിരുന്നു. അമ്മദ്കാക്ക എന്നാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌. അദ്ദേഹം കാണിച്ച സ്നേഹവും അദ്ദേഹത്തോട് ഞങ്ങള്‍ക്കുണ്ടായിരുന്ന ആദരവും നല്ല ഒരോര്‍മ്മയായി ഇന്നും മനസ്സിലുണ്ട്, ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധത്തില്‍ .


ആദ്യമായി ഞാന്‍ അവരുടെ വീട്ടില്‍ പോയത്‌, അദ്ദേഹത്തിന്‍റെ കൂടെയാണ്. ഒരു വൈകുന്നേരം നടന്നായിരുന്നു യാത്ര. ഇരുട്ടാന്‍ തുടങ്ങിയപ്പോള്‍ വെളിച്ചത്തിനായി ഒരു ചൂട്ട് വാങ്ങാമെന്നു പറഞ്ഞ് ഒരു വീട്ടില്‍ കയറിയതും എന്നെ അകത്തോട്ട് വിളിച്ചു കൊണ്ടുപോയതും പെങ്ങളെ കണ്ടപ്പോള്‍ എന്നെ കളിപ്പിച്ചത് മനസ്സിലായതും ഒരു വലിയ തമാശയായി ഞാന്‍ ഓര്‍ക്കുന്നു. ആ വീട്ടിലെ പ്രവേശന മുറിയില്‍ ചുമരില്‍ തൂക്കിയിരുന്ന വലിയ ക്ലോക്ക് ഞാന്‍ വളരെ കൌതുകത്തോടെ ഏറെ നേരം നോക്കിയിരുന്നിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ താക്കോല്‍ കൊടുക്കുന്ന ( winding ) വിദേശ നിര്‍മ്മിത (SEIKOSHA) മായ ക്ലോക്കിന്‍റെ സ്വര്‍ണ്ണ നിറത്തിലുള്ള പെന്‍ഡുലം ആടുന്നതും അപ്പോള്‍ കേള്‍ക്കുന്ന ടിക്ക്‌ ടിക്ക്‌ ശബ്ദവും അരമണിക്കൂര്‍ കൂടുമ്പോഴുള്ള മണിയടിയും എനിക്ക് ഇഷ്ടമായി. നോട്ടു ബുക്കിന്‍റെ വലുപ്പമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഞാന്‍ ആദ്യമായി കണ്ടതും അന്ന് അവിടെ വെച്ചാണ്.


ഒരു ദിവസം വീട്ടില്‍ വന്നു ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം, അദ്ദേഹം അടുത്ത ദിവസം ബര്‍മ്മയിലേക്ക് തിരിച്ചുപോവുകയാണെന്നും യാത്ര പറയാന്‍ വന്നതാണെന്നും അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കൊക്കെ ഏറെ വിഷമമായി. സ്വന്തം വീട്ടില്‍ നിന്നും ഉറ്റവരിലൊരാള്‍ പോകുന്ന പോലെ. ഏറെ വേദനയോടെയും നിറഞ്ഞ കണ്ണുകളോടെയുമാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ യാത്രയാക്കിയത്.   


രണ്ടു മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഉപ്പക്കു അദ്ദേഹത്തിന്‍റെ എഴുത്ത് വന്നു. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള എഴുത്ത് വായിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. "പടച്ചവന്‍റെ വേണ്ടുകയാല്‍ എനിക്ക് എത്രയും പ്രിയപ്പെട്ട മൂസ്സാക്കയും ........"  യാത്രയില്‍ ബുദ്ധിമുട്ടൊന്നും കൂടാതെ എറംഗൂലില്‍ (റംഗൂണ്‍ ) എത്തിയ വിവരവും സുഖാന്വേഷണങ്ങളും മാത്രമായിരുന്നു ആ ഉപചാര കത്തിന്‍റെ ഉള്ളടക്കം. കത്തിനു ഒരു മറുപടി അയക്കുന്ന കാര്യം, വീട്ടില്‍ എല്ലാവരും ചര്‍ച്ച ചെയ്തെങ്കിലും ഒരു കത്തെഴുതാനുള്ള പരിജ്ഞാനം ഉപ്പക്ക് ഇല്ലാതിരുന്നതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കീറാമുട്ടിയായി. 


അങ്ങനെയിരിക്കെ ഒരു ദിവസം ഉമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് നോട്ടുബുക്കിന്‍റെ നടുവില്‍ നിന്ന് പറിച്ചെടുത്ത വരയുള്ള കടലാസ്സില്‍ ഉമ്മ പറഞ്ഞു തന്ന പോലെ ഞാന്‍ എന്‍റെ ആദ്യത്തെ കത്തെഴുതി. എബിസിഡി കാസിനു ബീഡി പാടാന്‍ മാത്രം തുടങ്ങിയിരുന്ന എനിക്ക്, എഴുത്ത് കവറിലാക്കി മേല്‍വിലാസം എഴുതി സ്റ്റാമ്പ്‌ ഒട്ടിച്ചു പെട്ടിയിലിടുന്ന പ്രക്രിയകള്‍ അറിയില്ലായിരുന്നു. അതിനാല്‍ എഴുതിയ കടലാസ്സ്‌ മടക്കി ഉപ്പയെ ഏല്‍പിച്ചു. അങ്ങാടിയില്‍ ആരുടെയോ സഹായത്തോടെ ബാക്കി കാര്യങ്ങള്‍ ഉപ്പ നടത്തുകയും ചെയ്തു.


ബര്‍മ്മയിലേക്ക് ഒരു കത്തിട്ട് മറുപടി ലഭിക്കാന്‍ അന്ന് മൂന്ന്‍ നാല് ആഴ്ചകള്‍ വേണ്ടി വരുമെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും മറുപടിയൊന്നും കണ്ടില്ല. ആകാംക്ഷയോടെ കാത്തിരുന്ന് കിട്ടാതായപ്പോള്‍ വിഷമം തോന്നിയെങ്കിലും ക്രമേണ കത്തിന്‍റെ കാര്യം മനസ്സില്‍ നിന്ന് ഇറങ്ങിപ്പോയി. പക്ഷെ അമ്മദ്കാക്ക എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നിന്നു.  


ഉപ്പയുടെ നെഞ്ചുന്തി നില്‍ക്കുന്ന കീശയില്‍ സ്ഥിരമായുള്ള തേങ്ങാകണക്കുകള്‍ എഴുതിയ തുണ്ട് കടലാസ്സുകളുടെയും പണപ്പയറ്റിന്‍റെ മടക്കിവെച്ച ക്ഷണക്കത്തുകളുടെയും മറ്റ് കടലാസ്സുകളുടെയും കെട്ടു ഒരു ദിവസം എന്തോ കാര്യത്തിനായി എന്നെ കൊണ്ട് പരിശോധിപ്പിച്ചപ്പോള്‍ കിട്ടിയ മടക്കിയ നോട്ടുബുക്കിന്‍റെ കടലാസ്സ് ഞാന്‍ നിവര്‍ത്തി വായിച്ചു, " ഏറ്റവും പ്രിയപ്പെട്ട അമ്മദ്കാക്ക വായിച്ചറിയുവാന്‍ ......." നാട്ടില്‍ നിന്ന് ശത്രുക്കള്‍ ആരോ ഊമക്കത്തായി തനിക്കയച്ച കാലിക്കവര്‍ ആണെന്ന് സൂചിപ്പിച്ചു അമ്മദ്കാക്ക അത് വീട്ടിലേക്കു അയച്ചുകൊടുത്ത കാര്യം പെങ്ങള്‍ നേരത്തെ ഒരിക്കല്‍ പറഞ്ഞത്‌,  അപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂട്ടിവായിച്ചു. 



Saturday, October 22, 2011

കുപിതരായ പക്ഷികള്‍












ത്തവണ ഷാര്‍ജയില്‍ നിന്ന് പോരുമ്പോള്‍  ഹസം ഗാലിബി (പേരക്കുട്ടി) നെ മാത്രമായി കൂടെ കൊണ്ടുവരാന്‍ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്തപ്പോള്‍ മനസ്സില്‍ ചെറുതായ ഭീതിയുണ്ടായി. എന്നോട് വളരെ അടുത്ത് പെരുമാറുകയും എന്‍റെ കൂടെ തനിച്ച് വീട്ടിലിരിക്കുകയും ചെയ്യുമെങ്കിലും രണ്ടു വയസ്സ് തികയാത്ത സംസാരിച്ചു തുടങ്ങാത്ത കുട്ടിയെ നാട്ടില്‍ എത്തിക്കുന്ന സാഹസമായിരുന്നു എന്‍റെ മനസ്സില്‍. കാര്യം മനസ്സിലാക്കിയ മകന്‍ പറഞ്ഞു: "അവന്ന് Iphone കൊടുത്താല്‍ മതി, Angry Birds കളിച്ച് ഇരുന്നോളും."

ശരിയാണ്, ഞാനും ശ്രദ്ധിച്ചിരുന്നു. വാശി പിടിച്ച് കരഞ്ഞു ബഹളം വെക്കുമ്പോള്‍ മൊബൈല്‍ കൊടുത്താല്‍ ശാന്തമായി ഇരുന്ന്, കൊച്ചു വിരലുകള്‍ കൊണ്ട് സ്ക്രീന്‍ തടവി കളി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരുന്നത് വരെ മൊബൈല്‍ നോക്കി ശാന്തമായി കിടന്നു കൊള്ളും. 

പിന്നെ എനിക്ക് ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. യാത്രാദിവസം അബൂദാബി എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ കഴിഞ്ഞ് ലോഞ്ചില്‍ കാത്തിരുന്നപ്പോഴും, പൊങ്ങാന്‍ ഒരു മണിക്കൂറോളം വൈകി വിമാനം റണ്‍വെയില്‍ കിടന്നപ്പോഴും എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും അവന്‍ ഫോണില്‍ കുപിതരായ പക്ഷികളുടെ പ്രകടനം ആസ്വദിച്ചിരിക്കുകയായിരുന്നു. 

പൊതുവെ വീഡിയോ ഗയിംസില്‍ താല്‍പര്യം ഇല്ലാതിരുന്ന എന്നോട് Angry Birds നെ പറ്റിയും അതിന്‍റെ പ്രചാരത്തെ പറ്റിയും മകന്‍ പറഞ്ഞിരുന്നു. മാത്രമല്ല, പലരും അതില്‍ മുഴുകി ഇരിക്കുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും കാണുകയുമുണ്ടായി. തങ്ങളുടെ മുട്ടകള്‍ മോഷ്ടിച്ചു കൊണ്ടുപോയി ഒളിച്ചിരിക്കുന്ന പന്നികളെ ആക്രമിച്ച് നശിപ്പിക്കുന്ന കുപിതരായ പക്ഷികളുടെ വിജയ സാഹസങ്ങളായ "Angry Birds" എന്ന ഈ ഗയിമിനെപറ്റി കൂടുതലായി മനസ്സിലാക്കാന്‍ കഴിഞ്ഞ ചില വസ്തുതകള്‍ വിസ്മയിപ്പിക്കുന്നതാണ്. 

പ്രായ ഭേദമന്യേ പൊതുവേ എല്ലാവരുടേയും വിനോദമായി മാറിയ Angry Birds ന്‍റെ അടിമകളില്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറൂണ്‍ , മുന്‍ അമേരിക്കന്‍ വൈസ്‌ പ്രസിഡന്‍റ് ഡിക്ക്‌ ചെയ്നി, വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ദിനേന മുപ്പതു കോടി മിനുട്ടുകള്‍ Angry Birds കളിക്കുന്നുവെന്നതും ഇത് വരെയായി നാല്‍പത്‌ കോടി downloads നടന്നുവെന്നതും സ്ഥിതി വിവര കണക്കായി അറിയുന്നു. 

Iphone നു വേണ്ടി വിരല്‍ സ്പര്‍ശം മുഖേന പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ആദ്യം പുറത്തിറക്കിയ ഈ ഗയിം ജനപ്രിയം ആയപ്പോള്‍ മറ്റ് മോബൈലുകളിലും മൌസ് ഉപയോഗിച്ച് കമ്പ്യൂട്ടരിലും  പ്രവര്‍ത്തിക്കുന്ന വിധത്തിലും പിന്നീട് പുറത്തിറങ്ങി. ഈയിടെ ഗൂഗിള്‍ ക്രോമിലും കിട്ടുന്നുണ്ട്‌.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വിപണി കീഴടക്കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ , Nokia യുടെ ജന്മ നാടായ ഫിന്‍ലാന്‍ഡിലെ Rovio Mobiles എന്ന കമ്പനിയാണ് രൂപപ്പെടുത്തിയത്. നേരത്തെ തന്നെ അന്‍പതില്‍ പരം ഗയിംസിന്‍റെ ഉടമകളായ ഇവര്‍ 2009 ല്‍ നിലം പൊത്താറായപ്പോള്‍ ആണ് Angry Birds രൂപം കൊള്ളുന്നത്‌. ഇന്ന് രണ്ട് മില്യനോളം ഡോളര്‍ ആസ്തിയുള്ള കമ്പനിയാണ് റോവിയോ. ഒരു വര്‍ഷം മുമ്പ്‌ 20 ജോലിക്കാര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ 160 പേര്‍ ജോലിക്കായുണ്ട്.

കമ്പനിയുടെ പെട്ടന്നുള്ള കുതിച്ചു കയറ്റം, സിനിമ, നിക്ഷേപം, പുസ്തകപ്രകാശനം, അനിമേഷന്‍ എന്നീ മറ്റു മേഖലകളിലേക്ക്  അവരെ വ്യാപിപ്പിക്കുകയാണ്. മാത്രമല്ല, കളിപ്പാട്ടം, പാദരക്ഷകള്‍ , വസ്ത്രങ്ങള്‍ , ചോറ്റുപാത്രങ്ങള്‍ തുടങ്ങിവയുടെ നാമകരണത്തിനും അനുമതി കൊടുത്തു തുടങ്ങിയിട്ടുണ്ട്. "Iron Man" എന്ന സിനിമയുടെ നിര്‍മ്മാതാവായ ഡേവിഡ്‌ മേയിസലിനെ റോവിയോയുടെ സിനിമാ നിര്‍മ്മാണത്തിനായി ഏര്‍പ്പാട് ചെയ്തു കഴിഞ്ഞു.

വിദേശ കമ്പ്യൂടര്‍ വ്യവസായികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന ചൈനയില്‍ റോവിയോയുടെ ആദ്യത്തെ അന്താരാഷ്ട്ര കാര്യാലയം തുറന്നു ചരിത്രം കുറിച്ചിരിക്കുന്നു. ഹോങ്ങ്കൊങ്ങില്‍ Angry Birds ന്‍റെ പേരിലും രൂപത്തിലും കേക്കുകള്‍ നിര്‍മ്മിച്ച്‌ വില്പന നടത്തുന്ന ബേക്കറി പ്രവര്‍ത്തിക്കുന്നു. 


ഇനിയും ഒരു പക്ഷിയെ കൂടെ ഉള്‍പ്പെടുത്തി പുതിയ പതിപ്പ് അടുത്ത് തന്നെ ഇറങ്ങുമെന്ന് അറിയുന്നു. കളി മാറുമോ ? 

Tuesday, September 27, 2011

ദോശയുടെ വര്‍ണപ്പകര്‍പ്പ്

കൈവിരല്‍ കൊണ്ട് സ്ക്രീനില്‍ സ്പര്‍ശിച്ചും ഉരസിയും നിയന്ത്രിക്കുന്ന (touch screen technology) മായാവിലാസത്തോടെ പുറത്തിറങ്ങിയ Iphone ന്‍റെ പ്രവര്‍ത്തനം വിസ്മയത്തോടെ പ്രചരിച്ചു തുടങ്ങിയ സമയം, വലിയ വില കൊടുത്തു ഒരെണ്ണം കരസ്ഥമാക്കി വിലസുന്നതിനിടയില്‍ സ്നേഹിതന്‍ അവന്‍റെ കൈയിലിരിക്കുന്ന കൂടുതല്‍ പ്രവര്‍ത്തന സൌകര്യങ്ങളുള്ള Iphone എനിക്ക് കാണിച്ചു തന്നു. ഞാന്‍ നല്‍കിയ വിലയിലും എത്രയോ കുറവായിരുന്നു അവന്‍ അതിനുവേണ്ടി മുടക്കിയത്. (ഏകദേശം അഞ്ചിലൊന്ന് മാത്രം). പ്രത്യക്ഷത്തിലും പ്രവര്‍ത്തനത്തിലും ഒട്ടും വ്യത്യസ്ഥം അല്ലാതിരുന്ന അവന്‍റെ ഫോണ്‍ ഒരു ചൈനീസ് നിര്‍മിതമായിരുന്നു എന്ന് കുറച്ചു കഴിഞ്ഞു മനസ്സിലായിട്ടും ഞാന്‍ അതിനായി കൂടുതല്‍ ചെലവാക്കിയ കാര്യം ഓര്‍ത്തു അസ്വസ്ഥനായിരുന്നു.

അമേരിക്കയിലെയും യൂറോപ്പിലെയും മിക്ക പ്രശസ്ത കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കും ബദല്‍ എന്നോണം ഒറിജിനലിനെ വെല്ലുന്ന കാര്‍ബണ്‍ കോപ്പി പോലെ, ചൈനയില്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ വിപണിയില്‍ ധാരാളമാണ്. ഒരു സാധാരണക്കാരന്‌ കാഴ്ചയിലും ഉപയോഗത്തിലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള രൂപ സാമ്യതകളും പ്രവര്‍ത്തന ക്ഷമതയും ഇവയ്ക്കുണ്ട്. വാഹനങ്ങള്‍ , യന്ത്രസാമഗ്രികള്‍ , വാച്ചുകള്‍ , എലെക്ട്രോണിക് ഉപകരണങ്ങള്‍ , ഭക്ഷണങ്ങള്‍ എന്ന് വേണ്ട എല്ലാം ചൈനയില്‍ പകര്‍ത്തി നിര്‍മ്മിക്കുന്നു - ചിലപ്പോള്‍ ചില പരിഷ്കരണങ്ങള്‍ വരുത്തിയും കൂടുതല്‍ പ്രവര്‍ത്തന സൌകര്യങ്ങള്‍ നല്‍കിയും. ചൈനയില്‍ ചിലയിടങ്ങളില്‍ ആപ്പിള്‍ ( Iphone നിര്‍മാതാക്കള്‍ ) സ്റ്റോര്‍ തന്നെ പകര്‍പ്പ്‌ ആയി പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ ആശ്ചര്യം തോന്നേണ്ടതില്ല. ഏതു നൂതന സാമഗ്രിയും സസൂക്ഷ്മം വീക്ഷിക്കുകയും ആന്തര അവസ്ഥകള്‍ പരിശോധിക്കുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ അവ അങ്ങനെ തന്നെ പകര്‍ത്തിയും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും അതെ പേരിലും വ്യത്യസ്ഥത തോന്നിക്കാത്ത മറ്റു പേരിലും പുതിയ ഉല്‍പന്നങ്ങളാക്കി വിപണിയില്‍ ഇറക്കാനുള്ള ചൈനക്കാരുടെ കഴിവ് പ്രശംസ അര്‍ഹിക്കുന്നു. ഉല്‍പാദനചെലവും മറ്റു ചെലവുകളും വളരെ കുറവായതിനാല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും അവര്‍ക്ക് കഴിയുന്നു.

മാറ്റങ്ങള്‍ പലതും ഉണ്ടായെങ്കിലും, ഒരു മുതലാളിത്ത വാണിജ്യ വ്യവസ്ഥിതിയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് ഇന്നും ചൈന. കമ്മ്യൂണിസ്റ്റ് രീതിയില്‍ രാഷ്ട്രത്തിന്‍റെ ഉടമസ്ഥതയിലാണ് എല്ലാം, വ്യക്തികളുടെ ബുദ്ധി വൈഭവം പോലും. ചൈനയില്‍ പേറ്റന്റ് അവകാശം എന്നൊന്നില്ല. എങ്കിലും വാണിജ്യ താല്‍പര്യമാണ് എന്തിനും എവിടെയും മുന്‍തൂക്കം. കമ്മ്യൂണിസ്റ്റ് ശൈലിയിലുള്ള ഭരണത്തിലായതിനാല്‍ തങ്ങള്‍ മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് വളരെ പിന്നോക്കമാണെന്ന ഒരു തിരിച്ചറിവ് അവരില്‍ മുളപൊട്ടി. അങ്ങിനെയാണ് അറിവുണ്ടാക്കുവാനും തദ്വാരാ അഭിവൃദ്ധി പ്രാപിക്കുവാനുമുള്ള നിതാന്ത മോഹം അവര്‍ക്കുണ്ടായത്. അതിനായി അവര്‍ സ്വീകരിച്ച എളുപ്പ മാര്‍ഗമായിരിക്കാം പകര്‍പ്പ് വിദ്യ (copying). വിപണിയിലെ പരാജയങ്ങളല്ല അവര്‍ പകര്‍ത്തുന്നത്, മറിച്ച് ആപ്പിള്‍ പോലെയുള്ള വമ്പന്മാരെയാണ് എന്നതത്രെ രസാവഹം.

ചൈനക്കാരുടെ വാണിജ്യ സംസ്കാരം വ്യത്യസ്ഥമായി തോന്നിയേക്കാം. ഗവേഷണം നടത്തി കണ്ടുപിടിക്കുന്നതിനു പകരം മറ്റൊന്ന് പകര്‍ത്തുന്നതിലൂടെ അറിവ് സമ്പാദിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ അനുവദനീയവും ഏറെ അഭിലഷണീയവും ആകാം. തങ്ങളുടെ രാജ്യത്തിനകത്ത് വെച്ച് തന്നെ ചെലവ് കുറഞ്ഞ മാനവശേഷി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ മറ്റു വിപണികളില്‍ വലിയ വിലക്ക് വിറ്റഴിക്കുന്ന ആപ്പിള്‍ പോലെയുള്ള വന്‍കിട കമ്പനികള്‍ക്ക് നേരെയുള്ള പ്രതിഷേധ പോരാട്ടമായും ചൈനയുടെ ഈ പകര്‍പ്പ് സംസ്കാരത്തെ നോക്കി കാണാവുന്നതാണ്.

ചൈനയിലെ സാധാരണ ഉപഭോക്താക്കള്‍ പൊതുവേ ഇംഗ്ലിഷ് വിദ്യാഭ്യാസം കുറഞ്ഞവരും (ഇല്ലാത്തവരും) ബ്രാന്‍ഡ്‌ ചിന്താഗതി ഇല്ലാത്തവരും വില കുറഞ്ഞ ഉല്‍പന്നങ്ങളില്‍ സന്തോഷം കാണുന്നവരുമാണ്. ഇത്തരം പകര്‍പ്പ് ഉല്‍പന്നങ്ങളുടെ ഒറിജിനല്‍ നിര്‍മ്മാതാക്കളെ പറ്റി ബോധവാന്മാരായ വിദേശ വിപണികളില്‍ മാത്രമാണ് ബ്രാന്‍ഡുകള്‍ക്ക് പ്രസക്തി. പേരുകള്‍ പകര്‍ത്തുന്നത് അതിനാല്‍ അവര്‍ക്ക് വേണ്ടിയാണു. ചൈനയില്‍ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ നടത്തിയ ഒരു വിദേശ അദ്ധ്യാപകന്‍, ഇന്റര്‍നെറ്റില്‍ നിന്ന് ഉത്തരങ്ങള്‍ പകര്‍ത്തി ക്ലാസ്സില്‍ അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കില്ല എന്ന താക്കീതു നല്‍കിയതും വിദ്യാര്‍ഥികള്‍ അത് ഗൌനിക്കാതിരുന്നതും അനുഭവ കുറിപ്പായി എഴുതിയത് വായിച്ചതു ഓര്‍ക്കുന്നു. അവിടെ പണമുണ്ടാക്കാനുള്ള ഒരു എളുപ്പ വഴിയും കൂടിയാണ് ഇംഗ്ലീഷ്‌ അദ്ധ്യാപനം.

ചൈനയില്‍ പൊതുവേ കുറഞ്ഞ ജീവിതനിലവാരമാണ്. പണത്തിനു വലിയ സ്ഥാനവും. ചെറിയ മുതലിറക്കി വലിയ പണമുണ്ടാക്കുക എന്നതാണ് ചൈനീസ്‌ തത്വം. മാത്രമല്ല, മുതലിറക്കി ഏറെ കാലം കാത്തിരിക്കാനും അവര്‍ തയാറല്ല. ഒരേ ഉല്‍പന്നങ്ങള്‍ എല്ലാം തന്നെ അവയുടെ ഭാവത്തിലും ഉപയോഗത്തിലും ഒരു പോലെയായിരിക്കെ പുതിയവ വാര്‍ത്തെടുക്കുന്നതില്‍ എന്തര്‍ത്ഥം എന്ന ന്യായീകരണവും അവര്‍ക്ക് ഇല്ലാതെയല്ല.

U Tube ല്‍ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു ചൈനീസ്‌ വിഭവം ദോശപ്രിയരായ നമുക്ക് ഏറെ രുചിച്ചേക്കാം.




Monday, September 5, 2011

നിങ്ങള്‍ ബോറടിച്ചിരിക്കുകയാണോ ?







റെ നേരമായി കീബോഡില്‍ കുത്തിക്കൊണ്ടിരുന്ന എന്നെ നോക്കി ഇടക്കാല പരീക്ഷക്ക്‌ പഠിച്ചു കൊണ്ടിരുന്ന പത്താം ക്ലാസ്സുകാരി സഫല്‍ ചോദിച്ചു, "ഉപ്പാക്ക് ബോറടിക്കുന്നില്ലേ ? എനിക്ക് വായിച്ചു ബോറടിച്ചു"
"എന്നാല്‍ ഇനിയും വായിച്ചോളൂ" തമാശ രൂപത്തില്‍ ഞാന്‍ കാര്യം തന്നെയാണ് പറഞ്ഞത്.


നിര്‍ബന്ധിതമായി, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നിര്‍വഹിക്കുക, രസകരമല്ലാത്ത കലകള്‍ 'ആസ്വദി'ക്കുക, എന്തെങ്കിലും പ്രതീക്ഷിച്ചു അനന്തമായി കാത്തിരിക്കുക എന്നിവ നമുക്ക് ബോറടിയുണ്ടാക്കുന്നു. നമ്മുടെ നിത്യജീവിതം സുഖപ്രദം അല്ലാതായി തീരുന്നതിനു ഇതുമൊരു പ്രധാന കാരണമാണ്.

വരുമാനമാര്‍ഗം ആണെങ്കിലും മനസ്സിനിണങ്ങാത്ത ജോലി, രസകരമല്ലാത്ത സിനിമ, ബസ്സ്സ്റ്റോപ്പിലെ കാത്തുനില്‍പ്പ് തുടങ്ങി ദൈനം ദിനജീവിതത്തില്‍ ബോറടിയാവുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ട്. വായിച്ചു തുടങ്ങിയ പോസ്റ്റ്‌ അരോചകം എന്ന് തോന്നിയാലും നീണ്ടുപോകുന്ന വിവരണം ബോറടിയോടെ നാം മുഴുമിപ്പിക്കുന്നു.

മാനസികവും ശാരീരികവുമായ ക്ഷീണമാണ് പ്രത്യക്ഷത്തില്‍ ബോറടിയുടെ അനന്തര ഫലമായി പലപ്പോഴും നമുക്ക്‌ അനുഭവപ്പെടുന്നത്. ചിലപ്പോള്‍ സമയനഷ്ടവും. ആരും ഇഷ്ടപ്പെടാത്ത ഈ അസുഖകരമായ അസ്വസ്ഥതയില്‍ നിന്ന് രക്ഷപെടാന്‍ പറ്റുമോയെന്ന് നോക്കാം. 

ഒരു മാനസിക അവസ്ഥയായ ബോറടി അനുഭവപ്പെട്ടു തുടങ്ങിയാല്‍ അതില്‍ തന്നെ കേന്ദ്രീകരിച്ചു അതിനെ പറ്റി ചിന്തിക്കുന്തോറും അതിന്‍റെ തീക്ഷണതയും തല്‍ഫലമായ അസ്വസ്ഥതയും കൂടിക്കൂടി വരുന്നത്, ഒരു പക്ഷെ, നാം മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. ഒരു മറുചിന്തയോ അല്ലെങ്കില്‍ അതിനെ പറ്റി തീരെ ചിന്തിക്കാതിരിക്കുകയോ ആണ് ബോറടിയില്‍ നിന്ന് ഭാഗികമായി എങ്കിലും രക്ഷപ്പെടാനുള്ള ഏറ്റവും ഫലപ്രദവും എളുപ്പവുമായ മാര്‍ഗം. തദ്വാരാ പ്രസ്തുത കാര്യത്തോടുള്ള നമ്മുടെ കാഴ്ചപ്പാട്‌ മാറുന്നതോടൊപ്പം നമ്മുടെ അനുഭവവും മാറുന്നു; ബോറടി കുറയുകയും ചെയ്യുന്നു.

നമ്മില്‍ ചിലരെങ്കിലും യോഗ മാതിരി ഉപാസനയോ ധ്യാനമോ ചെയ്തിട്ടുണ്ടായിരിക്കാം. ഇത്തരം ഉപാസനയും ധ്യാനവും ഒരിക്കലും (അതിനോടുള്ള ആത്മാര്‍ത്ഥത കൊണ്ടായിരിക്കാം) ഒരു ബോറടിയായി തോന്നാറില്ല എന്ന് മനസ്സിലാക്കുന്നു. അതിനാല്‍ സാധാരണയായി ബോറടിയില്‍ അകപ്പെടുന്ന അവസരങ്ങളില്‍ , ചെയ്യുന്ന കാര്യം താല്‍ക്കാലികമായി ഒരു ഉപാസനയോ ധ്യാനമോ ആയി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും ! ബസ്സ്‌ കാത്തുനില്‍ക്കുന്ന ധ്യാനം, ബില്‍ അടക്കാന്‍ ക്യൂ നില്‍ക്കുന്ന ധ്യാനം, ബ്ലോഗ്‌ വായിക്കുന്ന ധ്യാനം............ എന്നല്ലേ?

വെള്ളത്തില്‍ ഇറങ്ങിപ്പോയി, ഇനി കുളിച്ചു കയറാം. ഇറങ്ങുന്നത് ബോറടിയായെങ്കിലും കുളിച്ചു കയറിയപ്പോള്‍ സുഖാനുഭവം തോന്നിയില്ലേ. ഒരു കാര്യം അഞ്ചു മിനുട്ട് ബോറടിപ്പിച്ചെങ്കില്‍ അത് പത്തു മിനുട്ടാക്കുക, വീണ്ടും ബോറടിയെങ്കില്‍ ഇരുപത് മിനുട്ടാക്കുക. ഇങ്ങനെ തുടര്‍ന്നാല്‍ പിന്നീടത് ബോറടിയേ അല്ലാതായി തീരും. അവിശ്വസനീയമായി തോന്നാമെങ്കിലും ഇതൊരു മാനസിക അവസ്ഥയാണ്‌.

ബോറടി അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നമ്മുടെ പ്രത്യക്ഷത്തിലുള്ള പരിസരം (കെട്ടിടങ്ങള്‍ , ചെടികള്‍ , ജനങ്ങളുടെ വസ്ത്രധാരണം, ചുവരെഴുത്തുകള്‍ അങ്ങനെ എന്തൊക്കെ....) വിശദമായും സൂക്ഷ്മമായും നിരീക്ഷിക്കാനും പഠിക്കാനും ശ്രമിച്ചു നോക്കൂ, പുതിയ അറിവുകള്‍ ബോറടിയില്‍ നിന്ന് നമ്മെ മോചിതരാക്കും.

ബോറടിയായ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ, നമുക്ക് സുഖപ്രദവും ആനന്ദകരവുമായ മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും. സംഗീതം ആസ്വദിക്കുക, മൊബൈലില്‍ ചിത്രങ്ങള്‍ ദര്‍ശിക്കുക, പുസ്തകങ്ങള്‍ വായിക്കുക തുടങ്ങി പലതും നമ്മില്‍ പലരും ചെയ്യാറുണ്ടല്ലോ.

.

നാം ചെയ്തു കൊണ്ടിരിക്കുന്ന കാര്യത്തെക്കാള്‍ കൂടുതല്‍ ബോറടിയുള്ള കാര്യമാണല്ലോ അപ്പുറത്തുള്ളവര്‍ ചെയ്യുന്നതെന്ന ധാരണയും കുറെയൊക്കെ നമ്മെ ആശ്വസിപ്പിക്കും. അത്തരത്തിലുള്ള ഒരു ചിന്താഗതി വളര്‍ത്താന്‍ എളുപ്പമാണ്. ജീവിതത്തിലെ എല്ലാ സുഖദുഃഖങ്ങളും താരതമ്യമാണെന്ന കാര്യം പറയേണ്ടതില്ലല്ലോ.

നമ്മള്‍ ഒരാളെ ബോറടിപ്പിക്കയാണെങ്കില്‍ അയാള്‍ നമുക്കും ബോറടിയാകുമെന്ന കാര്യവും കൂടി ഓര്‍ക്കുക.

*             *             *             *             *
നിങ്ങള്‍ ബോറടിയില്‍ നിന്ന് രക്ഷപെടാന്‍ എന്താണ് ചെയ്യുന്നത്? ഈ കുറിപ്പ്‌ നിങ്ങളെ ബോറടിപ്പിച്ചുവെങ്കില്‍ ദയവായി ക്ഷമിക്കുക. ആശ്വാസത്തിനായി ഒരാവര്‍ത്തി കൂടെ വായിക്കുക.

Sunday, August 28, 2011

പഞ്ചേന്ദ്രിയങ്ങളുടെ മൂര്‍ച്ച കൂട്ടാം



ബ്ലോഗര്‍മാര്‍ ഏറെ സമയം കമ്പ്യുട്ടെര്‍ മോണിട്ടറില്‍ കണ്ണും നട്ടിരിക്കുന്നവരാണല്ലോ. അതിനാല്‍ തന്നെ അവര്‍ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് കണ്ണുകള്‍ക്കുണ്ടാവുന്ന അസ്വസ്ഥതകളും വൈകല്യങ്ങളും. പലര്‍ക്കും അനുഭവപ്പെടുന്ന കണ്ണില്‍ വെള്ളം നിറയല്‍, കാഴ്ച മങ്ങല്‍ , അക്ഷരങ്ങള്‍ ഇരട്ടിയായി കാണല്‍ എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം വിഷമതകള്‍ നമ്മുടെ ദൃശ്യാനുഭൂതിയും ദര്‍ശനേന്ദ്രിയം (കണ്ണ്) മുഖേന മനസ്സിലേക്കുള്ള രേഖാനീക്ക (data input അല്ലെങ്കില്‍ ഗ്രഹണം, ഗ്രാഹ്യത) വും കുറയ്ക്കുന്നു. 


സാധാരണക്കാരനായ ഒരാളുടെ ഗ്രാഹ്യതയുടെ 90 ശതമാനവും കണ്ണ് വഴിയാണ്. അതിനാല്‍ പഞ്ചേന്ദ്രിയങ്ങളില്‍ കണ്ണിനാണ് ഒന്നാം സ്ഥാനം. ചില നിസ്സാരമെന്നു കരുതാവുന്ന വ്യായാമങ്ങളില്‍ കൂടെ, കണ്ണിനുണ്ടാകുന്ന പ്രസ്തുത വിഷമതകള്‍ കുറെയൊക്കെ പരിഹരിക്കാനും അതുവഴി നമ്മുടെ ഗ്രഹണം വര്‍ദ്ധിപ്പിക്കാനും കഴിയും.

നാം ഇരിക്കുന്ന ഇരിപ്പിടത്തില്‍ നിന്ന് 2-3 മീറ്റര്‍ അകലെ ചുമരില്‍ ഒരു പത്രക്കടലാസ് നിവര്‍ത്തി തൂക്കിയിടുക.  മോണിട്ടറില്‍ നോക്കുന്നതിനിടയില്‍ ഓരോ പതിനഞ്ച് മിനുട്ടിലും പത്രത്തിലെ ശീര്‍ഷകങ്ങള്‍ മാറി മാറി വായിക്കുക. ഈ പ്രക്രിയ ഇടക്കൊക്കെ കുറച്ചു സമയം ചെയ്യുകയാണെങ്കില്‍ കണ്ണിനു വ്യായാമം കിട്ടും. പത്രത്തിന് പകരം സമാനമായ മറ്റെന്തെങ്കിലും സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. 

ഋജുവായ കാഴ്ച ശക്തിയുണ്ടായാല്‍, കൂടുതല്‍ വേഗതയില്‍ കൂടുതല്‍ വസ്തുക്കള്‍ വേര്‍തിരിച്ചു ദര്‍ശിക്കാന്‍ കഴിയും. ഇതിനായി, തല ചലിപ്പിക്കാതെ കണ്ണിന്‍റെ ദൃഷ്ടികള്‍ മാത്രം ഇടത്തോട്ടും വലത്തോട്ടും കുറെ പ്രാവശ്യം ചലിപ്പിക്കുക. വീക്ഷണ കോണിന്‍റെ ഏറ്റവും അകലെ കിടക്കുന്ന വസ്തുക്കളില്‍ ഫോക്കസ്‌ ചെയ്തുകൊണ്ട് വേണം ഈ ചലനം. ഇത് മൂലം കണ്ണിന്‍റെ അതിര്‍ത്തി ഗോചരശക്തി (Peripheral Perception) ഭേദമാക്കാനും കഴിയുന്നു.

മുറിയിലിരിക്കുന്ന പത്ത്‌ വ്യത്യസ്ഥ വസ്തുക്കളില്‍ പത്ത് സെക്കന്റിനുള്ളില്‍ തല ചലിപ്പിച്ചുകൊണ്ട് മാറി മാറി ദൃഷ്ടി പതിപ്പിക്കാന്‍ ശ്രമിക്കുകയും ഓരോ വസ്തുവും ദര്‍ശിച്ച ക്രമത്തില്‍ അവയുടെ പേരുകള്‍ ഓര്‍ത്തെടുക്കുകയും ചെയ്യുക. ഈ വ്യായാമം കണ്ണുകളുടെ കേന്ദ്രീകരണ ശക്തി വര്‍ദ്ധിപ്പിക്കുന്നു. വ്യത്യസ്ഥ വസ്തുക്കളെ ഏറെ വേഗതയില്‍ തിരിച്ചറിയാനുള്ള ഒരു പരിശീലനം കൂടെ ആണിത്.

ചലിക്കുന്ന വസ്തുക്കളെയാണ് വീക്ഷിക്കുന്നതെങ്കില്‍ (ഉദാ: ഫുട്ബാള്‍) ദൃഷ്ടികളോടൊപ്പം  നമ്മുടെ തലയും ശരീരവും ഒന്നായി ചലിപ്പിച്ചു കൊണ്ട് വസ്തുവിനെ അനുഗമിക്കുകയാണ് വേണ്ടത്.

     *           *           *           *          *
നമ്മുടെ ശരീരത്തിലെ മറ്റു ഇന്ദ്രിയങ്ങളും ഇതേപോലെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൂര്‍ച്ച കൂട്ടാവുന്നതാണ്.

ഏറ്റവും വലിയ ഇന്ദ്രിയം ചര്‍മ്മമാണല്ലോ. സ്പര്‍ശനത്തില്‍ കൂടെയാണ്  input നടക്കുന്നത്. സ്പര്‍ശിക്കുന്ന വസ്തുവില്‍ തന്നെ മനസ്സ് കേന്ദ്രീകരിക്കുകയും ആ വസ്തുവിന്‍റെ രൂപം മനസ്സില്‍ ഫലിപ്പിക്കുകയും ചെയ്താല്‍ ഏറ്റവും കൂടുതല്‍ സംവേദനം (sensation) അനുഭവപ്പെടുകയും കൂടുതല്‍ ഗ്രഹണം നേടുകയും ആവാം. അതീവ ശൈത്യമുള്ള അന്തരീക്ഷത്തില്‍ കൈവിരലുകളിലെ ഞരമ്പഗ്രം (nerve endings) നാശമാവുകയും സംവേദനം കുറയുകയും ചെയ്യും. കാലാവസ്ഥയ്ക്ക് യോചിച്ച കയ്യുറ ഉപയോഗിച്ച് ഇത് പരിഹരിക്കാം. ഇടയ്ക്കിടെ മാത്രമുള്ള ശൈത്യ അന്തരീക്ഷം പോലും ചര്‍മ്മത്തിലെ രക്തനീക്കം പുറം പാളികളിലേക്ക് എത്താതെ സംവേദനക്ഷമത കുറയ്ക്കുന്നു. അതിനാല്‍ ശൈത്യ കാലത്ത്‌ എപ്പോഴും ശരീരം മുഴുവന്‍ മറക്കുക.

വെറും വ്യായാമം കൊണ്ട് കേള്‍വി ഭേദപ്പെടുത്താന്‍ കഴിയില്ലെങ്കിലും കേള്‍ക്കുന്ന ശൈലിയും സ്വരവും ഭേദമാക്കാം. നമുക്ക് താല്പര്യമുള്ള ശബ്ദം മാത്രം നിര്‍ത്തി മറ്റെല്ലാ ഗ്രഹണങ്ങളും (sensory inputs) ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഉദാഹരണമായി ടി. വി. യില്‍ സംഗീത പരിപാടികള്‍ കാണുമ്പോള്‍ കണ്ണടച്ച് ശ്രവിക്കുകയാണെങ്കില്‍ സംഗീതത്തിന്‍റെ അനുഭൂദി ഏറെ കൂടുതലാണ്. കാഴ്ച ശക്തി കുറയുമ്പോള്‍ വ്യക്തികള്‍ക്ക് മറ്റു ഇന്ദ്രിയങ്ങള്‍ (പ്രത്യേകിച്ച് ശ്രവണെന്ദ്രിയം) കൂടുതല്‍ ഊര്‍ജ്വസ്വലമാവുന്നത് കാണാം. കണ്ണുകള്‍ അടച്ചിരിക്കുമ്പോള്‍ ചെവികള്‍ , അത്യന്തം സ്വരപ്പെട്ട (fine tuned) അവസ്ഥയിലാണ്. Head set ഉപയോഗിച്ച് സംഗീതം ആസ്വദിക്കുമ്പോള്‍ തനിയെ കണ്ണടയുമല്ലോ.  ഒരു ഓര്‍ക്കസ്ട്രയിലെ  സംഗീത ഉപകരണങ്ങള്‍ വേര്‍തിരിച്ചു ആസ്വദിക്കാന്‍ ശ്രമിക്കുകയും അത് പരിശീലിക്കുകയും ചെയ്താല്‍ സാധാരണ ശബ്ദങ്ങള്‍ കൂടുതല്‍ നന്നായി ഉള്‍കൊള്ളാന്‍ കഴിയും.

നമ്മുടെ ഘ്രാണശക്തി ബഹുവിധമാണ്.  ഗന്ധവുമായി ബന്ധപ്പെട്ടാണ് രുചിയും. മൂക്കിലൂടെ ശക്തിയായി വായു വലിച്ചു കയറ്റുന്നത് കൊണ്ട് ഗന്ധം നന്നായി അനുഭവപ്പെടില്ല. മെല്ലെ മെല്ലെ നേരിയ തോതില്‍ ശ്വാസം മൂക്കിലേക്ക് വലിക്കുകയാണ് വേണ്ടത്. വായ തുറന്ന് പിടിക്കുമ്പോള്‍ കൂടുതല്‍ ഗന്ധം അനുഭവിക്കാം. ശ്വാസ തടസ്സമുള്ള മൂക്കടപ്പോ സങ്കോചമോ ഉണ്ടെങ്കില്‍ പരിഹരിക്കുക.

രുചിയറിയുന്നത് നാവ് കൊണ്ടാണ് എങ്കിലും നാസാരന്ധ്രങ്ങള്‍ കാര്യമായ പങ്കു വഹിക്കുന്നു. അത് കൊണ്ടാണ് മൂക്കടപ്പ് ഉള്ളപ്പോള്‍ രുചിക്കുറവു അനുഭവപ്പെടുന്നത്. അതിനാല്‍ മൂക്ക് തുറന്ന് വേണം രുചിക്കാന്‍. നാക്കിന്‍റെ പ്രതലം ശുചിയാക്കുക, പ്രത്യേകവും വിവിധങ്ങളുമായ ഭക്ഷണങ്ങളുടെ ഇടയില്‍ appetizer എന്തെങ്കിലും ഉപയോഗിക്കുക, നന്നായി ചവച്ചരച്ചു കഴിക്കുക മുതലായ ശീലങ്ങള്‍  രുചി വര്‍ധിപ്പിക്കും. നാക്കിന്‍റെ അടിയിലുള്ള ചില ഗ്രന്ഥികള്‍ രുചി തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കുറച്ചു നേരം നാവിനടിയില്‍ നിര്‍ത്തുകയും ആവാം. 


               *           *           *           *          *

ആറാം ഇന്ദ്രിയത്തിനും ഉണ്ടോ മൂര്‍ച്ച കൂട്ടാന്‍ ആയുധങ്ങള്‍ ! പരീക്ഷണം നടക്കുന്നുണ്ടായിരിക്കാം. ഇന്ദ്രിയങ്ങള്‍ നിശ്ചേതവും ശീഘ്രഗ്രഹണവും അല്ലെങ്കില്‍ നമ്മളും അങ്ങനെ ആകാനെ തരമുള്ളൂ, എത്ര ബുദ്ധിമാന്മാര്‍ ആയാലും.  

Sunday, July 31, 2011

"കമെന്റു വേണോ, കമെന്റു ? "



മലയാളം ബ്ലോഗര്‍മാരുടെ ഇടയില്‍ രഹസ്യമായും പരസ്യമായും ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്നത്തെ സംസാര വിഷയമാണ്‌ പോസ്റ്റുകള്‍ക്ക്‌ ലഭിക്കുന്ന കമന്‍റുകളുടെ എണ്ണം. ഇതിന്‍റെ പേരില്‍ സംഘട്ടനങ്ങളും ഉണ്ടായേക്കാം. പൊതുവേ ഒരു പോസ്റ്റ്‌ എഴുതുമ്പോള്‍ അനുഭവിക്കുന്ന അതെ നിര്‍വൃതി തന്നെയാണ് പോസ്റ്റിനു ലഭിക്കുന്ന കമെന്റുകള്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നത്. ബ്ലോഗ്‌ എഴുത്തുകാരന് സ്വയമൊരു വിലയിരുത്തല്‍ നടത്താനും കമെന്റുകള്‍ ഉപാധിയാവുമ്പോള്‍ അവയുടെ പ്രാധാന്യത ഏറെയാണ്. എങ്കിലും അനാരോഗ്യ പ്രവണത അംഗീകരിക്കാന്‍ പ്രയാസമുണ്ട്.



ചൂണ്ടമുനയില്‍ ഇര കോര്‍ത്ത്‌ പുഴയിലേക്ക്‌ വലിച്ചെറിഞ്ഞ ശേഷം ചൂണ്ട നൂലിന്‍റെ മറ്റെ അറ്റം കൈവിരലില്‍ ചുറ്റിപ്പിടിച്ച് അക്ഷമനായി കരയില്‍ ഇരിക്കുന്ന വിനോദ മീന്‍പിടുത്തക്കാരന്‍റെ ചിത്രമാണ്‌ കമന്റുകളെ പറ്റി ആലോചിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്. ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിച്ച നിമിഷം മുതല്‍ ബ്ലോഗ്‌ എഴുത്തുകാരനും ഇതേ മീന്‍പിടുത്തക്കാരന്‍റെ മാനസിക അവസ്ഥയിലാണ്. മല്‍സ്യം ഇരയില്‍ കൊത്തിയാല്‍ കരയിലിരിക്കുന്ന ആള്‍ക്ക് തനിയെ മനസ്സിലാകുമെങ്കിലും ഇടയ്ക്കിടെ നൂല്‍ വലിച്ചുനോക്കി സംശയം തീര്‍ക്കുന്നത് പോലെ, പോസ്റ്റ്‌ വായിച്ചു ആരെങ്കിലും കമെന്റിടുന്നത് email മുഖേന അറിയുമെങ്കിലും ഇടയ്ക്കിടെ സ്വന്തം പോസ്റ്റില്‍ കേറി കമെന്റുണ്ടോയെന്നു പരിശോധിക്കാന്‍ എഴുത്തുകാരന്‍ വ്യഗ്രത കാട്ടാറുണ്ട്. സാധാരണയായി വായനക്കാരുടെ 5% ത്തില്‍ താഴെയാണ് കമന്റുകള്‍ എഴുതുന്നവര്‍. ഈ സാഹചര്യത്തില്‍ പോസ്റ്റിനു ലഭിക്കുന്ന കമന്റുകളുടെ എണ്ണവും ഉള്ളടക്കമേന്മയും എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് നോക്കാം.

ഏറ്റവും പ്രഥമവും പ്രധാനവുമായത് നല്ല പോസ്റ്റ്‌ എഴുതുകയെന്നത് തന്നെയാണ്. ആശയങ്ങള്‍ പ്രകടിപ്പിക്കാനും ആര്‍ജ്ജിച്ച അറിവ് മറ്റുള്ളവരുമായി പങ്കിടാനും വിനോദസമയം എഴുത്തിലൂടെയും വായനയിലൂടെയും ആനന്ദകരമാക്കാനും നല്ല ബ്ലോഗ്‌പോസ്റ്റുകള്‍ ഉപകരിക്കപ്പെടുന്നു. ശരിയായ വിധത്തില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ ശക്തി അപാരമാണ്. ഒരാളുടെ ജീവിതത്തെയും ചിന്താഗതിയെയും മാറ്റി മറിക്കാനും അയാളുടെ സ്വപ്നങ്ങളെ സാക്ഷാല്‍കരിക്കാനും അതിന് കഴിയും. ഇത്തരം പോസ്റ്റുകള്‍ക്ക്‌ ലഭിക്കുന്ന കമെന്റുകള്‍, പ്രസ്തുത ലക്ഷ്യവും ശക്തിയും തികച്ചും അര്‍ത്ഥവത്താക്കുന്നതിന്‍റെ അടയാളം കൂടിയാണ്. മാത്രമല്ല, എഴുത്തുകാരനും കമന്റുകാരനും മറ്റു വിധത്തില്‍ ഏറെ ഉപയോഗപ്രദമാവുകയും ചെയ്യും.

കമന്റ് എഴുതാനായി വായനക്കാരനോട് നേരിട്ടോ പോസ്റ്റില്‍  പരോക്ഷമായോ അനുബന്ധ കുറിപ്പ് മുഖേനയോ എഴുത്തുകാരന് ആവശ്യപ്പെടാം. പോസ്റ്റിന്‍റെ അവസാനം അത് സൂചിപ്പിച്ചുകൊണ്ട് വാചകം ചിലപ്പോള്‍ കാണാറുണ്ട്.

പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന, വായനക്കാര്‍ക്ക്‌ പൊതുവെ താല്‍പര്യമുള്ളതും കാലികപ്രസക്തവുമായ വിഷയങ്ങളും സംഭവങ്ങളും മുഴുവനാക്കാതെ അല്പം വായനക്കാരന്‍റെ ഭാവനക്കും യുക്തിക്കും വിട്ടുകൊടുക്കുകയാണെങ്കില്‍ പ്രസ്തുത ഭാവനകള്‍ കമന്റുകളായി തിരിച്ച് ലഭിക്കും. വിഷയത്തെ കുറിച്ച് വായനക്കാരനും അറിവുണ്ടായിരിക്കും. ഒരു പക്ഷെ എഴുത്തുകാരന് അറിയാത്തവ വായനക്കാരന്‍റെ കമന്റായി വരാന്‍ സാധ്യതയുണ്ട്. പോസ്റ്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ ഉത്തരം വായനക്കാരുടെ കമന്റുകളായി വരും.

വിഷയം തെരഞ്ഞെടുക്കുന്നതിലും കാര്യമുണ്ട്. രാഷ്ട്രീയം, ജീവിതം, മരണം, ഭയം, പരാജയം, അപകടം, facebook പോലെയുള്ള സാമൂഹികവലയങ്ങള്‍, blogging, നര്‍മ്മം എന്നിവ ധാരാളം കമന്റുകള്‍ നേടിത്തരും. മറ്റുള്ളവരെ പഴിച്ചുകൊണ്ട് എഴുതുന്ന പോസ്റ്റുകളും അങ്ങനെ തന്നെ.   ആഘോഷങ്ങള്‍, കല്യാണം, മരണവാര്‍ത്ത മുതലായവ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ക്കും എഴുത്തുകാരന് വ്യക്തിപരമായി താല്‍പര്യമുള്ള വിഷയം അടങ്ങിയ പോസ്റ്റുകള്‍ക്കും കമന്റുകള്‍ ധാരാളമാണ്. ജനങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്ന വസ്തുതകള്‍, ജീവിതശൈലിയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍, സ്ഥിതിവിവര കണക്കുകള്‍ എന്നിവ വിവരിക്കുന്ന പോസ്റ്റുകള്‍ ഏറെ പ്രതികരിക്കപ്പെടും.

ചെറിയ പോസ്റ്റുകളാണ് അക്ഷമരും തിരക്കുള്ളവരുമായ വായനക്കാര്‍ ഇഷ്ടപ്പെടുന്നത്. നീണ്ട പോസ്റ്റുകള്‍ ഇടയ്ക്കു വെച്ച് വായന നിര്‍ത്തി വീണ്ടും വരാമെന്നു കരുതുന്നവരും കാണും. പിന്നെ അത് നടക്കണമെന്നില്ല; കമന്റും നഷ്ടം.

സത്യാവസ്ഥക്ക് എതിരായോ പൊതുവെയുള്ള അഭിപ്രായത്തെ നിരസിച്ചോ പോസ്റ്റില്‍ എന്തെങ്കിലും സൂചിപ്പിക്കുകയാണെങ്കില്‍ അതിനുള്ള വായനക്കാരുടെ പ്രതികരണം ഏറെ ആയിരിക്കും. വായനക്കാര്‍ എന്നും എഴുത്തുകാരനെ പ്രതികൂലിക്കാനായിരിക്കും ഇഷ്ടപ്പെടുക. കമന്റുകളില്‍ കൂടെ അത് പ്രകടമാവുകയും ചര്‍ച്ചയും കൂടുതല്‍ കമന്റുകളും അനുബന്ധമായി ഉടലെടുക്കുകയും ചെയ്യും.

ആരെയെങ്കിലും (ബ്ലോഗറെയും ആവാം) പോസ്റ്റില്‍ കൂടെ അഭിനന്ദിക്കുകയോ പ്രശംസിക്കുകയോ സൂചിപ്പിക്കുകയോ ചെയ്താല്‍ കമന്റെഴുതി പിന്താങ്ങാന്‍ വായനക്കാരില്‍ അധികം പേരുണ്ടാവും.

കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം പോസ്റ്റുകള്‍ ഇടുന്നവര്‍ ഇടക്കൊരു വിശ്രമത്തിനു ശേഷമിടുന്ന പോസ്റ്റിനു കമെന്റിന്‍റെ പ്രവാഹം കാണാം. ഉത്കൃഷ്ടങ്ങളായ കുറച്ച് പോസ്റ്റുകളിറക്കി നല്ലൊരു വായനാസമൂഹത്തിന്‍റെ കമെന്റുകള്‍ സമ്പാദിക്കാം.

പൊതുവേ അറിയപ്പെടുന്നത് പോലെ മറ്റുള്ളവരുടെ പോസ്റ്റിനു കമെന്റിടുകയാണ് കമെന്റു ലഭിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം. വിഷയത്തില്‍ കേന്ദ്രീകരിച്ചു വേണം കമെന്റുകള്‍. ഒരു പോസ്റ്റിനു വളരെ നീണ്ട കമെന്റു എഴുതുന്നതിനേക്കാള്‍ ഭേദം, ആധാരമായ പോസ്റ്റിനു വേണ്ടവിധത്തിലുള്ള സൂചന നല്‍കി പുതിയ ഒരു പോസ്റ്റ്‌ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. ഇത് വഴി രണ്ടു പോസ്റ്റുകള്‍ക്കും കൂടുതല്‍ കമെന്റുകള്‍ ലഭിക്കാനിടയുണ്ട്. ഇഷ്ടപ്പെടാത്ത വിധത്തിലോ പ്രകോപനപരമായോ ലഭിക്കുന്ന കമെന്റുകള്‍കളെ പരസ്യമായി തന്നെ പ്രതികരിക്കുകയും പ്രസിദ്ധീകരിക്കുകയും വേണം.   

കമെന്റുകള്‍ ഇടയ്ക്കിടെ (കഴിയുമെങ്കില്‍ ദിനേന) പരിശോധിച്ച് മറുപടി നല്‍കുകയും പോസ്റ്റില്‍ വേണമെങ്കില്‍ മാറ്റം വരുത്തുകയും ചെയ്യുകയാണെങ്കില്‍ വായനക്കാരന് എഴുത്തുകാരനെ പറ്റി മതിപ്പുണ്ടാവുന്നു. തുടര്‍ന്നുള്ള പോസ്റ്റുകള്‍ക്കും കമെന്റുകള്‍ ഉറപ്പിക്കാം. മാത്രമല്ല, വായനക്കാര്‍ക്കിടയില്‍ പോസ്റ്റ്‌ സജീവമായിരിക്കും. 

എഴുത്തുകാരന്‍ വിനീതനാവുകയും  കമെന്റുകള്‍ക്ക് സ്നേഹപൂര്‍വ്വം മറുപടി നല്‍കുകയുമാണെങ്കില്‍ കൂടുതല്‍ കമെന്റുകള്‍ പ്രതീക്ഷിക്കാം. വായനക്കാരന്‍ ഒരു  "ഉപഭോക്താവ്" ആണല്ലോ.  എഴുത്തുകാരന്‍റെ പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാണിക്കുന്ന കമെന്റുകള്‍ക്ക് സൗമ്യമായും കുറ്റസമ്മതത്തോടെയും പ്രതികരിക്കുകയാണെങ്കില്‍ തുടര്‍ന്നും കമെന്റിടാന്‍ വായനക്കാരന് ധൈര്യം കിട്ടുന്നതാണ്.

പോസ്റ്റില്‍ കമെന്റ്റ്‌ ഇടാനുള്ള പ്രക്രിയ ഏറ്റവും ലഘുവാക്കുക. അതിനുള്ള സ്ഥാനം പോസ്റ്റിന്‍റെ അവസാനമാകുന്നതാണ്  ഏറ്റവും നല്ലത്. ചില പോസ്റ്റില്‍ തുടക്കത്തില്‍ കാണാറുണ്ട്. പോസ്റ്റ്‌ വായിച്ചു കഴിഞ്ഞ് മുകളിലേക്ക് വരാന്‍ വായനക്കാരന്‍ തുനിയില്ല, വേറെ ലിങ്കിലേക്ക് കടന്നുകാണും. വായനക്കാരന്‍റെ കൂടുതല്‍ വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്നതും തിരിച്ചറിയല്‍ വാക്ക് വെക്കുന്നതും കമെന്റുകള്‍ കുറയാന്‍ കാരണമാകും. 

കമെന്റുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള വിലക്കുകളോ നിയന്ത്രണങ്ങളോ വെക്കുകയാണെങ്കില്‍ വായനക്കാര്‍ അതിന്‍റെ ഗൌരവം മനസ്സിലാക്കി കമെന്റുകള്‍ ഇടാന്‍ താല്‍പര്യമെടുക്കും. അനാവശ്യമായ കമെന്റുകള്‍ ഒഴിവായി കിട്ടുകയും ചെയ്യും.

കമെന്റിടുന്നവര്‍ എന്തെങ്കിലും പ്രതിഫലമോ പ്രത്യുപകാരമോ പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ നന്ദി സൂചകമായ ഒരു വാക്കായിരിക്കാം. അല്ലെങ്കില്‍ അവരുടെ പോസ്റ്റിലേക്കുള്ള ക്ഷണമായിരിക്കാം. അഭിലഷണീയം അല്ലെങ്കിലും കമെന്റുകള്‍ വാങ്ങാന്‍ കിട്ടുന്ന അവസ്ഥയും അതിനായി പ്രവര്‍ത്തിക്കുന്ന ചില "എജെന്‍സി"കളും വലയങ്ങളും ഉണ്ടെന്ന് തോന്നുന്നു. പകരം കമെന്റുകളും മറ്റു സേവനങ്ങളും സ്വീകാര്യം. ഇല്ലാത്ത വായനക്കാരുടെ പേരിലും കമെന്റുകള്‍ ലഭിക്കാം.

എന്തെങ്കിലും വ്യവസ്ഥകളോ കാലപരിധിയോ വെച്ച് കമെന്റ്റ്‌ പ്രക്രിയ നിര്‍ത്തുന്നതും കൂടുതല്‍ കമെന്റുകള്‍ സമ്പാദിക്കാനുള്ള ഉപാധിയാണ്. കടകളില്‍ നടത്തുന്ന ഏതാനും ദിവസങ്ങള്‍ മാത്രമുള്ള വിലക്കിഴിവ് ശ്രദ്ധിക്കാറില്ലേ ? 

കമെന്റുകള്‍ ഏറെ ലഭിക്കാനായി ഇനിയും ധാരാളം വഴികളും ആയുധങ്ങളും ഉണ്ടായിരിക്കാം. വായനക്കാര്‍ പങ്കിടുമെന്നു വിശ്വസിക്കുന്നു.  

Friday, July 15, 2011

മറുപടിയും ഒരനുഭവം

ബൂലോകത്ത് അനുഭവങ്ങളാണ് ഏറെ പ്രകാശിക്കുന്നത്. അനുഭവങ്ങളുടെ തലോടലുകളുള്ള കുറിപ്പുകളും കഥകളും സാഹിത്യപരമായി നല്ല സൃഷ്ടികളായിത്തീരാറുണ്ട്, പലപ്പോഴും. അനുഭവങ്ങള്‍ എന്നും യാഥാര്‍ത്ഥ്യങ്ങളാണ്. യാഥാര്‍ത്ഥ്യം ഒന്നേയുള്ളൂ. ഭാവന എത്രയുമാകാം, എങ്ങനെയുമാകാം- കാറ്റില്‍ പാറിക്കളിക്കുന്ന പട്ടം പോലെ. മാത്രമല്ല, യാഥാര്‍ത്ഥ്യം ഭാവനയെക്കാള്‍ വിചിത്രമാണ്. ജീവചരിത്രങ്ങളും ചരിത്രപരമായ സാഹിത്യ സൃഷ്ടികളും ഏറെ വയിക്കപ്പെടുന്നതിന്‍റെ ഒരു കാരണവും ഇത് തന്നെയാണ്. ഉല്‍കൃഷ്ടങ്ങളും ഏറെ ഹൃദ്യങ്ങളും ആയ "ആട്‌ജീവിത"വും (സ്വാനുഭവം അല്ലെങ്കിലും)  Anne Frank ന്‍റെ ഡയറിയും ചെറിയ ഉദാഹരണങ്ങള്‍ ആണ്.




ഇതിനു മുമ്പുള്ള എന്‍റെ പോസ്റ്റ്‌ ("പുസ്തകം മരിക്കുമോ ?") പ്രസിദ്ധീകരിച്ചപ്പോള്‍ അത് വായിക്കാന്‍ അപേക്ഷിച്ചുകൊണ്ട്, ഞാന്‍ കുറെ ബ്ലോഗര്‍ സ്നേഹിതര്‍ക്ക് (നേരില്‍ പരിചയമില്ലാത്തവര്‍ ആണ് കൂടുതലും) email സന്ദേശങ്ങള്‍ അയക്കുകയുണ്ടായി. ചിലര്‍ email ആയി തന്നെ മറുപടികള്‍ അയക്കുകയും ധാരാളം പേര്‍ പോസ്റ്റില്‍ വിശദമായും ആത്മാര്‍ത്ഥമായും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ബ്ലോഗ്‌ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ നിന്നും, അഭിപ്രായം രേഖപ്പെടുത്താതെ വായിച്ചു പോയവര്‍ അതിലും എത്രയോ കൂടുതലാണെന്ന് മനസ്സിലായി.


email മറുപടികള്‍ മിക്കതും നന്ദി രേഖപ്പെടുത്തി ആയിരുന്നുവെങ്കിലും കൂട്ടത്തില്‍ വ്യത്യസ്ഥമായ ഒരെണ്ണം എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. മറുപടി എഴുതിയ, നേരില്‍ പരിചയമില്ലാത്ത സ്നേഹിതന്‍റെ profile ഞാന്‍ ഒന്ന് കൂടെ പരിശോധിച്ചു, ബ്ലോഗര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. സംസ്കാരസമ്പന്നനെന്നു തോന്നിക്കുന്ന, സുന്ദരമായ മുഖമുള്ള ഫോട്ടോയും profile-ലുണ്ട്.   പരോക്ഷമായി കൂടുതല്‍ മനസ്സിലാക്കാനായി, അദ്ദേഹത്തിന്‍റെതായ രണ്ട് ബ്ലോഗുകളില്‍ ഞാന്‍ വീണ്ടും കയറി പോസ്റ്റുകള്‍ വായിച്ചു നോക്കി.


പോസ്റ്റുകള്‍ വായിക്കുക എന്നതാണ് എഴുതാന്‍ ശ്രമിക്കുന്ന ഏതൊരു ബ്ലോഗറും അത്യാവശ്യമായി ചെയ്യേണ്ട കാര്യമെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഏറെ വായിച്ചെങ്കിലെ കുറച്ചെങ്കിലും എഴുതാന്‍ പറ്റൂ. വായന വളരെ എളുപ്പവും ആണ്. പ്രശസ്ഥരായ ബ്ലോഗര്‍മാര്‍ പോലും ദിവസവും നീണ്ടൊരു സമയം ബ്ലോഗ്‌ വായനക്കായി നീക്കി വെക്കുന്നുണ്ട്. ബ്ലോഗുകളുടെ കൂട്ടത്തില്‍ ചപ്പും ചവറും കാണാതിരിക്കില്ല. കുറെ ചവറുകളുടെ ഇടയില്‍ പച്ചിലയും ഒളിഞ്ഞിരിപ്പുണ്ടാവും. ഏതു ചവറ് വായിച്ചാലും എന്തെങ്കിലും നമ്മുടെ മനസ്സില്‍ തങ്ങുമെന്നത് മറ്റൊരു വസ്തുതയാണ്. ഒന്നുമില്ലെങ്കില്‍ ബ്ലോഗ്‌ എഴുതിയ ആളിനെ പറ്റിയെങ്കിലും ഒരു സൂചന ലഭിക്കുമല്ലോ.


Profile-ല്‍ ഒതുങ്ങുന്ന വ്യക്തിത്വമല്ല നാം പലപ്പോഴും ബ്ലോഗറില്‍ കാണുന്നത്. ആത്മാര്‍ത്ഥമായി സ്വയം പരിചയപ്പെടുത്താന്‍ നമുക്ക് കഴിയില്ലല്ലൊ. നാം എപ്പോഴും മറ്റുള്ളവരുടെ മുമ്പിലും മുകളിലും നില്‍ക്കാനേ ആഗ്രഹിക്കുകയുള്ളൂ. മാത്രമല്ല എന്ത് ചെയ്യുന്നതും മറ്റുള്ളവരെ താരതമ്യപ്പെടുത്തിയായിരിക്കും. ഈ താരതമ്യപ്പെടുത്തല്‍ എല്ലാ കാര്യങ്ങളിലും ദൃശ്യമാണ്.


സംസാരിക്കുകയും മറ്റുവിധത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ സംഖ്യാവ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ പ്രചാരത്തിലുള്ള എല്ലാ ഭാഷകളും ഒരേ പ്രാധാന്യവും മഹത്വവും അര്‍ഹിക്കുന്നു. സ്വന്തം ഭാഷ കൂടാതെ മറ്റു ഭാഷകള്‍ സ്വായത്തമാക്കുന്നത് നമ്മുടെ സാമൂഹികജീവിതം എളുപ്പമാക്കാനും വിജ്ഞാന സമ്പാദനത്തിനും ഉതകുന്നു. ആവശ്യമില്ലാതിടത്തു അന്യഭാഷ തെറ്റായി പ്രയോഗിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. എല്ലാ ഭാഷകള്‍ക്കും പരിമിതിയുമുണ്ട്. ആശയ വിനിമയത്തിനായി നാം ഉപയോഗിക്കുന്ന ഭാഷയും അതിന്‍റെ ശൈലിയും വാക്കുകളും പ്രയോഗങ്ങളും എല്ലാം  നമ്മുടെ വ്യക്തിത്വത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നു. നാമറിയാതെ തന്നെ നമ്മെ നാം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇവ്വിധം. അതിനാല്‍ ഒരു മുന്‍കരുതല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ലതാണെന്ന് തോന്നുന്നു.


ഇനി, മറുപടി എഴുതിയ സ്നേഹിതന്‍ ആരെന്ന് അറിയേണ്ടേ? അല്ലെങ്കില്‍ വേണ്ട. ഞാന്‍ കാരണമായി അദ്ദേഹം ചുളുവില്‍ പ്രശസ്തനാകുന്നത് എനിക്ക് സഹിക്കില്ല. ഞാനും മജ്ജയും മാംസവുമുള്ള വ്യക്തിയാണല്ലോ. അതിനാല്‍ തന്നെ എന്‍റെ രക്തത്തിലും അലിഞ്ഞുചേര്‍ന്ന അസൂയയുണ്ട്. അസൂയ അത്യാവശ്യവും കൂടിയാണ്. ഈ അസൂയ തന്നെയാണ് നമ്മെ ഉയര്‍ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്. സമൂഹത്തിന്‍റെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിധത്തില്‍ ആയിരിക്കട്ടെ അതെന്ന് മാത്രം.


ആശയദാരിദ്ര്യം ഏറെ അനുഭവിക്കുന്ന എനിക്ക് ഈ പോസ്റ്റ്‌ എഴുതാന്‍ സാഹചര്യം ഒരുക്കിയതിന്, ഇപ്പോള്‍ എന്‍റെ സ്നേഹിതനോടു എനിക്ക് വളരെയധികം കടപ്പാട് തോന്നുന്നു. ഒരു കാര്യം മറന്നുപോയി, (അല്ല, മറന്നതാണ്, ഇത്രയൊക്കെ എഴുതാന്‍ വേണ്ടി) സ്നേഹിതന്‍റെ മറുപടി എന്തായിരുന്നുവെന്ന് പറഞ്ഞില്ലല്ലോ. ഇനി മറക്കുന്നില്ല. കേട്ടോളൂ, വള്ളിപുള്ളി മാറ്റാതെ, "get the fuck off..never ever mail me such nonsense".

Friday, June 24, 2011

പുസ്തകം മരിക്കുമോ ?



പേനയും കടലാസും ഉപയോഗത്തില്‍ വന്നതോടെ, എഴുത്തുകാര്‍ എന്തെങ്കിലും എഴുതാനായി തീരുമാനിച്ചു കഴിഞ്ഞാല്‍ ആദ്യം അവരത് കടലാസ്സില്‍ കുത്തിക്കുറിക്കുന്നു. പിന്നെ അത് ധാരാളം പ്രാവശ്യം വായിച്ചു മാറ്റതിരുത്തലുകള്‍ നടത്തുന്നു. ഇങ്ങനെ മാറ്റതിരുത്തലുകള്‍ നടത്തി ചിലപ്പോള്‍ മാറ്റി എഴുതി അന്തിമ കൈയെഴുത്തു പതിപ്പ് ഏതെങ്കിലും അച്ചടി സ്ഥാപനങ്ങളില്‍ ഏല്‍പിക്കുന്നു. അവിടെ അവര്‍ അത് അച്ചടിക്കാനായി അച്ചുകള്‍ നിരത്തുന്നു. പേജുകളായി പ്രാഥമിക അച്ചടിക്കുശേഷം അച്ചടിപ്പിശകും മറ്റ് വൈകല്യങ്ങളും തിരുത്തുന്നു. വീണ്ടും പേജുകളായി അച്ചടിച്ച്‌ പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നു. വില്‍പനക്കായി കടകളിലെത്തിക്കുന്നു. ഇപ്രകാരം കടകളിലെത്തിയ ശേഷം വായനക്കാരന്‍ വാങ്ങി വായിക്കുന്നു.  

ഒരു ഗ്രന്ഥകാരന്‍ എഴുതി തുടങ്ങുന്ന നിമിഷം മുതല്‍ വായനക്കാരന്‍ വായിക്കുന്നത് വരെയുള്ള പ്രക്രിയകള്‍ ഇങ്ങനെ ധാരാളമായിരുന്നു. ഈ പ്രക്രിയകളുടെ നീണ്ട പട്ടിക പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ സമയം ചില്ലറയായിരുന്നില്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു.

പുസ്തക പ്രസിദ്ധീകരണത്തിന്‍റെ മണ്ഡലത്തിലും കമ്പ്യൂട്ടര്‍ വന്നതോടെ സ്ഥിതിഗതികള്‍ വളരെയധികം മാറി. 1984 ല്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ DTP (Desk Top Publishing) യുടെ ഉല്‍ഭവം കുറിച്ചതോടെയാണ് ഈ മാറ്റം തുടങ്ങിയത്.

കൈയെഴുത്തു പതിപ്പ് അച്ചടിച്ച്‌ പുസ്തകമാക്കുന്ന ജോലിയിലായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, എഴുത്തുകാരന്‍റെ മനസ്സില്‍ എഴുതാനുള്ള ആശയം  ജനിച്ച നിമിഷം മുതല്‍ കമ്പ്യൂട്ടറിലാണ് കാര്യങ്ങളൊക്കെ നടത്തുന്നത്. എഴുതുന്നതിനു പകരം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയാണ് പുതിയ രീതി. ഇന്ന് ടൈപ്പ് ചെയ്യേണ്ട ആവശ്യവും ഇല്ലാതായിരിക്കുന്നു. കമ്പ്യൂട്ടറിന്‍റെ മുമ്പിലിരുന്ന് പറഞ്ഞാല്‍ മതി, കേട്ടെഴുത്ത് മാതിരി കമ്പ്യൂട്ടര്‍ ചെയ്തു കൊള്ളും. അവിടെ നിന്ന് തന്നെ നേരിട്ട് അച്ചടിയിലേക്ക് പോകുന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകം പുറത്തിറങ്ങുന്നു. 

തീര്‍ന്നില്ല, ഇന്ന് വായനക്കാരന്നു കടലാസ്സ്‌ താളുകളിലല്ലാതെ കമ്പ്യൂട്ടറില്‍ തന്നെ പുസ്തകം വായിക്കാനുള്ള സൗകര്യം ആയപ്പോള്‍ ഈ "കുറഞ്ഞ ദിവസങ്ങളും" ഇല്ലാതായി. അതായത്‌, എഴുത്തുകാരന്‍ എഴുതാന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ നിമിഷ ങ്ങള്‍ക്കകം വായനക്കാരന്നു പുസ്തകം വായിക്കാവുന്ന അവസ്ഥ ആണിപ്പോള്‍. അതിലും ഉപരിയായി കമ്പ്യൂട്ടര്‍ തന്നെ പുസ്തകം വായിച്ചു കേള്‍പ്പിക്കുന്ന സൌകര്യവുമുണ്ട്. 

കൈയിലോ കീശയിലോ കൊണ്ടുനടക്കാവുന്ന, പുസ്തകവായനക്ക് ഉപയോഗിക്കാവുന്ന മൊബൈല്‍ഫോണ്‍, Ipad, Kindle പോലെയുള്ള ഇ-ബുക്ക്‌ റീഡര്‍ (മുമ്പ്‌ ഒരു പോസ്റ്റില്‍ സൂചിപ്പിച്ച പോലെ ഒരെണ്ണം ഞാനും ഉപയോഗിക്കുന്നുണ്ട്. പത്രങ്ങളും ഇടക്ക് പുസ്തകങ്ങളും ഇതില്‍ വായിക്കുന്നതും വായന കേള്‍ക്കുന്നതും എന്‍റെയും ഒരു ശീലമായി വരുന്നു. മൂവായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഇത് കൈയില്‍ കൊണ്ടുനടക്കാവുന്ന ഒരു ലൈബ്രറി ആണെന്ന് പറയാം.) തുടങ്ങിയവ ഇന്ന് ധാരാളം പ്രചാരത്തിലുണ്ട്. 
Kindle Book Reader

കടലാസ്സ് താളുകളുള്ള പുസ്തകങ്ങള്‍ക്ക് പകരമായി, കമ്പ്യൂട്ടറും മറ്റ് ചെറിയ ഉപകരണങ്ങളും ഉപയോഗിച്ച് പുസ്തകം വായിക്കുന്നവരുടെ എണ്ണം വളരെ വേഗതയില്‍ കൂടുകയാണ്. ഈയിടെ അമേരിക്കയില്‍ നിന്ന് വന്ന ചില വാര്‍ത്തകള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. പുസ്തക വ്യാപാരത്തിലെ വമ്പന്‍മാരായ Borders അമേരിക്കയിലും പുറത്തുമായി ഇരുനൂറോളം കടകള്‍ പൂട്ടിക്കഴിഞ്ഞു. മറ്റൊരു വാര്‍ത്ത, അവിടെ തന്നെ Ipad കള്‍ സ്റ്റോക്കെത്തിയാല്‍ നിമിഷങ്ങള്‍ക്കകം വിറ്റുതീരുന്നു. പലപ്പോഴും അന്വേഷിച്ചു എത്തുന്നവര്‍ക്ക് കിട്ടാത്ത അവസ്ഥയാണിപ്പോള്‍. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂരിഭാഗം ജനങ്ങളും കൈയിലേന്തി നടക്കാവുന്ന ഉപകരണങ്ങളില്‍ ആയിരിക്കും വായനയെന്നാണ് പ്രവചനമത്രേ.

പ്രകൃത്യാ, നാം കൂടുതല്‍  എളുപ്പവും സൗകര്യപ്രദവുമായ കാര്യങ്ങള്‍ തേടുന്നവരാണ്. പുസ്തകത്തിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. പണ്ട്, മേശപ്പുറത്ത് കുപ്പിയില്‍ നിറച്ചുവെച്ച മഷിയില്‍ പേന മുക്കിയായിരുന്നു എഴുതിയത്. ഫൌണ്ടന്‍ പേന വന്നപ്പോള്‍ നാമതിലേക്ക് തിരിഞ്ഞു, Ballpoint പേന വന്നപ്പോള്‍ അതായി എഴുത്തിന്. പിന്നെ എഴുത്തില്‍നിന്നു ടൈപിംഗിലെക്കും വന്നു. ഇപ്പോള്‍ അതും വിട്ട് പറഞ്ഞുകൊടുക്കലായി.

ഇഷ്ടമല്ലെങ്കിലും കാലത്തിന്‍റെ ഈ മാറ്റം അംഗീകരിക്കാതെയും അനുസരിക്കാതെയും ഇരിക്കാന്‍ നമുക്ക് വയ്യ. എഴുത്ത്, പുസ്തകം, അച്ചടി തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ പുനര്‍ നിര്‍വചിക്കേണ്ട സമയം ആയിരിക്കുന്നു.


(കടലാസ്സ്)പുസ്തക വായനയും അതിലുള്ള താല്‍പര്യവും കുറഞ്ഞു കുറഞ്ഞു പുസ്തകം തന്നെ തീരെയില്ലാതായിത്തീരുമോ ? ഈ ഭയം  നമ്മെ അലട്ടുന്നില്ലേ ? കാരണം, സൗകര്യവും വേഗതയും  എത്ര തന്നെ കൂടിയാലും കടലാസ്സ് താളുകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് അതില്‍നിന്ന് കിട്ടുന്ന ഗ്രാഹ്യതയും ആസ്വാദനവും വേറെ ഒന്നിലും കിട്ടില്ല. അതിനാല്‍ തന്നെ പുസ്തകപ്രേമികളും പുസ്തകവും എന്നും നിലനില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാന്‍ വകയുണ്ടോ ? 

ഈ കുറിപ്പ്‌ ഒരു തുറന്ന ചര്‍ച്ചയാക്കാന്‍ വായനക്കാരനെ സദയം ക്ഷണിക്കുന്നു.    

Monday, June 20, 2011

"ആലി നാപുരത്ത് പോയ പോലെ........"



ഇതൊരു പഴം പുരാണം ആണെന്ന് പറയാം. പ്രാദേശികമായി, ഞങ്ങളുടെ നാട്ടില്‍ പഴമക്കാര്‍ പറഞ്ഞുകൊണ്ടിരുന്ന ഒരു നാടന്‍ ശൈലി ("ആലി നാപുരത്ത് പോയ പോലെ")ക്ക് അടിസ്ഥാനമായ സംഭവം. (സംഭവമാണോ എന്ന് സംശയം ഇല്ലാതെയല്ല, എങ്കിലും സംഭവ്യമാണ്). വായനക്കാരില്‍, ഇത് കേട്ടവരും മനസ്സി ലാക്കിയവരും ധാരാളമുണ്ടായിരിക്കും. അല്ലാത്തവരെ ഉദ്ദേശിച്ചാണ് ഇപ്പോള്‍ ഇതിവിടെ കുറിക്കുന്നത്. പ്രത്യേകിച്ച്, യുവ സഹൃദയര്‍ക്കായി.

                              *                       *                        *                        

നാട്ടിലെ സമ്പന്നനും പൌരപ്രധാനിയും ആദരണീയനുമായ ഹാജിയാര്‍ മാളികയുടെ വരാന്തയില്‍, കാലുകള്‍ കേറ്റിവെക്കാവുന്ന വലിയ ചാരുകസേരയില്‍ കിടക്കുക(ഇരിക്കുക)യാണ്. അടുത്തുള്ള ചെറിയ മേശയില്‍ കുറെ പഴയ ആധാരകെട്ടുകള്‍ പരക്കെ കിടക്കുന്നു. അതില്‍ നിന്ന് ഓരോന്നെടുത്ത് വായിക്കാന്‍ ശ്രമിച്ചും പരിശോധിച്ചും ചിലതൊക്കെ മാറ്റിവെക്കുകയാണ്. കുറച്ചു മുമ്പ് കഴിച്ച രാത്രി ഭക്ഷണത്തിന്‍റെ ഏമ്പക്കത്തോടെ വായില്‍ ചവച്ചുകൊണ്ടിരിക്കുന്ന മുറുക്കിന്‍റെ ചുവന്ന നീര്, ഇടക്കിടെ കസേരക്കടുത്തായി നിലത്ത് വെച്ചിരിക്കുന്ന വലിയ പിത്തള കോളാമ്പിയില്‍ തുപ്പി കൊണ്ടിരുന്നു.

പെട്ടന്ന് എന്തോ ഓര്‍ത്തപോലെ, വായിലിരിക്കുന്ന മുറുക്കിന്‍റെ ചവച്ചരഞ്ഞ ചണ്ടി കയ്യിലെടുത്ത് കോളാമ്പിയിലിട്ട്  നന്നായി ഒന്ന് കാര്‍ക്കിച്ച് തുപ്പിയതിന് ശേഷം ഹാജിയാര്‍ നീട്ടിവിളിച്ചു, "ആലീ..."

വിളി പൂര്‍ണമാകുന്നതിനു മുമ്പ് തന്നെ വിശാലമായ മുറ്റത്തിന്‍റെ ഒരു ഭാഗത്ത്‌ ആലി പ്രത്യക്ഷനായി. ഹാജിയാരുടെ ഏറ്റവും വിശ്വസ്ഥനും തികഞ്ഞ അനുസരണയുള്ളവനും എല്ലാറ്റിനുമുപരി ഒരു ശുദ്ധപാവവുമായ കാര്യസ്ഥനാണ് ആലി. ഹാജിയാര്‍ മുഖത്ത് നോക്കിയപ്പോള്‍, ആലി വരാന്തയുടെ തിണ്ണയില്‍ കൂടെ നടന്ന് ഹാജിയാരുടെ അടുത്തായി മരത്തില്‍ കടഞ്ഞ വണ്ണമുള്ള തൂണ്‍ പിടിച്ചു നിന്നു.

"ഇഞ്ഞി രാബില നാപുരത്ത് പോണം." ഒരു മൂളലോടെ ഹാജിയാര്‍ പറഞ്ഞു നിര്‍ത്തിയതോടെ ആലി തിരിഞ്ഞു നടന്നു, മുറ്റത്ത്‌ കൂടെ മാളികയുടെ പിറകിലേക്ക്‌ പോയി.

പിന്നെയും കുറെ നേരം ഹാജിയാര്‍ ആധാരക്കെട്ടുകള്‍ പരിശോധിക്കുകയും ചിലത്മാറ്റി വെക്കുകയും ചെയ്തു. വൈകിയാണ് എല്ലാം ശരിപ്പെടുത്തി  കെട്ടുകള്‍ കൈയിലെടുത്ത് ഉറങ്ങാന്‍ പോയത്‌.

പിറ്റേ ദിവസം പതിവ്‌ പോലെ സുബ്ഹി(പ്രഭാതനമസ്കാരം)ക്ക് ശേഷം നന്നായി ഒന്നുറങ്ങി എണീറ്റ ഹാജിയാര്‍ പ്രഭാത ഭക്ഷണം കഴിഞ്ഞ് പുറത്ത്‌ കസേരയില്‍ കിടപ്പാ(ഇരിപ്പ്‌)യി. ചെറിയ ആധാരകെട്ട് മേശപുറത്ത്‌ വെച്ചിട്ടുണ്ടു; തലേ ദിവസം പരിശോധിച്ച് മാറ്റി വെച്ചവയാണ്.

"ആലീ" മുറ്റത്തേക്ക് നോക്കി ഹാജിയാര്‍ അതേ വിളി വിളിച്ചതും ആലി പ്രത്യക്ഷപ്പെട്ടതും തൂണിനടുത്ത് വന്നു നിന്നതും എല്ലാം തലേ ദിവസത്തെ ആവര്‍ത്തനങ്ങള്‍ ആയിരുന്നു. മേശപ്പുറത്തിരിക്കുന്ന കെട്ടിലേക്ക് ഒന്ന് നോക്കി ഹാജിയാര്‍ ചോദിച്ചു.
"ഇഞ്ഞി നാപുരത്ത് പോന്നില്ലേ?"

"ഞാമ്പോയി ബന്നതാ" വളരെ കൃതജ്ഞതാപൂര്‍വവും സംതൃപ്തവുമായ ആലിയുടെ മറുപടി കേട്ട് ഹാജിയാര്‍ ഒന്ന് പകച്ചു. ആലിയുടെ ആത്മാര്‍ത്ഥതയും ഉത്തമമായ അനുസരണവും കണ്ടിട്ടായിരിക്കുമോ ? 

                    *                *               *              *

അടിക്കുറിപ്പ്: നാപുരം - ഞങ്ങള്‍, എല്ലാം ലോപിച്ചു പറയാന്‍ ഇഷ്ട പ്പെട്ടിരുന്നതിനാല്‍ ഇത് നാദാപുരം തന്നെ ആയിരിക്കുമെന്നാണ് എന്‍റെ ധാരണ. അന്നും സാമാന്യം വലിയ അങ്ങാടിയും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉണ്ടായിരുന്ന അവിടേക്ക് ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ഏഴോളം കിലോമീറ്റര്‍ കാണും.


Sunday, June 12, 2011

"......പുകവലി നിര്‍ത്തി....."



പല തവണ തടി കുറക്കാന്‍ ശ്രമിച്ചിട്ടും കുറയാത്തവരും (അല്ലെങ്കില്‍ കുറച്ചിട്ട് വീണ്ടും തടിച്ചവരും ) പല തവണ നിര്‍ത്താന്‍ ശ്രമിച്ചിട്ടും പുകവലിക്കുന്നവരും (അല്ലെങ്കില്‍ നിര്‍ത്തിയിട്ട് വീണ്ടും പുകവലി തുടങ്ങിയവരും ) നമ്മുടെയിടയില്‍ ധാരാളമുണ്ട്. അത്‌പോലെ  ഒറ്റതവണ ശ്രമം കൊണ്ട് തന്നെ എന്നേക്കുമായി തടി കുറച്ചവരെയും പുകവലി നിര്‍ത്തിയവരെയും നമുക്ക്‌ കാണാം. ഉദ്ദേശം സാധിക്കാത്തവര്‍ക്ക്  ധാരാളം ഒഴിവ് കഴിവുകള്‍  പറയാനുണ്ടാകും. ചിലപ്പോള്‍, "തീരെ കഴിയില്ല" എന്ന് തന്നെയാവും അവരുടെ പക്ഷം. ഒരുതവണയുള്ള ശ്രമം മൂലമോ പലതവണയായുള്ള ശ്രമം മൂലമോ ഉദ്ദേശം സാധിച്ചവരോടു ഇത്തരക്കാര്‍ വളരെ ആശ്ചര്യപൂര്‍വം "ഇതെങ്ങനെ സാധിച്ചു ?" എന്ന്  ചോദിക്കാനും മടിക്കില്ല. അവരുടെ നിഗമനത്തില്‍ എന്തോ മഹാല്‍ഭുതം സംഭവിച്ച 
മാതിരിയാണ്‌.


(ചിത്രങ്ങള്‍ സാന്ദര്‍ഭികമായി ശ്രദ്ധിക്കാന്‍ വേണ്ടി മാത്രം) 







തടി കുറയ്ക്കലും പുകവലി നിര്‍ത്തലും ഉദാഹരണങ്ങള്‍ മാത്രമാണ്. മറ്റ് ധാരാളം ജീവിതചര്യകളും ശീലങ്ങളും ഇവ്വിധം കാണാവുന്നതാണ്. ഉദാഹരണങ്ങളായ പുകവലി നിര്‍ത്തലും തടി കുറയ്ക്കലും (ചില പ്രത്യേക രോഗാവസ്ഥ മാറ്റി നിര്‍ത്തിയാല്‍) അസാദ്ധ്യ കാര്യങ്ങളല്ല. മറ്റ് ശീലങ്ങളും ജീവിതചര്യകളും ഇതേപോലെ തന്നെ. 


സാമാന്യം ഇച്ഛാശക്തി(will power)യും ആത്മസംയമന(self discipline)വും ഉള്ള ഏതൊരാള്‍ക്കും എളുപ്പം സാധിക്കാവുന്നതാണ് പ്രസ്തുത കാര്യങ്ങള്‍. മാസ്മരശക്തിയോ മറ്റ് ജാലവിദ്യകളോ ഇതിന് ആവശ്യമില്ല. 


പുറമെ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍, അസൌകര്യങ്ങള്‍, താല്‍കാലിക പ്രായോഗിക വിഷമങ്ങള്‍, സ്വയം കല്‍പിക്കുന്ന സമയമില്ലായ്മ  എന്നിവ കണക്കിലെടുക്കാതെയും  മടിയെയും വിഘടപ്രലോഭനങ്ങളെയും അതിജീവിച്ചു കൊണ്ടും തീരുമാനങ്ങള്‍ എടുക്കല്‍, അതനുസരിച്ച് പ്രവര്‍ത്തിക്കല്‍, ഉദ്ദിഷ്ട കാര്യങ്ങള്‍ യഥാസമയം കൈകാര്യം ചെയ്യല്‍, അവ സമയബന്ധിതമായി ചെയ്തു തീര്‍ക്കല്‍ മുതലായ പ്രവൃത്തികള്‍ക്ക് വേണ്ട ആന്തരിക പ്രചോദനമാണ്‌ ഇച്ഛാശക്തി. 


താല്‍ക്കാലികവും ക്ഷണികവുമായ ആനന്ദങ്ങളും ആസ്വാദനങ്ങളും, അനന്തവും യഥാര്‍ത്ഥവുമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പരിത്യജിക്കുകയെന്നതാണ്  ആത്മനിയന്ത്രണം അല്ലെങ്കില്‍ ആത്മസംയമനം. അസ്വതന്ത്രവും വളരെയധികം പരിമിതവുമായ ഒരു ജീവിതരീതിയല്ല ആത്മനിയന്ത്രണം കൊണ്ടുദ്ദേശിക്കുന്നത്. ഋജുമനസ്കത എന്നോ അപരിഷ്‌കൃതമെന്നോ നാമകരണം ചെയ്ത്  വേര്‍തിരിക്കാവുന്ന അവസ്ഥയുമല്ല.


ഇച്ഛാശക്തിയും ആത്മസംയമനവും ഏതൊരു വ്യക്തിക്കും അനിവാര്യം ഉണ്ടായിരിക്കേണ്ട പ്രായോഗിക ഗുണങ്ങളാണ്. പ്രധാനമായും ഉത്തമ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ ഇവ അത്യാവശ്യമാണ്. പ്രത്യേകിച്ച്, ജോലി, കച്ചവടം മുതലായവ സംബന്ധിച്ചുള്ള കാര്യങ്ങളില്‍, ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതില്‍ (തടി കുറയ്ക്കല്‍ ഉദാഹരണം), സാമൂഹിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍. കൂടാതെ, കൂടപ്പിറപ്പായ മടി, വിഘടിതസ്വഭാവങ്ങള്‍ എന്നിവ തരണം ചെയ്യാനും ഇവ  സഹായകമാവുന്നു.  


ഇച്ഛാശക്തിയും ആത്മസംയമനവുമുള്ളവര്‍ സമൂഹത്തില്‍ വളരെയധികം പ്രശംസിക്കപ്പെടുന്നു. തങ്ങളുടെ  ജീവിതം മെച്ചപ്പെടുത്താനും  ധാരാളം പുതിയ പ്രായോഗിക പരിജ്ഞാനങ്ങള്‍ സ്വായത്തമാക്കാനും ജീവിതത്തിലെ വിഷമഘട്ടങ്ങളെ തരണം ചെയ്യാനും വേണ്ടാത്ത ശീലങ്ങള്‍ മാറ്റിയെടുക്കാനും ശാരീരികവിഷമതകള്‍ അകറ്റാനും അവര്‍ക്ക്‌ എളുപ്പം കഴിയുന്നു.


ഇച്ഛാശക്തിയും ആത്മസംയമനവും ആരുടെയും കുത്തക സ്വഭാവമല്ല. ഏതൊരാള്‍ക്കും അല്പം ശ്രദ്ധയും അനുകൂലമായ മനസ്ഥിതിയും ഉണ്ടെങ്കില്‍ ആര്‍ജിക്കാവുന്ന  സ്വഭാവം മാത്രമാണ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചെറുതും വലുതും അപ്രധാനവും അനാവശ്യവും ആയ ആഗ്രഹങ്ങള്‍, പ്രലോഭനങ്ങളെ മറികടന്നു കൊണ്ട് പരിത്യജിക്കലാണ്  (അല്ലെങ്കില്‍  സമയത്തേക്കെങ്കിലും  മാറ്റിവെക്കലാണ് ) ഇച്ഛാശക്തിയും ആത്മസംയമനവും കൈവരിക്കാനുള്ള ഏറ്റവും എളുപ്പവും അടിസ്ഥാനപരവുമായ മാര്‍ഗം. നമ്മുടെ ആന്തരിക ശക്തിയെ വേണ്ട വിധത്തില്‍ പോഷിപ്പിക്കുകയാണ് ഇത്‌മൂലം സാധ്യമാവുന്നത്. മറ്റ് കലകള്‍ പോലെ തന്നെ ഇതിനും പരിശീലനം ആവശ്യമാണ്. നിരന്തരമായ ഇത്തരം പരിശീലനം കൊണ്ട്  നമ്മുടെ അഭിവാഞ്ഛകളെ നമുക്ക്‌ നിയന്ത്രിക്കാന്‍ കഴിയുന്നു. 


ചില ദിനചര്യകളില്‍  ദോഷകരമല്ലാത്ത വിധത്തില്‍ മാറ്റം വരുത്തിയും  ചില ആവശ്യമുള്ള കാര്യങ്ങള്‍ താല്‍കാലികമായി ഉപേക്ഷിച്ചും പകരം മറ്റെന്തെങ്കിലും കൂട്ടിച്ചേര്‍ത്തും പരീക്ഷണാടിസ്ഥാനത്തില്‍ പരിശീലിച്ചു ഈ മഹല്‍സ്വഭാവം സ്വായത്തമാക്കാവുന്നതാണ്. 

Saturday, June 4, 2011

ബസ്സ്‌ വൈകി.............




സ്കൂളില്‍  പഠിക്കുന്ന കാലത്ത്‌, ക്ളാസ്സില്‍  രാവിലെ വൈകിയെത്തുന്ന സഹപാഠികളെ അദ്ധ്യാപകന്‍ ‍ വാതിലിന്ന്‌ പുറത്ത്‌ നിര്‍ത്തുമായിരുന്നു.  പ്രധാന   അദ്ധ്യാപകന്‍ രാവിലെയുള്ള റോന്തിനിടയില്‍, വാതിലിന്ന്‌ പുറത്ത്‌ കാണുന്ന വിദ്യാര്‍‍ഥികളെ ഓഫീസ്സിലേക്ക്‌ വിളിച്ചുകൊണ്ടുപോയി ചൂരല്‍ ‍ വടി കൊണ്ട്‌ കൈവെള്ളയില്‍ ‍ ഒന്ന്‌ രണ്ട്‌ ആഞ്ഞടിച്ചതിനു ശേഷം ക്ളാസ്സിലേക്ക്‌ പറഞ്ഞയക്കും. വൈകിവന്നവര്‍ ‍ അങ്ങനേയാണ്‌ ചുവന്ന കൈവെള്ളയും നിറഞ്ഞ കണ്ണുകളുമായി ക്ളാസ്സില്‍  കയറുന്നത്‌. 


പ്രധാന അദ്ധ്യാപകന്‍റെ മുറിയില്‍ ‍ പുസ്തക അലമാരയുടെ മറവിലായി ഒരു മൂലയില്‍ ‍ ചാരിവെച്ചിരിക്കുന്ന ചൂരല്‍ ‍ വടി  കണ്ട്‌ ഞാന്‍ ‍ പലപ്പോഴും വിറങ്ങലിച്ചിട്ടുണ്ട്‌. അത്‌ കൊണ്ടാവാം അന്നൊക്കെ രാവിലെ എഴുന്നേറ്റാല്‍ ‍ ബെല്ലടിക്കുന്നതിന്ന്‌ മുമ്പായി സ്കൂളിലെത്താനുള്ള അങ്കലാപ്പിലായിരുന്നു. രാവിലെ കൊണ്ട്പോകാനുള്ള പുസ്തകങ്ങളും മറ്റ്‌ സാമഗ്രികളും പ്ളാസ്റ്റിക്‌ സഞ്ചിയിലാക്കി (അമേരിക്കയുടെ CARE ഉല്‍പന്നമായ സൌജന്യ പാല്‍പൊടി വന്നിരുന്ന സഞ്ചിയായിരുന്നു മിക്കപ്പോഴും.) രാത്രി തന്നെ മാറ്റിവെക്കുകയായിരുന്നു പതിവ്‌.


നേരത്തെ പറഞ്ഞുറപ്പിച്ച സമയത്ത്‌ എത്താതിരിക്കുന്നവരെ കാത്തിരിക്കുമ്പോഴും പ്രസിദ്ധപ്പെടുത്തിയ സമയ ക്രമങ്ങളനുസരിച്ച്‌ നടത്താതിരിക്കുന്ന പരിപാടികളില്‍  സംബന്ധിക്കുമ്പോഴും ചൂരല്‍വടി ഇന്നും മനസ്സില്‍  തെളിഞ്ഞുവരാറുണ്ട്‌. ഇത്തരം വേളകളില്‍ ‍ അസ്വസ്ഥത മാത്രമല്ല സമയനഷ്ടവും അനിശ്ചിതത്വവും അനുഭവപ്പെടുന്നു. പലപ്പോഴും മറ്റ്‌ പരിപാടികളേയും അത്‌ പ്രതികൂലമായി ബാധിക്കുന്നു.


ഇന്ന് സമൂഹത്തില്‍  പൊതുവെ നമ്മുടെയിടയില്‍  പ്രത്യേകിച്ച്‌, സമയം പാലിക്കുകയെന്നത്‌ കണക്കില്‍  എഴുതിതള്ളിയ ഒരു കിട്ടാകുറ്റി മാതിരി ആയിട്ടുണ്ട്‌. പാശ്ചാത്യരും അമേരിക്കക്കാരും കുറെയൊക്കെ സമയനിഷ്ഠയുള്ളവരാണെന്ന് അവരുമായുള്ള ചുരുങ്ങിയ ബന്ധങ്ങള്‍ മുഖേന മനസ്സിലാക്കാന്‍ ‍ കഴിഞ്ഞിട്ടുണ്ട്‌. ഏഷ്യക്കാരായ നമുക്ക്‌ ഇതൊരു വലിയ കാര്യമായി തോന്നാതിരിക്കുന്നത്‌ എന്തുകൊണ്ടെന്നറിയുന്നില്ല. നാം അറിയാതെ നമുക്കുണ്ടാകുന്ന ദേശീയ ധനനഷ്ടത്തിനും സമയനഷ്ടത്തിനും ഇതും ഒരു കാരണമാണ്‌.


സമയനിഷ്ഠ പാലിക്കുകയെന്നത്‌ വളരെയധികം ശ്രേഷ്ഠതയുള്ളതും ആദരിക്കപ്പെടുന്നതുമായ ഒരു സ്വഭാവഗുണമാണ്‌. ഒരു സമുന്നത സമൂഹത്തിന്‍റെ  അംഗമാവുകയെന്നതും കൂടിയാണ്‌ സമയനിഷ്ഠ പാലിക്കുന്നതിലൂടെ കൈവരുന്നത്‌.


ഏത്‌ കാര്യവും ഏറ്റവും ശരിയും സുഗമവുമായ വിധത്തില്‍  കൈകാര്യം ചെയ്യുന്നവരുടെ ഒരു പ്രധാന ലക്ഷണമാണ്‌ സമയനിഷ്ഠ പാലിക്കല്‍ . വ്യക്തിത്വവികസന പാഠങ്ങളില്‍  ഒരു മുഖ്യ വിഷയവും ഇത്‌ തന്നെയാണ്‌. ഒരു മിഥ്യാബോധം നിലനില്‍ക്കുന്നത്‌ പോലെ വൈകിയെത്തുന്ന ആള്‍ ‍ സമൂഹത്തില്‍ ‍ പ്രത്യേക വ്യക്തിയോ പ്രമുഖനോ ആവുകയില്ല. സമയം പാലിക്കാത്ത വ്യക്തിയെ ഒരു കാര്യത്തിനും പൂര്‍ണ്ണമായി  ആശ്രയിക്കാന്‍  പറ്റില്ല. അയാള്‍ ‍ മറ്റുള്ളവരുടെ സമയത്തെ വിലമതിക്കുന്നില്ലെന്ന് മാത്രമല്ല, താന്‍  കാരണം   അവര്‍ക്കുണ്ടാകുന്ന  സമയനഷ്ടത്തെ പറ്റി ബോധവാനാകുന്നുമില്ല. മറ്റുള്ളവരെ മാനിക്കുകയും കണക്കിലെടുക്കുകയും ചെയ്യാത്ത ഇത്തരക്കാര്‍ ‍ ചിലപ്പോള്‍ ‍ സ്വയം പരുഷപ്രകൃതരുമായിരിക്കും. 


സമയം പാലിക്കാത്തതിനും എവിടെയും വൈകുന്നതിനും എന്തുമാത്രം കാരണങ്ങള്‍  ഉണ്ടെങ്കിലും (അത്യാസന്നവും ഏറെ അപ്രതീക്ഷിതവും ആയവ നമുക്ക്‌ മാറ്റി നിര്‍ത്താം. ) എത്രമാത്രം ക്ഷമാപണങ്ങള്‍ ‍ നടത്തിയാലും ഈ കാരണങ്ങളാല്‍  ഒന്നും തന്നെ സമയനിഷ്ഠ പാലിക്കാത്തവര്‍ മാപ്പര്‍ഹിക്കുന്നില്ല.  മാത്രമല്ല, ഏതു കാരണങ്ങളും മറ്റുള്ളവരുടെ ബുദ്ധി വൈഭവത്തെ നിന്ദിക്കുകയാണ്‌ ചെയ്യുന്നത്‌. കളവും, കള്ളസത്യവാദങ്ങള്‍ ‍ അതിലുപരിയായി വേറെയും ഇവര്‍ക്ക്  കൂട്ടുപിടിക്കേണ്ടി വരുന്നു.


ഗതാഗത സൌകര്യങ്ങള്‍‍, വൈകിയോടുന്ന വാഹനങ്ങള്‍,  വീട്ടുകാര്യങ്ങള്‍‍, ആരോഗ്യപ്രശ്നങ്ങള്‍ ‍ തുടങ്ങിയ നൂറുകണക്കിന്ന്‍ കാരണങ്ങള്‍ -‍ ഒന്നും പുതിയവയല്ല. എത്തേണ്ടിടത്ത്‌ സമയനിഷ്ഠ പാലിക്കാതെയും വൈകിയും എത്തുന്നവര്‍ ‍ സ്വയം സമ്മര്‍ദ്ദത്തിനും  മാനസിക അസ്വസ്ഥതകള്‍ക്കും അടിമപ്പെടുകയാണ്‌. മാത്രമല്ല, എത്രയായാലും അവര്‍ക്ക് ‌ മറ്റുള്ളവരുടെ മുമ്പിലുണ്ടാകുന്ന ജാള്യതയും  കുറ്റബോധവും മറച്ചുവെക്കാനാവില്ല.


സമയനിഷ്ഠ പാലിക്കുന്നതിലൂടെ നാം മറ്റുള്ളവരുടെ സമയം ലാഭിക്കുകയും അതോടൊപ്പം അവരെ മാനിക്കുകയും ചെയ്യുകയാണ്‌. വാഗ്ദത്ത നിര്‍വഹണത്തിന്ന് സമമായിരിക്കുന്ന ഈ സ്വഭാവഗുണത്താല്‍   നമുക്ക്‌ മറ്റുള്ളവരുടെ പ്രീതിയും വിശ്വാസവും നേടിയെടുക്കാന്‍ ‍ കഴിയുന്നു. സമയനിഷ്ഠരായ നമ്മെ ആശ്രയിക്കാന്‍ മറ്റുള്ളവര്‍ക്ക് ‌ മനസ്സുണ്ടാവുകയും നമ്മോട്‌ ആധികാരികത തോന്നുകയും ചെയ്യുന്നു.  കൂടാതെ,  നമ്മുടെ വാക്കുകള്‍ക്ക് ‌ അധിക ഗൌരവം നേടിയെടുക്കാനും അത്തരത്തിലുള്ള ഒരു പ്രശസ്തി ഉണ്ടാവാനും സമയനിഷ്ഠ നമ്മെ സഹായിക്കുന്നു. ഏതു കാര്യവും അതാതിന്‍റെ സമയത്ത്‌ തന്നെ ചെയ്തു     തീര്‍ക്കുന്നത് ‌ മൂലം അവസാനനിമിഷത്തിലെ ഓടിപ്പാച്ചില്‍ ‍ ഇല്ലാതാക്കി മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും സ്വസ്ഥമാകാനും കഴിയുന്നു.


എന്തിനും ഒരു സാമാന്യ കാര്യനിര്‍വഹണ പദ്ധതി മനസ്സിലെങ്കിലും ഉണ്ടാക്കുകയും അതനുസരിച്ച്‌ സമയബന്ധിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍  സമയനിഷ്ഠ പാലിക്കാന്‍ ‍ എളുപ്പമായിരിക്കും. ഏതു കാര്യത്തിന്നും വേണ്ട പ്രാഥമിക ഒരുക്കങ്ങള്‍  നേരത്തെ തന്നെ ചെയ്യുക. ഉദാഹരണത്തിന്ന്, രാവിലെ ചെയ്യാനുള്ള കാര്യങ്ങള്‍(അല്ലെങ്കില്‍  യാത്ര)ക്ക്‌ വേണ്ട കഴിയുന്നത്ര തയാറെടുപ്പുകള്‍ ‍ രാത്രി തന്നെ ചെയ്യാവുന്നതാണ്‌. നിര്‍ദ്ദിഷ്ട  സമയത്തേക്കാള്‍ ‍ പത്തോ പതിനഞ്ചോ മിനുട്ട്‌ നേരത്തെ ചെയ്യാനായി അല്ലെങ്കില്‍  സ്ഥലത്തെത്താനായി പദ്ധതിയിടുക. ചെയ്യാനുള്ള ജോലിയെപ്പറ്റിയും എത്തേണ്ട സ്ഥലത്തെ പറ്റിയും വ്യക്തമായ ധാരണ ഇല്ലാത്ത അവസരങ്ങളില്‍  ഇത്‌ പ്രത്യേകം പരിഗണന  അര്‍ഹിക്കുന്നു. തിരക്ക്‌ പിടിച്ചുള്ള ഒരുക്കങ്ങളും കുത്തി നിറച്ച കാര്യപരിപാടികളും കഴിയുന്നത്ര ഒഴിവാക്കുക. ഇനിയും സമയമുണ്ടല്ലൊ, പിന്നീട്‌ ചെയ്യാം - എന്ന മനസ്ഥിതി പാടെ അകറ്റുക. (പിന്നീട്‌ വേറെ കാര്യങ്ങള്‍ ‍ ചെയ്യാനുണ്ടാകും എന്ന കാര്യം ഓര്‍ക്കുക. ) നിശ്ചിത സമയപരിധിക്കുള്ളില്‍ ‍ ചെയ്തു തീര്‍ക്കാവുന്ന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കണം പദ്ധതികള്‍ ‍ ആവിഷ്കരിക്കേണ്ടത്‌. നിശ്ചയിച്ച സമയങ്ങളിലുള്ള ഏറ്റക്കുറച്ചിലുകള്‍ ‍ ഒഴിവാക്കുകയും വേണം.


സമയനിഷ്ഠയെപറ്റി ചിന്തിക്കാത്തവരുടെ നേരെ ഈര്‍ഷ്യയും  മറ്റ്‌ അസ്വാസ്ഥ്യങ്ങളും കാണിക്കുന്നതില്‍  കാര്യമില്ല. ക്ഷമിക്കുകയാണ്‌ ഏറ്റവും അഭികാമ്യം. ക്ഷമാപരിശീലനത്തിനുള്ള ഒരു അവസരമായും കണക്കിലെടുക്കാം.  എളുപ്പം മാറ്റിയെടുക്കാവുന്ന ഒരു സ്വഭാവവിശേഷമല്ല, സമയനിഷ്ഠയില്ലായ്മ.


അവസാനമായി, സമയനിഷ്ഠ പാലിക്കുന്നവര്‍ക്ക്  എന്നും എവിടെയും ഒരു ബുദ്ധിമുട്ട്‌ അനുഭവിക്കാനുണ്ടെന്ന് എടുത്ത്‌ പറയേണ്ടിയിരിക്കുന്നു: അവര്‍  മറ്റുള്ളവരെ കാത്ത്‌ ഏറെ മുഷിയും. 

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text